ഞങ്ങളുടെ ജീവിതം സിനിമയാക്കണം! ആഗ്രഹവുമായി യുട്യൂബ് വ്ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍
തങ്ങളുടെ ജീവിതം സിനിമയാക്കണം എന്ന ആഗ്രഹം പങ്കുവച്ച് യുട്യൂബ് വ്ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സഹോദരങ്ങളില്‍ ഒരാളായ ലിബിനാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഇത്തരത്തിൽ ആഗ്രഹം പറഞ്ഞത്. താല്പര്യമുള്ളവര് ഇമെയിലൂടെ ബന്ധപ്പെടണം എന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ഇതിനുപിന്നാലെ വ്ളോഗര്‍ സഹോദരന്മാരുടെ പോസ്റ്റിനു നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ട്രോളുകളിലും പോസ്റ്റ് ഇടം പിടിക്കുന്നുമുണ്ട്. അടുത്തിടെ ഇവരുടെ വാഹനം അനധികൃതമായി രൂപ മാറ്റം വരുത്തിയതിന് മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തതും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയില്‍ ചര്‍ച്ച ആയിരുന്നു.
ഇവരുടെ നെപ്പോളിയന് എന്ന ടെമ്പോ ട്രാവലര്‍ വാഹനത്തിലാണ് അനധികൃതമായ രൂപമാറ്റം വരുത്തിയിരുന്നത്. ഇതിനുപിന്നാലെ വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ ആര്‍ടിഒ ഓഫീസില്‍ ബഹളമുണ്ടാക്കി.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്ത് കയ്യോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് സംഭവം വലിയ രീതിയിൽ ചര്‍ച്ചയായത്.
https://www.facebook.com/Malayalivartha