കേസ് പോലീസിന്റെ തിരക്കഥ, കസ്റ്റഡിയില്‍ വെച്ച് ഭീഷണിപ്പെടുത്തി, മോഡലുകള്‍ വാഹനാപകടത്തില്‍ മരണപ്പെട്ട സംഭവത്തിൽ പ്രതികള്‍ പോലീസിനെതിരെ രംഗത്ത്

കൊച്ചിയിൽ വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ പോലീസിനെതിരെ രംഗത്ത്. കേസ് പോലീസിന്റെ തിരക്കഥയാണെന്നും കസ്റ്റഡിയില്‍ വെച്ച് ഭീഷണിപ്പെടുത്തിയതായും പ്രതികള്‍ കോടതിയില്‍ പറഞ്ഞു. കാര്‍ ഓടിച്ച പ്രതിയെ സഹായിക്കാനാണ് പോലീസിന്റെ ശ്രമമെന്നും ഇവര്‍ മജിസ്‌ട്രേറ്റിന്റെ മുമ്പാകെ പറഞ്ഞു. അതിനിടെ, പ്രതികളുടെ കസ്റ്റഡി നീട്ടി നല്‍കാന്‍ പോലീസ് അപേക്ഷ നല്‍കി.
അറസ്റ്റിലായ ഹോട്ടല്‍ ജീവനക്കാരെയാണ് ഇന്ന് ഉച്ചക്ക് ശേഷം പോലീസ് കോടതിയില്‍ ഹാജരാക്കിയത്. ഹോട്ടല്‍ ഉടമയെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ഇയാള്‍ ആശുപത്രിയിലാണ്. കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസ് പ്രത്യേക സംഘമാണ് ഇനി അന്വേഷിക്കുക. ജില്ലാ ക്രൈംബ്രാഞ്ച് മേധാവി ബിജി ജോർജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കേസുമായി ബന്ധപ്പെട്ട് ഡിജെ പാർട്ടിയിൽ പങ്കെടുത്ത കൂടുതൽ പേരെയും ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ പറഞ്ഞു.
https://www.facebook.com/Malayalivartha
























