അതും കൈവിട്ടാല്‍... സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം ഗവര്‍ണര്‍ വഹിക്കേണ്ടതില്ലെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരും നിലപാട് സ്വീകരിച്ചിരുന്നതായി റിപ്പോര്‍ട്ട്; ഗവര്‍ണര്‍ ഇനിയും ഉറച്ച് നിന്നാല്‍ ചാന്‍സലര്‍ സ്ഥാനം കറങ്ങി തിരിഞ്ഞ് മുഖ്യമന്ത്രിയിലെത്തും

ചാന്‍സലര്‍ പദവി വേണ്ടെന്നുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് സത്യമാകുമോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. ഇനിയും ഗവര്‍ണര്‍ നിലപാടില്‍ തുടര്‍ന്നാല്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ലഭിക്കാനേ ഉള്ളൂ നഷ്ടപ്പെടാന്‍ ഒന്നുമില്ല. വിവാദം നില്‍ക്കുമെങ്കിലും ചാന്‍സലര്‍ പദവി കറങ്ങി തിരിഞ്ഞ് മുഖ്യമന്ത്രിയില്‍ തന്നെ എത്തും.
ഉമ്മന്‍ ചാണ്ടി മുമ്പ് സ്വീകരിച്ച നിലപാട് സര്‍ക്കാരിന് അനുഗ്രഹമാണ്. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം ഗവര്‍ണര്‍ വഹിക്കേണ്ടതില്ലെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരും നിലപാട് സ്വീകരിച്ചിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഇക്കാര്യം വ്യക്തമാക്കി കേന്ദ്രത്തിനു കത്തും അയച്ചിരുന്നു.
മന്‍മോഹന്‍സിങ് പ്രധാനമന്ത്രി ആയിരിക്കെ നിയമിച്ച മദന്‍ മോഹന്‍ പുഞ്ചി കമ്മിഷന്റെ ശുപാര്‍ശകള്‍ സംബന്ധിച്ചു സംസ്ഥാനത്തോട് അഭിപ്രായം ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 2015 ഓഗസ്റ്റ് 26ന് ചീഫ് സെക്രട്ടറി മറുപടി നല്‍കിയത്. ഭരണഘടനാപരം അല്ലാത്ത ചുമതലകള്‍ ഗവര്‍ണര്‍മാര്‍ വഹിക്കരുത് എന്ന ശുപാര്‍ശയാണ് അന്നു കമ്മിഷന്‍ നല്‍കിയത്. ഗവര്‍ണര്‍ പദവിയെ വിമര്‍ശനങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ കമ്മിഷന്റെ ശുപാര്‍ശ അംഗീകരിക്കുന്നു എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്.
എന്നാല്‍ ഗവര്‍ണറുടെ ഭരണപരമായ അവകാശങ്ങള്‍ ഉള്‍പ്പെടെ ഭരണഘടനാപരമായ മുന്നൂറിലേറെ വിഷയങ്ങളില്‍ പുഞ്ചി കമ്മിഷന്‍ ഉന്നയിച്ച ചോദ്യാവലിയില്‍ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അഭിപ്രായം രാഷ്ട്രീയ തീരുമാനം അല്ലായിരുന്നെന്നും അത് ഉദ്യോഗസ്ഥ തലത്തില്‍ നല്‍കിയ മറുപടി മാത്രമായിരുന്നെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു. അത് ഉയര്‍ത്തിപ്പിടിച്ച് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു പുകച്ചു പുറത്തു ചാടിക്കാനുള്ള നീക്കം അപഹാസ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവര്‍ണര്‍ക്ക് അനേകം ഉത്തരവാദിത്തങ്ങള്‍ ഉള്ള സാഹചര്യത്തില്‍ ചാന്‍സലര്‍ പദവി സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാല്‍ അത് ഒഴിവാക്കുന്നതിനോടു യോജിപ്പുണ്ടോ എന്നായിരുന്നു ചോദ്യം. കമ്മിഷന്‍ മുന്നൂറിലേറെ ചോദ്യങ്ങള്‍ക്ക് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ഉത്തരം തേടിയല്ലാതെ തീരുമാനം എടുത്തില്ല.
അതു കമ്മിഷന്‍ നടത്തിയ വൈജ്ഞാനിക വ്യായാമം മാത്രമായിരുന്നു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു നീക്കാന്‍ ദേശീയതലത്തില്‍ തീരുമാനം ഉണ്ടായിരുന്നു എങ്കില്‍ യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം അപ്പോള്‍ അറിയിക്കുമായിരുന്നു എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേസമയം ഇടതുമുന്നണി നേതൃത്വം ഗവര്‍ണറെ കടന്നാക്രമിച്ചതോടെ സര്‍ക്കാരും രാജ്ഭവനും തമ്മിലുള്ള അകല്‍ച്ചയും പോരും രൂക്ഷമായി. ഗവര്‍ണര്‍ക്കു മുന്നില്‍ മുട്ടുകുത്തില്ലെന്ന സൂചന മാത്രമല്ല, സര്‍ക്കാരിനെതിരെ യുദ്ധം തുടരാനാണ് ഭാവമെങ്കില്‍ ചാന്‍സലര്‍ പദവി തിരിച്ചെടുക്കാന്‍ മടിക്കില്ലെന്ന ഭീഷണിയും സിപിഎം, സിപിഐ നേതൃത്വങ്ങളില്‍ നിന്ന് ഉയര്‍ന്നു.
സന്ധിക്കില്ലെന്ന സൂചന പുറത്തു നല്‍കുമ്പോഴും മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ പങ്കുവയ്ക്കുന്നത്. രാജ്ഭവനുമായുള്ള ശീതസമരം അനന്തമായി തുടരാന്‍ കഴിയില്ലെന്ന് അവര്‍ക്കും അറിയാം. ഡല്‍ഹിയില്‍ നിന്നു ലക്‌നൗവിലേക്കു തിരിച്ച ഗവര്‍ണര്‍ 17നാണ് തിരിച്ചെത്തുന്നത്. ഇന്നാരംഭിക്കുന്ന സിപിഎം എറണാകുളം ജില്ലാ സമ്മേളനം 16ന് പൂര്‍ത്തിയായശേഷം മുഖ്യമന്ത്രിയും തിരുവനന്തപുരത്തു മടങ്ങിവരും.
നടപടിക്രമങ്ങളിലെ വീഴ്ച സംബന്ധിച്ച ഗവര്‍ണറുടെ ആക്ഷേപങ്ങളെ ഖണ്ഡിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശനങ്ങള്‍ക്കു പിന്നില്‍ ദുരൂഹത ആരോപിച്ചു. ഗവര്‍ണറോട് ഏറ്റുമുട്ടല്‍ തുടരാനില്ലെന്ന അനുനയ സൂചന കോടിയേരി നല്‍കിയെങ്കില്‍, ഒരു വിട്ടുവീഴ്ചയും ആവശ്യമില്ലെന്ന സ്വരമാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രകടിപ്പിച്ചത്. കാനത്തിന്റെ കൂടി പിന്തുണ ലഭിച്ചതോടെ സര്‍ക്കാരിന് ഇരട്ടി ശക്തിയായി. അതിനാല്‍ ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ഇനിയും വേണ്ടന്നു പറഞ്ഞാല്‍ നിര്‍ബന്ധിക്കില്ല. പകരം ആ പദവി മുഖ്യമന്ത്രിയില്‍ വന്നു ചേരും.
"
https://www.facebook.com/Malayalivartha