ആരോഗ്യമുള്ള ആര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം രക്തം ദാനം ചെയ്യാം; സ്ത്രീകള്‍ക്കും രക്തം ദാനം ചെയ്യാന്‍ കഴിയും; സംസ്ഥാനത്ത് പ്രതിവര്‍ഷം ആവശ്യമായി വരുന്ന രക്തത്തില്‍ സന്നദ്ധ സേവനത്തിലൂടെയുള്ള രക്തദാനം 100 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം ; സന്നദ്ധ രക്തദാന ദിനമായ ഇന്ന് രക്തം ദാനം ചെയ്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

സന്നദ്ധ രക്തദാന ദിനമായ ഇന്ന് രക്തം ദാനം ചെയ്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ബ്ലഡ് ബാങ്കിലാണ് മന്ത്രി രക്തം ദാനം ചെയ്തത്. രക്ത ഘടകങ്ങള്‍ വേര്‍തിരിക്കുന്ന ആധുനിക സംവിധാനങ്ങള്‍ ഇവിടെ സജ്ജമാണ് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി .
ജില്ലാ ആരോഗ്യ വിഭാഗവും എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ പങ്കെടുത്തപ്പോഴാണ് മന്ത്രി രക്തം ദാനം ചെയ്തത്. രക്തം ദാനം ചെയ്തതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പ് രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ആരോഗ്യമുള്ള ആര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം രക്തം ദാനം ചെയ്യാം. സ്ത്രീകള്‍ക്കും രക്തം ദാനം ചെയ്യാന്‍ കഴിയും. ആരോഗ്യമുള്ള എല്ലാവരും സന്നദ്ധ രക്തദാനത്തിന് തയ്യാറാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആശുപത്രിയിൽ വച്ച് രക്തം ദാനത്തിന് സമ്മതപത്രം ഒപ്പിട്ട ശേഷമാണ് രക്തദാനം നടത്തിയത്.
സംസ്ഥാനത്ത് പ്രതിവര്‍ഷം ആവശ്യമായി വരുന്ന രക്തത്തില്‍ സന്നദ്ധ സേവനത്തിലൂടെയുള്ള രക്തദാനം 100 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു . സംസ്ഥാനത്ത് പ്രതിവര്‍ഷം ശരാശരി നാല് ലക്ഷം യൂണിറ്റ് രക്തമാണ് ആവശ്യമായി വരുന്നത്.
അതില്‍ 80 ലേറെ സന്നദ്ധ രക്തദാനത്തിലൂടെ നിറവേറ്റാന്‍ കഴിയുന്നുണ്ട്. ഇത് 100 ശതമാനത്തില്‍ എത്തിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ദേശീയ സന്നദ്ധ രക്തദാന ദിനം ആചരിക്കുന്നത്.
'രക്തം ദാനം ചെയ്യൂ ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. എല്ലാവരും സന്നദ്ധ രക്തദാനത്തിന് മുന്നോട്ട് വരണമെന്നും മന്ത്രി അറിയിച്ചു . ദേശീയ സന്നദ്ധ രക്തദാന ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് 12.15ന് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വച്ച് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു .
ആരോഗ്യ വകുപ്പ്, കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി, ബ്ലഡ് ബാങ്കുകള്‍, രക്തദാന സംഘടനകള്‍ എന്നിവ സംയുക്തമായി 'സസ്‌നേഹം സഹജീവിക്കായി' എന്ന പേരില്‍ ഒരു ക്യാമ്പയിനും ആരംഭിക്കുന്നുണ്ട് .
സന്നദ്ധ രക്തദാന മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയ സംഘടനകള്‍ക്കുള്ള അവാര്‍ഡുകള്‍ ഇതോടൊപ്പം പ്രഖ്യാപിക്കുന്നു.ഇതിനോടനുബന്ധിച്ച് വിദഗ്ധര്‍ ഉള്‍പ്പെട്ട പാനല്‍ ഡിസ്‌കഷന്‍, വെബിനാര്‍ സീരിസ്, രക്തദാന ക്യാമ്പുകള്‍, വിവിധ മത്സരങ്ങള്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നു.
https://www.facebook.com/Malayalivartha























