മീന്‍പിടിത്തം കഴിഞ്ഞ് മടങ്ങി വരെ വള്ളം തിരയില്‍പ്പെട്ട് അപകടം, മത്സ്യത്തൊഴിലാളി മരിച്ചു
ചാമക്കാല ബീച്ചില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. ചാമക്കാല രാജീവ് റോഡ് സ്വദേശി കൊച്ചിക്കാട്ട് കുമാരന്റെ മകന് പത്മനാഭന്(56) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചക്ക് പതിനൊന്നരയോടെയായിരുന്നു അപകടം. അഞ്ച് തൊഴിലാളികളുമായി രാവിലെ മത്സ്യ ബന്ധനത്തിനിറങ്ങിയ കോവില്‍ തെക്കേ വളപ്പില്‍ ശിവദാസന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണദീപം ഫൈബര്‍ വള്ളമാണ് അപകടത്തില്‍പ്പെട്ടത്.
മീന്‍പിടിത്തം കഴിഞ്ഞ് മടങ്ങി വരവെ കരയില്‍ നിന്ന് നൂറു മീറ്റര്‍ അകലെ വെച്ച് ശക്തമായ തിരമാലയില്‍പ്പെട്ട് മറിയുകയായിരുന്നു. ഉടന്‍ തന്നെ മറ്റു മത്സ്യതൊഴിലാളികള്‍ ചേര്‍ന്ന് അപകടത്തില്‍പ്പെട്ടവരെ കരക്കെത്തിച്ചു.
പരിക്കറ്റ പത്മനാഭനെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിയോടെ മരണപ്പെടുകയായിരുന്നു. പത്മനാഭനെ കൂടാതെ വേണു കൊച്ചിക്കാട്ട്, വിപിദാസ് കോവില്‍ തെക്കേ വളപ്പില്‍, ശിവദാസ് കോവില്‍ തെക്കേ വളപ്പില്‍, അഭിലാഷ് അറക്കപ്പറമ്പില്‍ എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്.
ഇവര്‍ പരിക്കേല്‍കാതെ രക്ഷപ്പെട്ടു. വള്ളത്തിലെ വലക്കും എഞ്ചിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഒരാഴ്ച്ച മുമ്പ് ഇവരുടെ തന്നെ മറ്റൊരു വള്ളം തിരമാലയിടിച്ച് തകര്‍ന്നിരുന്നു. കയ്പമംഗലം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha