നഷ്ടമായത് കടലിന്റെ പൊന്നോമനകളെ.... പ്രവാസിയായ അമ്മയുടെ വരവും കാത്ത് ഒന്നും അറിയാതെ തണുത്ത് മരവിച്ച് ഐസ് പെട്ടിയില്‍

വീടിന് സമീപം കടലിനോട് ചേര്‍ന്ന പൊഴിയില്‍ വീണ് സഹോദരങ്ങളായ കുട്ടികള്‍ മുങ്ങി മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15ാം വാര്‍ഡ് ഓമനപ്പുഴ നാലുതൈക്കല്‍ നെപ്പോളിയന്റെ മക്കളായ അഭിജിത് (11), അനഘ (10) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ ഓമനപ്പുഴ ഓടാപൊഴിയിലായിരുന്നു അപകടം.
അയല്‍വാസികളായ കുട്ടികളോടൊപ്പം കടപ്പുറത്ത് കളിക്കുന്നതിനിടെയാണ് ഇവര്‍ പൊഴിയില്‍ ഇറങ്ങിയത്. കുട്ടികള്‍ മുങ്ങുന്നത് കണ്ട് കൂടെയുണ്ടായിരുന്നവരുടെ നിലവിളി കേട്ട് സമീപത്തെ വീടുകളിലുണ്ടായിരുന്ന ബന്ധുക്കള്‍ ഓടിയെത്തി മുങ്ങിയെടുക്കുകയായിരുന്നു. ഉടന്‍ ചെട്ടികാട് ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൂങ്കാവ് എസ്.സി.എം.വി യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിജിത്. അനഘ നാലിലും പഠിക്കുന്നു. മൂത്ത സഹോദരന്‍ അജിത് എസ്.എസ്.എല്‍.സി കഴിഞ്ഞു. മാതാവ് ആന്‍ മരിയ (മേരി ഷൈന്‍). കുട്ടികളുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കലക്ടര്‍ എ. അലക്‌സാണ്ടര്‍ വീട് സന്ദര്‍ശിച്ചു.
ഇവരുടെ മാതാവ കുവൈത്തിലാണ്. കോവിഡ് മഹാമാരി വന്നശേഷം മക്കളെ നേരിട്ട് കണ്ടിട്ടില്ല. കുട്ടികളെ കാണാന്‍ പറ്റാത്ത സങ്കടം ബന്ധുക്കളോടും കുട്ടുകാരോടും ദിവസവും പങ്കുവെക്കാറുണ്ട് ഇവര്‍. പലതവണ നാട്ടിലെത്താന്‍ ശ്രമിച്ചിട്ടും അതിനായില്ല. ഇതിനിടെയാണ് പ്രിയപ്പെട്ട മക്കളുടെ ആകസ്മിക വേര്‍പാട്. എന്നും പലതവണ മക്കളുമായി വീഡിയോ കാള്‍ നടത്തിയിരുന്ന മാതാവിനെ എങ്ങനെ അറിയിക്കുമെന്ന ചിന്തയാണിപ്പോള്‍ കുവൈത്തിലെ സുഹൃത്തുക്കള്‍ക്ക്. ഷൈമോളെ നാട്ടിലേക്ക് വിടാന്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
കുട്ടികളുടെ മരണ വിവരം ഷൈമോളെ അറിയിച്ചിട്ടില്ല. എന്നും മക്കളുമായി കുസൃതിത്തരങ്ങള്‍ പങ്കിട്ട് ചക്കരയുമ്മ ഫോണിലൂടെ സമ്മാനിക്കുന്ന അമ്മക്ക് മുന്നില്‍ നിശ്ചലമായ രണ്ട് ശരീരങ്ങള്‍ ഷൈമോളുടെ വരവും കാത്ത് കിടക്കുകയാണ്.
ഭാര്യയോടെ എന്ത് പറയുമെന്ന ചിന്തയില്‍ മത്സ്യത്തൊഴിലാളിയായ നെപ്പോളിയന്‍ കരഞ്ഞു കലങ്ങിയ കണ്ണുമായി മോര്‍ച്ചറിയുടെ മുന്നില്‍ നില്‍ക്കുന്ന കാഴ്ച ആരുടെയും കരളലിയിപ്പിക്കും. ഇങ്ങനെയൊരു ദുരന്തം ഇതുവരെ തീരദേശത്ത് ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























