മന്ത്രവാദ ചികിത്സയെ തുടർന്ന് കോഴിക്കോട് കല്ലാച്ചി സ്വദേശി നൂർജഹാൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്; ഒന്നര വയസുകാരിയായ മകൾക്ക് തലയ്ക്ക് ട്യൂമർ ബാധിച്ചിട്ടും ചികിത്സ നൽകിയില്ല, ആശുപത്രിയിൽ കൊണ്ടുപോകാൻ ജമാൽ അനുവദിച്ചില്ലെന്നും ചികിത്സ കിട്ടാതെയാണ് ഒന്നരവയസുണ്ടായിരുന്ന മകൾ മരിച്ചതെന്നും നൂർജഹാന്റെ ഉമ്മ കുഞ്ഞായിഷ, ഭർത്താവ് ജമാലിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ
മന്ത്രവാദ ചികിത്സയെ തുടർന്ന് കോഴിക്കോട് കല്ലാച്ചി സ്വദേശി നൂർജഹാൻ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഭർത്താവ് ജമാലിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത് എത്തിയിരിക്കുകയാണ്. നൂർജഹാന്റെ ഒരു മകളും ചികിത്സ കിട്ടാതെ മരിച്ചെന്ന് കുടുംബം ആരോപണം ഉന്നയിച്ചു. ഒന്നര വയസുകാരിയായ മകൾക്ക് തലയ്ക്ക് ട്യൂമർ ബാധിച്ചിട്ടും ചികിത്സ നൽകിയിരുന്നില്ല. അന്നും മന്ത്രവാദ ചികിത്സയാണ് നടത്തിയത്.
ആശുപത്രിയിൽ കൊണ്ടുപോകാൻ ജമാൽ അനുവദിച്ചില്ലെന്നും ചികിത്സ കിട്ടാതെയാണ് ഒന്നരവയസുണ്ടായിരുന്ന മകൾ മരിച്ചതെന്നും നൂർജഹാന്റെ ഉമ്മ കുഞ്ഞായിഷ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കല്ലാച്ചി സ്വദേശി നൂർജഹാൻ മന്ത്രവാദ ചികിത്സയെ തുടർന്ന് മരിച്ചത്. ഭർത്താവ് ജമാല്‍ ആശുപത്രി ചികിത്സ നിഷേധിച്ച് യുവതിയെ ആലുവയിലെ മതകേന്ദ്രത്തിലെത്തിച്ചെന്നും, അവിടെവച്ച് ചികിത്സ കിട്ടാതെ മരിച്ചെന്നുമാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണം. സംഭവത്തില്‍ വളയം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിരിക്കുകയാണ്. നൂർജഹാന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചു പോസ്റ്റ്‌മോർട്ടം നടത്തുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം കഴിഞ്ഞ ഒരു വർഷമായി നൂർജഹാന് തൊലിപ്പുറമെ വ്രണമുണ്ടായി പഴുപ്പുവരുന്ന രോഗമുണ്ടായിരുന്നെന്ന് ബന്ധുക്കൾ വ്യക്തമാക്കി. എന്നാല്‍ രോഗം കലശലായപ്പോൾപോലും ജമാല്‍ ഭാര്യക്ക് ആശുപത്രി ചികിത്സ നല്‍കിയില്ലെന്നാണ് ഉയരുന്ന ആരോപണം. നേരത്തെ ജമാലിന്‍റെ എതിർപ്പവഗണിച്ച് ബന്ധുക്കൾ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു, പക്ഷേ ചികിത്സ തുടരാന്‍ ജമാല്‍ അനുവദിച്ചിരുന്നില്ല.
ഇതിനുപിന്നാലെ ചൊവ്വാഴ്ച വൈകീട്ട് വൈകീട്ട് ഭാര്യയെയുംകൊണ്ട് ആലുവയിലെക്ക് പോയ ജമാല്‍ പുലർച്ചയോടെ മരണവിവരം ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു. ആശുപത്രി ചികിത്സ നല്‍കാതെ മന്ത്രവാദ ചികിത്സ നടത്തിയതാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. നൂർജഹാന്‍റെ ഉമ്മയും ബന്ധുവുമാണ് ഇതുന്നയിച്ച് വളയം പൊലീസില്‍ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha