പഴയ സബ്കളക്ടറാണ് സര്‍... ഇവിടെ കിടന്ന് വെല്ലുവിളി മുഴക്കിയവര്‍ മുല്ലപ്പെരിയാറിനായി ഒന്നും മിണ്ടിയില്ല; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാല്‍ അഞ്ചു ജില്ലകള്‍ ഒലിച്ചു പോകുമെന്ന് കണ്ണന്താനം; മലയാളികളുടെ വികാരം എണ്ണിയെണ്ണിപ്പറഞ്ഞ് കണ്ണന്താനം

മലയാളികളുടെ വികാരമായ മുല്ലപ്പെരിയാര്‍ വിഷയത്തെ അതേ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം. താന്‍ മുമ്പ് ഇടുക്കിയിലെ സബ് കളക്ടറായിരുന്നെന്നും മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ ഉണ്ടാകുന്ന ഭവിഷത്ത് എണ്ണിയെണ്ണി പറയുകയും ചെയ്തു. വളരെ വൈകാരികമായ പ്രസംഗത്തോടെ തമിഴ് എംപിമാര്‍ക്ക് അതിനെ പ്രതിരോധിക്കാനും കഴിഞ്ഞില്ല.
ബുധനാഴ്ച രാജ്യസഭയില്‍ ബില്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ ശ്രമിക്കവേ മലയാളി എംപിമാര്‍ ആരും സഭയില്‍ ഇല്ലാതിരുന്നതില്‍ സഭാധ്യക്ഷന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാവിലെ മുതല്‍ രാജ്യസഭയില്‍ ബില്ലിന്മേല്‍ വിശദമായ ചര്‍ച്ച ആരംഭിച്ചത്.
ഡാം സുരക്ഷാ ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തിന് വേണ്ടി വാ തുറക്കാതെ മറ്റ് എംപിമാര്‍ ഇരുന്നപ്പോഴാണ് കണ്ണന്താനം താരമായത്. തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെയും സ്റ്റാലിനെയും പിണക്കാതെ മറ്റ് എംപിമാര്‍ നിലപാടെടുത്തപ്പോള്‍ മലയാളിക്കും കേരളത്തിനും വേണ്ടി സംസാരിച്ചത് അല്‍ഫോണ്‍സ് കണ്ണന്താനം മാത്രമാണ്. ഡാം സുരക്ഷാ ബില്‍ ഇന്നലെ വൈകിട്ട് രാജ്യസഭയില്‍ പാസായി. 29നെതിരെ 80 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. 2019ല്‍ ലോക്‌സഭ പാസാക്കിയ നിയമമാണിത്.
എന്നാല്‍ മുല്ലപ്പെരിയാറിലെ യഥാര്‍ത്ഥ അവസ്ഥ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് കണ്ണന്താനത്തിന്റെ പ്രസംഗമാണ്. മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാല്‍ അഞ്ചു ജില്ലകള്‍ ഒലിച്ചു പോകുമെന്ന് കണ്ണന്താനം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ദുരന്തമായി ഇതു മാറും. കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രശ്‌ന പരിഹാരത്തിന് പ്രയത്‌നിക്കണമെന്നും കണ്ണന്താനം ആവശ്യപ്പെട്ടു.
കക്ഷി രാഷ്ട്രീയ ഭേദമന്യേ തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിമാര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒറ്റക്കെട്ടായി അണിനിരന്നു. അണ്ണാഡിഎംകെ നേതാവ് നവനീത കൃഷ്ണനും എംഡിഎംകെയുടെ വൈക്കോയും ഡിഎംകെയുടെ ഇളങ്കോവനും ഡാം സുരക്ഷാ ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന് വേണ്ടി പ്രതിരോധം തീര്‍ത്തപ്പോള്‍ കേരളത്തിന് വേണ്ടി സംസാരിച്ച ശിവദാസന്‍ മുല്ലപ്പെരിയാറെന്ന പേരേ മിണ്ടിയില്ല.
ഡാം സുരക്ഷാ ബില്‍ ഫെഡറലിസത്തിന് എതിരാണെന്നും ബില്ലിന്റെ നിയമ സാധുത പരിശോധിക്കപ്പെടേണ്ടതാണെന്നുമായിരുന്നു ശിവദാസന്റെ ആവശ്യം. അന്തര്‍നദീജല തര്‍ക്ക വിഷയങ്ങളില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രയോജനകരമായ നിരവധി വ്യവസ്ഥകളുള്ള ബില്ലിനെ ശിവദാസന്‍ തമിഴ്‌നാടിന് വേണ്ടി എതിര്‍ക്കുകയായിരുന്നോ എന്ന ചോദ്യം പോലും ഉയരുന്നുണ്ട്.
ഡാം സുരക്ഷാ ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തിനെതിരെ നിശിത വിമര്‍ശനമാണ് തമിഴ്‌നാട് എംപിമാര്‍ നടത്തിയത്. എല്ലാവരും മുല്ലപ്പെരിയാര്‍ കേന്ദ്രീകരിച്ചു മാത്രമാണ് സംസാരിച്ചത്. കേരളം തമിഴ്‌നാട്ടില്‍ നിന്നുള്ള പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ ഡാമിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ നിന്ന് തടയുന്നതായി നവനീത കൃഷ്ണന്‍ കുറ്റപ്പെടുത്തി. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കേരളം നിരന്തരം വ്യാജ പ്രചാരണം നടത്തുകയാണെന്നും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വൈക്കോ ആരോപിച്ചു. രണ്ടായിരം വര്‍ഷം പഴക്കമുള്ള ഡാമുകള്‍ വരെ ഉള്ള നാടാണിതെന്നും വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഡിഎംകെ നേതാവ് ഇളങ്കോവനും സഭയില്‍ ആവശ്യപ്പെട്ടു.
അന്തര്‍ സംസ്ഥാന നദീജല തര്‍ക്കം, ഡാം തര്‍ക്കങ്ങള്‍ തുടങ്ങിയവ പരിഗണിക്കുന്നതിനായി ദേശീയസംസ്ഥാന തലത്തില്‍ വിവിധ കമ്മറ്റികള്‍ രൂപീകരിക്കാനും ദേശീയ ഡാം സുരക്ഷാ കമ്മീഷന്‍ രൂപീകരിച്ച് തര്‍ക്ക വിഷയങ്ങള്‍ കേന്ദ്രീകൃത പരിശോധന നടത്താനും ലക്ഷ്യമിട്ടുള്ളതാണ് ഡാം സുരക്ഷാ ബില്‍. തര്‍ക്കമുള്ള ഡാമുകളില്‍ ദേശീയ തലത്തിലുള്ള സമിതിക്ക് ഉത്തരവാദിത്വം ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങള്‍ വോട്ടിനിട്ട് തള്ളി.
a
https://www.facebook.com/Malayalivartha