മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിലെ മൂന്നു കോടി ജനങ്ങളെയും ആശങ്കയുടെ മുള്‍മുനയില്‍ നിറുത്തുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിയുന്നില്ല...

മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിലെ മൂന്നു കോടി ജനങ്ങളെയും ആശങ്കയുടെ മുള്‍മുനയില്‍ നിറുത്തുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിയുന്നില്ല. റോം നഗരം കത്തിയെരിഞ്ഞപ്പോഴും നീറോ ചക്രവര്‍ത്തി വീണ വായിച്ചുരസിച്ചതുപോലെ സഖാവ് പിണറായി ധാര്‍ഷ്ട്യത്തിന്റെ കലിപ്പുമുഖവുമായി വിഷയം മറന്ന മട്ടില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു.
മനുഷ്യര്‍ ഉറങ്ങിക്കിടക്കുന്ന നട്ടപ്പാതിരാവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവിടുന്ന മനുഷ്യത്വക്കേട് തമിഴ് നാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും പിണറായിക്കു മറുപടിയില്ല. ഇനി അണക്കെട്ടില്‍ എന്തു സംഭവിച്ചാലും കുഴപ്പമില്ലെന്ന സര്‍ക്കാരിന്റെ അഴകൊഴമ്പന്‍ നിലപാടിനെതിരെ ജനവികാരം ഉണരുകയാണ്. തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിനു മുന്നില്‍ ധീരമായി നിലപാടെടുക്കുന്നില്‍ കേരളം എന്തിന് ഭയപ്പെടണം എന്നതാണ് ഈ നിലയിലെ അടിയന്തിര സുരക്ഷാവിഷയം.
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡിക്കമ്മിഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിഷേധവുമായി യുഡിഎഫ് എംപിമാര്‍ ബഹളം കൂട്ടിയവേളയിലും അതിനെ പിന്തുണയ്ക്കാന്‍ പിണറായിക്കു സാധിക്കുന്നില്ല. മുല്ലപ്പെരിയാര്‍ പൊട്ടിയാലുണ്ടാകുന്ന ആശങ്കയെക്കുറിച്ച് എന്തു പ്രചാരണം നടത്തിയാലും നടത്തുന്നവനെ അകത്തിടാനുള്ള നീക്കമാണ് സര്‍ക്കാരിന്റേത്.
ഇടുക്കി, എറണാകുളം ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ മാസങ്ങളായി ഉണ്ണാതെയും ഉറങ്ങാതെയും ആശങ്കയോടെ കഴിയുമ്പോഴാണ് മുഖ്യമന്ത്രിയുടെ നിസംഗത.
തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എംപിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് വെറും പൊള്ളയാണെന്നത് താന്‍ സാക്ഷിയാണെന്നും അണക്കെട്ട് തകര്‍ന്നാല്‍ കേരളീയര്‍ വെള്ളം കുടിച്ചും തമിഴര്‍ വെള്ളം കുടിക്കാതെയും ചാകുമെന്ന് മുന്‍ മന്ത്രി എംഎം മണി പറഞ്ഞതിലും പിണറായി വിജയന് കടുത്ത അമര്‍ഷമുണ്ട്.
ബേബി ഡാമിലെ മരംമുറിക്കാന്‍ ജലമന്ത്രിയറിയാതെ നിര്‍ദേശം കൊടുത്ത സംഭവത്തിലും പിണറായി വിജയന്‍ നിശബ്ദത പുലര്‍ത്തുകയാണ്. ഇതിനിടെയിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം 142 അടിയും കടന്ന് ഭീതികരമായി ഉയരുന്നതും രാവും പകലും തോന്നിയപടി തമിഴ് നാട് തുറന്നുവിടുന്നതും.
മുന്നറിയിപ്പില്ലാതെ അര്‍ധരാത്രി മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയത് ദൗര്‍ഭാഗ്യകരമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പ്രസ്താവനയിറക്കിട്ടും പിണറായി ശബ്ദിക്കുന്നില്ല. വിഷയം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്നും മുഖ്യമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടുമെന്നും തമിഴ്നാട് സര്‍ക്കാരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുമെന്നുമാണ് മന്ത്രി റോഷി പറയുന്നത്. ഇതേ സമയത്തും മുല്ലപ്പെരിയാറ്റിലെ ജലനിരപ്പ് ഓരോ മണിക്കൂറിലും ഉയരുകയും തീരങ്ങള്‍ അപ്പാടെ വെള്ളത്തിലാവുകയും ചെയ്യുന്നത്.
ഡാമിലെ ജലനിരപ്പ് 142 അടി എത്തിയതോടെയാണ് ഇക്കഴിഞ്ഞ അര്‍ധരാത്രി മുന്നറിയിപ്പില്ലാതെ സ്പില്‍േവ ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം തമിഴ്നാട് ഉയര്‍ത്തിയത്. ഈ സീസണില്‍ ആദ്യമായാണ് ഇത്രയധികം ഷട്ടറുകള്‍ ഒരുമിച്ച് തുറക്കുന്നത്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ് നാട്ടിലെ ഡിഎംകെയും എഡിഎംകെയും കോണ്‍ഗ്രസും ബിജെപിയും ഒരേ നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ കേരളത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ബിജെപിക്കും പല വികാരമാണ്. കേരളത്തിന്റെ പൊതുസുരക്ഷ സംബന്ധിച്ച നിര്‍ണായകമായ പ്രശ്നത്തില്‍പോലും ഒരുമിച്ചു നില്‍ക്കാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കുന്നില്ല.
ഒരേ വികാരത്തോടെ കോടതിയെ സമീപിക്കാനും പൊതുപ്രക്ഷോഭം സംഘടിപ്പിക്കാനും കേരളത്തിലെ പാര്‍ട്ടികള്‍ക്ക് ഇനിയും സാധിക്കാത്തതാണ് തമിഴ് നാടിന്റെ നേട്ടം. മാത്രവുമല്ല കേരളത്തിലെ ഒട്ടേറെ രാഷ്ട്രീയ പ്രമുഖര്‍ക്ക് തമിഴ് നാട്ടില്‍ വന്‍കിട എസ്റ്റേറ്റുകളും വ്യാപാര വ്യവസായ സ്ഥാപനങ്ങളുമുണ്ടെന്നിരിക്കെ കേരളം ഇക്കാര്യത്തില്‍ കടുത്ത നിലപാട് സ്വീകരിക്കില്ലെന്നതാണ് തമിഴ് നാടിന്റെ നേട്ടം.
"
https://www.facebook.com/Malayalivartha