മൂന്ന് ജനന തീയതിയുമായി ഡ്രൈവിങ് ടെസ്റ്റിനെത്തിയ വീട്ടമ്മ.... രേഖകളില്‍ ഏതാണ് യഥാര്‍ത്ഥ ജനന തീയതി എന്ന കണ്ടെത്താനുള്ള ശ്രമത്തില്‍ മോട്ടര്‍ വാഹന വകുപ്പ്

മൂന്ന് ജനന തീയതിയുമായി ഡ്രൈവിങ് ടെസ്റ്റിനെത്തിയ വീട്ടമ്മ പൊല്ലാപ്പിലായി. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും ആധാര്‍ കാര്‍ഡിലും നോട്ടറി സത്യവാങ്മൂലത്തിലും വ്യത്യസ്ത ജനന തീയതി കണ്ടെത്തിയതാണ് കുരുക്കായത്.
ഡ്രൈവിങ് ടെസ്റ്റ് മുടങ്ങിയെന്നു മാത്രമല്ല, രേഖകള്‍ വ്യാജമാണോ എന്ന് പരിശോധിക്കാനായി മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഫയല്‍ ആര്‍ടിഒക്കു നല്‍കി.
സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് കൈവശമില്ലെന്ന് പറഞ്ഞ് നോട്ടറിയുടെ സാന്നിധ്യത്തില്‍ ജനന തീയതി ബോധ്യപ്പെടുത്തി തയ്യാറാക്കിയ സത്യപ്രസ്താവനയുമായാണ് ലേണേഴ്‌സ് പരീക്ഷ പാസായത്. പ്രാക്ടിക്കല്‍ ടെസ്റ്റിന് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
ഇതനുസരിച്ച് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുമായി വന്നപ്പോള്‍ അതില്‍ മറ്റൊരു ജനന തീയതി. രണ്ടും തമ്മില്‍ ചേരാതെ വന്നതിനാല്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചു. ഇതില്‍ മൂന്നാമതൊരു ജനന തീയതിയാണ് അധികൃതര്‍ കണ്ടെത്തിയത്.
രേഖകളില്‍ പിശകു പറ്റിയതാണോ വ്യാജമായി ചമച്ചതാണോ എന്നതില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. രേഖകളില്‍ ഏതാണ് യഥാര്‍ത്ഥ ജനന തീയതി എന്ന കണ്ടെത്താനുള്ള ശ്രമത്തിലാണ് മോട്ടര്‍ വാഹന വകുപ്പ്.
https://www.facebook.com/Malayalivartha