കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; കുഞ്ഞാലിക്കുട്ടി എന്‍ഫോഴ്സ്മെന്റെ ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായി
കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ചുള്ള ആരോപണത്തില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നില്‍ ഹാജരായി. കള്ളപ്പണ ആരോപണങ്ങളിലെ തെളിവുകള്‍ മുന്‍ മന്ത്രി കെ.ടി.ജലീല്‍ ഇ.ഡിക്ക് കൈമാറിയതിനു പിന്നാലെയാണ് പി.കെ.കുഞ്ഞാലിക്കുട്ടി കൊച്ചിയില്‍ ഇ.ഡിക്കു മുന്നില്‍ എത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ മകനെയും മറ്റൊരു ദിവസം ഇ.ഡി വിളിപ്പിച്ചിട്ടുണ്ട്.
വിളിച്ചുവരുത്തിയത് സാക്ഷിമൊഴി എടുക്കാനാണെന്നും ആക്ഷേപത്തില്‍ വ്യക്തത വരുത്തുമെന്നും പി.കെ കുഞ്ഞാലികുട്ടി പ്രതികരിച്ചു. നോട്ട് നിരോധന കാലത്ത് ചന്ദ്രിക പത്രത്തിന്റെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വഴി പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച പണം ഉപയോഗിച്ച് പാണക്കാട് കുടുംബാംഗങ്ങളുടെ പേരില്‍ ഭൂമി ഇടപാട് നടത്തിയെന്നും പരാതിയുണ്ട്.
ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ പത്രത്തിന്റെ ഫിനാന്‍സ് മാനേജര്‍ സമീറിനെ എന്‍ഫോഴ്സ്മെന്റ് നേരത്തെ ചോദ്യം ചെയ്തിരുന്നു. മുന്‍മന്ത്രി കെ.ടി ജലീല്‍ നല്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ ഭൂമി ഇടപാടില്‍ ഉള്‍പ്പെട്ട ചിലരെയും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി ചന്ദ്രികയെയും മുസ്ലിം ലീഗിനെയും മറയാക്കുന്നെന്ന ആരോപണം ജലീല്‍ ആവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha