പിടികിട്ടാപുള്ളിയായ മോന്‍... നയാപൈസ എടുക്കാനില്ലെന്ന് പറഞ്ഞ മോന്‍സണ് പട്ടിണിയില്ലാതെ കഴിയാന്‍ മാസം 25 ലക്ഷം വേണം; 50,000 രൂപയാണ് കലൂര്‍ വൈലോപ്പിള്ളി നഗറിലെ വീടിന്റെ വാടക; 12 അംഗരക്ഷകര്‍ക്കും ആറ് മാസമായി ശമ്പളം നല്‍യിട്ടില്ല

ചോദ്യം ചെയ്തിട്ടും ചെയ്തിട്ടും പിടികിട്ടാ പുള്ളിയായി മാറുകയാണ് മോന്‍സണ്‍ മാവുങ്കല്‍. നയാ പൈസ കൈയ്യിലെടുക്കാനില്ലെന്ന് പറയുമ്പോഴും കലൂരിലെ ആഡംബര വീട്ടില്‍ കാശ് വാരിയെറിഞ്ഞ് ലാവിഷായി കഴിയുകയായിരുന്നു മോന്‍സണ്‍.
ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് മോന്‍സണ്‍ ജീവിതച്ചെലവുകളെക്കുറിച്ച് തുറന്നു പറഞ്ഞത്. പ്രതിമാസം 25 ലക്ഷം വേണമായിരുന്നു മോന്‍സണ് അല്ലലില്ലാതെ കഴിഞ്ഞുപോകാന്‍. വീട്ടുവാടക, തോക്കുധാരികളായ അംഗരക്ഷകര്‍, കറണ്ട് ബില്ല്, ഇന്ധനം, വീട്ടുജോലിക്കാരുടെ ശമ്പളം എന്നിങ്ങനെ നീളുന്നു ചെലവ്. എട്ട് മാസം മുമ്പു വരെ ഈ വിധമായിരുന്നു ജീവിതം.
50,000 രൂപയാണ് കലൂര്‍ വൈലോപ്പിള്ളി നഗറിലെ വീടിന്റെ വാടക. എട്ട് മാസമായി കുടിശ്ശികയാണ്. 12 അംഗരക്ഷകര്‍ക്കും ആറ് മാസമായി ശമ്പളം നല്‍യിട്ടില്ല. 2,500രൂപയായിരുന്നു ഒരാളുടെ ദിവസ വേതനം.
കടം വാങ്ങി മകളുടെ വിവാഹം നടത്താനായിരുന്നു പദ്ധതി. തൃശൂര്‍ സ്വദേശിയായ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയുമായി തട്ടിപ്പിന് കളമൊരുക്കുന്നതിനിടെയാണ് വിലങ്ങ് വീണത്. പുരാവസ്തുക്കളെക്കുറിച്ച് താന്‍ പറഞ്ഞതെല്ലാം നുണയായിരുന്നെന്ന് മോന്‍സണ്‍ സമ്മതിച്ചു. തനിക്ക് പാസ്‌പോര്‍ട്ടില്ല. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്ന് കള്ളംപറഞ്ഞതാണെന്നും അന്വേഷണസംഘത്തിന് മൊഴി നല്‍കി.
അതേസമയം മോന്‍സണ്‍ മാവുങ്കലിനെ മുന്‍ ഡി.ജി.പി ലോക് നാഥ് ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തിയത് താനാണെന്ന് വെളിപ്പെടുത്തിയ മാള സ്വദേശി അനിത പുല്ലയില്‍ അവസാനമായി അവരുടെ തൃശൂരിലെ വീട്ടിലെത്തിയത് രണ്ട് വര്‍ഷം മുമ്പെന്ന് ബന്ധുക്കള്‍. മാളയ്ക്കടുത്തുള്ള വട്ടക്കോട്ടയിലെ വീട്ടില്‍ ഇപ്പോള്‍ അനിതയുടെ അമ്മയുടെ ജ്യേഷ്ഠസഹോദരിയും ഭര്‍ത്താവുമാണ് താമസിക്കുന്നത്.
എല്ലാ മാസവും 20,000 രൂപ ഇവര്‍ക്ക് അയച്ചു കൊടുക്കുന്നുണ്ട്. 10,000 രൂപ ബാങ്കില്‍ നിന്ന് അനിത എടുത്ത വായ്പയിലേക്ക് തിരിച്ചടയ്ക്കും. ശേഷിക്കുന്ന തുക വീട്ടുചെലവിനുള്ളതാണ്.രണ്ട് വര്‍ഷം മുന്‍പ് അനിതയുടെ അച്ഛന്‍ പീറ്റര്‍ മരിച്ചപ്പോഴായിരുന്നു വീട്ടിലെത്തിയത്. ഒരു വര്‍ഷം മുന്‍പ് അമ്മ ബേബി മരിച്ചപ്പോള്‍ അനിത എത്തിയില്ല. അമ്മ മരിക്കുന്നതിന് ഒരു മാസം മുന്‍പാണ് വല്യമ്മ മേഴ്‌സിയും ഭര്‍ത്താവും ഇവിടെ താമസം തുടങ്ങിയത്. കിടപ്പിലായ ബേബിയെ പരിചരിക്കുന്നതിന് എത്തിയ ഇരുവരും പിന്നീട് തിരിച്ചു പോയിട്ടില്ല. എറണാകുളം ജില്ലയിലെ തിരുത്തിപ്പുറത്തുള്ള വീട്ടിലേക്ക് വല്ലപ്പോഴും മാത്രമേ ഇരുവരും പോകാറുള്ളൂ.
അനിതയുടെ അച്ഛന്‍ പീറ്റര്‍ ഇലക്ട്രീഷ്യനായിരുന്നു. 27 വര്‍ഷത്തോളം സ്‌പെയിനിലും സൗദിയിലും ജോലി ചെയ്തപ്പോഴാണ് 13 സെന്റ് സ്ഥലത്തുള്ള ഇപ്പോഴത്തെ വീട് നിര്‍മ്മിച്ചത്. ഏകദേശം 20 വര്‍ഷം മുന്‍പ് നഴ്‌സായി ഇറ്റലിയിലേക്ക് പോയ അനിത ഇറ്റാലിയന്‍ പൗരനായ ഫേബ്രിയെയാണ് വിവാഹം കഴിച്ചത്. അനിതയുടെ മൂന്ന് സഹോദരിമാരും ഇറ്റലിയിലാണ്.
അതേസമയം പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായി പൊലീസിലെ ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധം മാത്രം അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയ നടപടിയില്‍ ഐ.പി.എസ് അസോസിയേഷനില്‍ ഭിന്നത. ഭരണതലത്തില്‍ സ്വാധീനമുള്ള ആരോപണ വിധേയരായ ചിലരെ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കി മറ്റുള്ളവരെ സംശയത്തിന്റെ നിഴലില്‍ നിറുത്താന്‍ ശ്രമം നടക്കുന്നതായാണ് ആക്ഷേപം.
"
https://www.facebook.com/Malayalivartha






















