തലസ്ഥാനത്തെ ഞെട്ടിച്ച് മുടവൻ മുകളിൽ ഇരട്ട കൊലപാതകം; ഭാര്യയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാൻ എത്തിയ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും കൊല്ലപ്പെട്ടു:- കൊലപാതകത്തിലേയ്ക്ക് നയിച്ചത് വിവാഹബന്ധം വേർപെടുത്താനുള്ള ഭാര്യയുടെ തീരുമാനം: ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി പോലീസ്

തലസ്ഥാനത്തെ ഞെട്ടിച്ച് മുടവൻ മുകളിൽ ഇരട്ട കൊലപാതകം. ഭാര്യയുമായുള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ എത്തിയ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും കൊല്ലപ്പെടുകയായിരുന്നു. മുടവൻമുഗൾ മണ്ണാംകോണം ലെയ്‌നിൽ അനിതാഭവനിൽ സി.ഐ.ടി.യു തൊഴിലാളിയായ സുനിൽ കുമാറും (48) മകൻ അഖിലുമാണ് (24) മരിച്ചത്.
സംഭവത്തിൽ സുനിലിന്റെ മകളുടെ ഭർത്താവും മുട്ടത്തറ സ്വദേശിയുമായ അരുണിനെ (31) പൂജപ്പുര പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി 8.45 ഓടെയായിരുന്നു സംഭവം.
മുടവന്മുകളിലെ വീട്ടിലെത്തിയ അരുണ്‍ വഴക്കുണ്ടാക്കുകയും കൈയില്‍ കരുതിയ കത്തിയെടുത്ത് സുനിലിനെയും മകനെയും കുത്തുകയുമായിരുന്നു. സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊല്ലപ്പെട്ട സുനിൽ കുമാറും കുടുംബവും മുടവന്മുകളിൽ വാടക വീട്ടിലായിരുന്നു താമസം. മകൾ അപർണയും ഭർത്താവ് അരുണും ഏറെ നാളായി അകൽച്ചയിലായിരുന്നു. അമിത മദ്യപാനം കാരണം ഇരുവരും തമ്മിലെ ബന്ധം വഷളാവുകയായിരുന്നു. തുടർന്ന് ഇയാളുമായി വഴക്കിട്ട് മുടവന്മുകളിൽ വാടക വീട്ടിൽ താമസിക്കുകയായിരുന്നു അപർണ.
കഴിഞ്ഞ ദിവസം രാത്രി അപർണയെ തന്റെ കൂടെ വിടണമെന്ന് പറഞ്ഞ് ഇവിടേയ്ക്ക് അരുൺ എത്തുകയായിരുന്നു. താത്പര്യമില്ലെന്നും, വിവാഹ മോചനത്തിന് തീരുമാനിച്ചതായും അപർണ്ണയും സഹോദരനും തറപ്പിച്ച് പറഞ്ഞു. ഇതേ തുടർന്നുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൈവശം കരുതിയിരുന്ന കത്തികൊണ്ടാണ് അരുൺ ആക്രമിച്ചത്.
അഖിലിന്റെ നെഞ്ചിലാണ് ആദ്യം കുത്തേറ്റത്. തടയാൻ ശ്രമിച്ച അച്ഛന്റെ കഴുത്തിലും കുത്ത് ഏൽക്കുകയായിരുന്നു. കൃത്യത്തിനൊടുവിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൂജപ്പുര ജംഗ്ഷനിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട് പണിയുന്നത് സംബന്ധിച്ച സ്വത്ത് തർക്കവുമുണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു.
കൊലപാതകം മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് പറയുന്നു. അഖിലിനെയും സുനിലിനെയും നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരണം സംഭവിച്ചു. അടുത്തിടെയായിരുന്നു അഖിൽ ഗൾഫിൽ നിന്ന് നാട്ടിലേയ്ക്ക് എത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha