നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്ത് കേസിലെ നാലു പ്രതികള്‍ക്ക് കൂടി ജാമ്യം

നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയെന്ന കേസിലെ നാലു പ്രതികള്‍കൂടി ജാമ്യത്തില്‍ പുറത്തിറങ്ങി. ഒന്നാം പ്രതിയും യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒയുമായിരുന്ന പി.ആര്‍. സരിത്, റമീസ്, ജലാല്‍, മുഹമ്മദ് ഷാഫി എന്നിവരാണ് ചൊവ്വാഴ്ച പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. ഇവര്‍ക്കെതിരെ വിവിധ കേന്ദ്ര അന്വേഷണ ഏജന്‍സികളായ എന്‍.ഐ.എ, ഇ.ഡി, കസ്റ്റംസ് എന്നിവയെല്ലാം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തേ ഇവര്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും കസ്റ്റംസ് കൊഫെപോസ കേസിലെ കരുതല്‍ തടങ്കല്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്. നാലു പ്രതികള്‍ കൂടി പുറത്തിറങ്ങിയതോടെ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളെല്ലാം ജാമ്യത്തിലായി. കേസിലെ മുഖ്യപ്രതികളെന്ന് അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിരുന്ന സന്ദീപ് നായര്‍, സ്വപ്‌ന സുരേഷ് എന്നിവര്‍ ദിവസങ്ങള്‍ക്കുമുമ്ബ് പുറത്തിറങ്ങിയിരുന്നു.
സ്വപ്ന സുരേഷിന് എറണാകുളം ജില്ല വിട്ടുപോകാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തേ ജാമ്യം അനുവദിച്ചപ്പോഴാണ് എറണാകുളം ജില്ല വിടരുതെന്ന് നിഷ്‌കര്‍ഷിച്ചിരുന്നത്. എന്നാല്‍, തിരുവനന്തപുരത്തെ വീട്ടില്‍ പോകണമെന്നും വ്യവസ്ഥ ഇളവ് ചെയ്യണമെന്നുമുള്ള സ്വപ്നയുടെ ആവശ്യത്തെ ഇ.ഡി എതിര്‍ത്തില്ല. സംസ്ഥാനം വിട്ടുപോകാതിരുന്നാല്‍ മതിയെന്ന ഇ.ഡിയുടെ നിലപാട് കണക്കിലെടുത്താണ് കോടതിയുടെ നടപടി.
നവംബര്‍ ആറിനാണ് സ്വപ്ന ജയില്‍മോചിതയായത്. ഇ.ഡി കേസില്‍ നേരത്തേതന്നെ ജാമ്യം അനുവദിച്ചെങ്കിലും എന്‍.ഐ.എയുടെ കേസില്‍ ജാമ്യം ലഭിക്കാതെ വന്നതോടെയാണ് പുറത്തിറങ്ങല്‍ നീണ്ടത്. ഈ കേസില്‍ ഹൈകോടതി ജാമ്യം അനുവദിച്ചതോടെയാണ് പുറത്തിറങ്ങിയത്.
https://www.facebook.com/Malayalivartha



























