ബെല്ലടിക്കുമ്പോള്‍... നവംബര്‍ ഒന്ന് മുതല്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഒക്‌ടോബര്‍ 5ന്; യൂണിഫോമും ഹാജരും നിര്‍ബന്ധമല്ല; ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ഒന്നിടവിട്ട ദിവസങ്ങളിലും 1 മുതല്‍ 7 വരെയുള്ള ക്ലാസുകള്‍ ആഴ്ചയില്‍ 3 ദിവസവുമായിരിക്കും ഉണ്ടാവുക

സ്‌കൂളില്‍ പോകാതിരിക്കാനായി വയറുവേദന എടുത്തിരുന്ന എത്രയോ ദിനങ്ങള്‍ ഓരോരുത്തരുടെ ജീവിതത്തിലും ഉണ്ടായിരുന്നു. എന്നാല്‍ കൊറോണ വന്നതോടെ സ്‌കൂളിലേ പോകേണ്ട എന്ന അവസ്ഥയായി. ഇപ്പോള്‍ എങ്ങനേയും ഒന്ന് സ്‌കൂളിലെത്തിയാല്‍ മതിയെന്ന അവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍.
നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍ ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കില്ല. ആരോഗ്യ പ്രശ്‌നങ്ങളുള്ള കുട്ടികള്‍ സ്‌കൂളില്‍ എത്തേണ്ട. ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ഒന്നിടവിട്ട ദിവസങ്ങളിലും 1 മുതല്‍ 7 വരെയുള്ള ക്ലാസുകള്‍ ആഴ്ചയില്‍ 3 ദിവസവുമായിരിക്കും ഉണ്ടാവുക
അക്കാദമിക് കലണ്ടര്‍ പുനഃക്രമീകരിക്കും. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ 5നു പുറത്തിറക്കും. ക്ലാസില്‍ ഒരേസമയം 20 മുതല്‍ 30 വരെ കുട്ടികളെ മാത്രമേ അനുവദിക്കൂ. അവലോകന യോഗങ്ങളിലാണ് വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
അധ്യാപകരും രക്ഷിതാക്കളും സ്‌കൂള്‍ ജീവനക്കാരും 2 ഡോസ് വാക്‌സീന്‍ എടുത്തുവെന്ന് ഉറപ്പു വരുത്തണം. സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പു രക്ഷിതാക്കളുടെയും സ്റ്റാഫ് അംഗങ്ങളുടെയും പ്രാദേശിക ജനപ്രതിനിധികള്‍ എന്നിവരുടെയും യോഗം ചേരും.
ഈ മാസം 20 മുതല്‍ 30 വരെ സ്‌കൂളുകളില്‍ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം, അണുനശീകരണം, കാട് വെട്ടിത്തെളിക്കല്‍ തുടങ്ങിയവ നടപ്പാക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു രൂപീകരിക്കുന്ന ജനകീയ സമിതികളുടെ നേതൃത്വത്തിലാവും ശുചീകരണം.
ഒക്ടോബര്‍ 2: വിദ്യാര്‍ഥി സംഘടനകള്‍, തൊഴിലാളി സംഘടനകള്‍ എന്നിവരുടെ യോഗം ചേരും. 3ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ യോഗവും, 5ന് മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ എന്നിവരുടെ യോഗവും കലക്ടര്‍മാരുടെ യോഗവും ചേരും. അത് കഴിഞ്ഞാകും മാര്‍ഗരേഖ പുറത്തിറക്കല്‍.
പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, ഐടിഐകള്‍, പ്രീമട്രിക് പോസ്റ്റ് മട്രിക് ഹോസ്റ്റലുകള്‍ എന്നിവ നവംബര്‍ 1 മുതല്‍ പ്രവര്‍ത്തിക്കും. ഇതിനാവശ്യമായ നടപടിയെടുക്കാന്‍ വകുപ്പു ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
സ്‌കൂളുകളിലെ ശുചീകരണം ഒക്ടോബര്‍ 20ന് ആരംഭിക്കും. പത്തു ദിവസം കൊണ്ട് ശുചീകരണം പൂര്‍ത്തിയാക്കും. സ്‌കൂളുകള്‍ ശുചീകരിക്കുന്നതിനായി രാഷ്ട്രീയ, സന്നദ്ധ സംഘനകളുടെയും വിവിധ അസോസിയേഷനുകളുടെയും സഹായം അഭ്യര്‍ഥിക്കാനാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഇതിനായി സ്‌കൂളുകളില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും.
സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കുള്ള നിലവിലെ കണ്‍സഷന്‍ നിരക്കു തുടരുന്നതാണ്. ആവശ്യപ്പെടുന്ന സ്‌കൂളുകള്‍ക്കായി ബോണ്ട് സര്‍വീസ് നടത്തും. സ്‌കൂള്‍ വാഹനങ്ങളുടെ 2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്റ്റംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്നു സര്‍ക്കാരിനോടു ആവശ്യപ്പെടും. സ്‌കൂളുകളിലേക്കു സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം.
"
https://www.facebook.com/Malayalivartha






















