അര്‍ദ്ധരാത്രി അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷയില്‍ നിന്ന് ബന്ധുവായ സഹയാത്രികന്‍ ഉപേക്ഷിച്ചു പോയ അപസ്മാര രോഗിക്ക് ചികിത്സകിട്ടാതെ ദാരുണാന്ത്യം

അര്‍ദ്ധരാത്രി ഏറ്റുമാനൂരില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷയില്‍ നിന്ന് ബന്ധുവായ സഹയാത്രികന്‍ ഉപേക്ഷിച്ചു പോയ അപസ്മാര രോഗിക്ക് ചികിത്സകിട്ടാതെ ദാരുണാന്ത്യം.
എട്ടു മണിക്കൂര്‍ ചികിത്സ ലഭിക്കാതെ അതിരമ്പുഴ പുത്തന്‍പറമ്പില്‍ ആര്‍. ബിനുമോനാണ് (36) മരിച്ചത്. ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ ബിനുമോനെ ഉപേക്ഷിച്ച് പോയ ബന്ധു രാജേഷിനെ (നൗഫല്‍) പൊലീസ് കസ്റ്റഡിയിലെടുത്ത് മൊഴിയെടുത്ത ശേഷം വിട്ടയച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ബിനുവും രാജേഷും മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. പട്ടിത്താനത്തെ ബന്ധുവീട്ടില്‍ രാത്രി ഇരുവരും എത്തിയിരുന്നതായി ബന്ധുക്കളും മൊഴി നല്‍കി. ബിനുവാണ് വാഹനം ഓടിച്ചതെന്നും മഴയില്‍ വണ്ടി തെന്നി മറിഞ്ഞെന്നുമാണ് രാജേഷിന്റെ മൊഴി.
അമിതമായി മദ്യപിച്ചിരുന്നതിനാല്‍ പലതവണ ബിനു ദേഷ്യപ്പെടുകയുണ്ടായി ഇതേത്തുടര്‍ന്നാണ് ഉപേക്ഷിച്ച് പോയതെന്നും രാജേഷ് മൊഴി നല്‍കി.
പട്ടിത്താനം ഭാഗത്തേക്ക് പോയ ഓട്ടോ എം.സി റോഡിലെ ഫുട്പാത്തില്‍ തട്ടിയാണ് മറിഞ്ഞത്. ഓട്ടോയ്ക്കടിയില്‍പ്പെട്ട ബിനുവിനെ രാജേഷും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഓട്ടോ നേരെയാക്കി. ഇരുവരെയും സമീപത്തെ മൊബൈല്‍ കടയ്ക്ക് മുന്നില്‍ ഇരുത്തിയ ശേഷം നാട്ടുകാര്‍ പോയി. അതിനിടെ ബിനുവിനെ ഓട്ടോയില്‍ കയറ്റാന്‍ ശ്രമിക്കുന്നതും രാജേഷിനെ ചവിട്ടുന്നതുമെല്ലാം മൊബൈല്‍ ഷോപ്പിലെ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.
തുടര്‍ന്ന് പുലര്‍ച്ചെ മൂന്നോടെ ബിനുവിനെ കടത്തിണ്ണയില്‍ കിടത്തിയ ശേഷം ഓട്ടോയുമായി രാജേഷ് സ്ഥലം വിട്ടു. ഇതിന് ശേഷം ബിനു അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രാവിലെ ബിനു അനക്കമില്ലാതെ കിടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha






















