ടിപി കൊലക്കേസ് പ്രതി കൊടി സുനിയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് സ്പെഷല്‍ ബ്രാഞ്ചും ജയില്‍ വകുപ്പും

ടിപി കൊലക്കേസ് പ്രതിയും ഗുണ്ടാനേതാവ് കൊടി സുനിയെ ജയിലില്‍ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് സ്പെഷല്‍ ബ്രാഞ്ചും ജയില്‍ വകുപ്പും അന്വേഷണം ആരംഭിച്ചു. ഇത് സംബന്ധിച്ച് കൊടി സുനിയും സഹതടവുകാരനും ജയില്‍ സൂപ്രണ്ടിനും ഐജിക്കും നല്കിയ പരാതി പൂഴ്ത്തിയെന്ന വിവരം പുറത്തുവന്നതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ഉത്തരമേഖല ഐജി വിനോദ് കുമാര്‍ ജയിലിലെത്തി വിശദാംശങ്ങള്‍ ശേഖരിച്ചു.
അയ്യന്തോള്‍ ഫ്ലാറ്റ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് നേതാവ് റഷീദ്, തീവ്രവാദ കേസില്‍ പ്രതിയായ അനൂപ് എന്നിവരാണ് കൊടി സുനിയെ കൊല്ലാന്‍ ക്വട്ടേഷന്‍ എടുത്തത്. സ്വര്‍ണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം.
സൂപ്രണ്ടിന്റെ മുറിയില്‍ ചുമതലയിലുണ്ടായിരുന്ന റഷീദ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണില്‍ നിന്നും പല തവണ കോള്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കൊടി സുനിയും റഷീദും ജയിലിലിരുന്ന് നിരവധി ക്വട്ടേഷന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. കൊടി സുനി കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഇടപ്പെട്ടതിന്റെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ക്വട്ടേഷന്‍ പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന സംശയം ഉയര്‍ന്നത്.
https://www.facebook.com/Malayalivartha


























