മോഷ്ടാവിന്റെ കൈയ്യിലുണ്ടായിരുന്ന എ.ടി.എം കാർഡ് കൈക്കലാക്കി പണം തട്ടിയെടുത്ത പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു; വകുപ്പുതല നടപടി സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ഇ.എൻ ശ്രീകാന്തിനെതിരെ; ശ്രീകാന്തിന്റെ പ്രവർത്തി പോലീസിന്റെ സൽപ്പേരിന് കളങ്കം സൃഷ്ടിച്ചെന്ന് റിപ്പോർട്ട്

കണ്ണൂരിൽ മോഷ്ടാവിന്റെ കൈയ്യിലുണ്ടായിരുന്ന എ.ടി.എം കാർഡ് കൈക്കലാക്കി പണം തട്ടിയെടുത്ത പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. തളിപ്പറമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ഇ.എൻ ശ്രീകാന്തിനെതിരെയാണ് വകുപ്പുതല നടപടിയുണ്ടായത്.
2021 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ചൊക്ലി സ്വദേശി മനോജ് കുമാറിന്റെ എ.ടി.എം കാർഡിൽ നിന്ന് 70000 രൂപ മോഷ്ടിച്ച കേസിൽ പുളിപ്പറമ്പ് സ്വദേശി ഗോകുലിനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷ്ടാവായ ഗോകുൽ തട്ടിയെടുത്ത പണം സഹോദരിയുടെ എ.ടി.എമ്മിലേക്ക് മാറ്റിയിരുന്നു. സഹോദരിയുടെ എ.ടി.എം.കാർഡും ഗുകുലിന്റെ കൈവശമായിരുന്നു. കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ശ്രീകാന്ത് ഈ എ.ടി.എം കാർഡ് കൈക്കലാക്കി അന്വേഷണത്തിന്റെ ഭാഗമെന്ന് ധരിപ്പിച്ച് എ.ടി.എമ്മിന്റെ പിൻ നമ്പറും സൂത്രത്തിൽ ചോദിച്ചറിഞ്ഞു.
മോഷണത്തിൽ അറസ്റ്റിലായ ഗോകുൽ റിമാൻഡിലായശേഷവും എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കുന്നതായി മെസ്സേജ് വന്നതോടെയാണ് തട്ടിപ്പിനെപറ്റി അറിയുന്നത്. രാജേശ്വരിയുടെ പരാതിയിൽ തളിപ്പറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സി.പി.ഒ ശ്രീകാന്താണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഘട്ടത്തിൽ ശ്രീകാന്ത് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്ന് പരാതിക്കാരിക്ക് പണം തിരികെ നൽകി കേസ് ഒത്തുതീർപ്പ് ആക്കുകയും ചെയ്തു. എന്നാൽ പോലീസ് സേനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയ സംഭവത്തിൽ തളിപ്പറമ്പ് ഡി.വൈ.എസ്.പി വകുപ്പ് തല അന്വേഷണം നടത്തുകയായിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ശ്രീകാന്തിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി റൂറൽ എസ്.പി നവനീത് ശർമ്മ ഉത്തരവ് ഇറക്കുകയായിരുന്നു. ശ്രീകാന്തിന്റെ പ്രവർത്തി പൊതുജനങ്ങളിൽ പോലീസിനെ കുറിച്ച് അവമതിപ്പും പോലീസിന്റെ സൽപ്പേരിന് കളങ്കവും സൃഷ്ടിച്ചെന്ന് പിരിച്ചുവിടൽ ഉത്തരവിൽ പറയുന്നു
https://www.facebook.com/Malayalivartha