മനസ് കീഴടക്കി മോദി... വാരണാസിയിലെ മോദിയുടെ സന്ദര്‍ശനം ചര്‍ച്ചയാകുന്നു; പകല്‍ ഭക്തിസാന്ദ്രമായ വാരണാസിയില്‍ ചിലവിട്ട പ്രധാനമന്ത്രി പാതിരാത്രിയില്‍ എത്തിയത് ബനാറസ് റെയില്‍വേ സ്‌റ്റേഷനില്‍ പരിശോധനയ്ക്ക്; എട്ട് ആഴ്ചയ്ക്കുള്ളില്‍ തിരക്കിനിടയിലും മോദി നേരിട്ടെത്തിയത് ആറ് തവണ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി സന്ദര്‍ശനം വലിയ ശ്രദ്ധയാണ് നേടിയത്. വാരണാസിയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ഉറക്കമിളച്ചാണ് മണ്ഡല വികസനത്തിന് സമയം കണ്ടെത്തിയത്. സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം പകല്‍ മുഴുവന്‍ അദ്ദേഹം 339 കോടി രൂപ ചെലവില്‍ പുതുതായി നിര്‍മ്മിച്ച കാശി വിശ്വനാഥ് ധാമിന്റെ ഒന്നാം ഘട്ടം ഉദ്ഘാടന തിരക്കിലായിരുന്നു.
എന്നാല്‍ രാത്രിയില്‍ അദ്ദേഹം ബനാറസ് റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് അദ്ദേഹം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. വൃത്തിയുള്ളതും ആധുനികവും യാത്രക്കാര്‍ക്ക് സൗകര്യപ്രദവുമായ റെയില്‍വേ സ്‌റ്റേഷനുകള്‍ നിര്‍മ്മിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. സ്‌റ്റേഷനിലെ ക്‌ളോക്കിന് മുന്നില്‍ നിന്നുമുള്ള പ്രധാനമന്ത്രിയുടെ ചിത്രവും വൈറലായിരിക്കുകയാണ്. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന പേരിലാണ് നരേന്ദ്ര മോദി പൊതു തിരഞ്ഞെടുപ്പിനെ നേരിട്ടത്. രാജ്യം ഉറങ്ങുമ്പോഴും കാവല്‍ക്കാരന്‍ ഉണര്‍ന്നിരിക്കുന്നു എന്നാണ് ചിത്രത്തിന് ആരാധകരുടെ അഭിപ്രായം.
ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഇന്നലെ പ്രധാനമന്ത്രി ചര്‍ച്ചയ്ക്കായി ക്ഷണിച്ചിരുന്നു. അസം, അരുണാചല്‍ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മണിപ്പൂര്‍, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ബീഹാര്‍, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ ഉപമുഖ്യമന്ത്രിമാര്‍ എന്നിവരാണ് പ്രധാനമന്ത്രിയുമായുള്ള പരിപാടിയില്‍ പങ്കെടുത്തത്. ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു മീറ്റിംഗ്. മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ അവരുടെ സംസ്ഥാനത്തെ ഭരണത്തെക്കുറിച്ചുള്ള അവതരണം നടത്തി. മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്തു.
അതേസമയം മോദിയുടെ സന്ദര്‍ശനത്തിന് പിന്നില്‍ പല ലക്ഷ്യങ്ങളാണുള്ളത്. അടുത്ത വര്‍ഷം ആദ്യം ഉത്തര്‍പ്രദേശില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് കേവലം ഒരു സംസ്ഥാനത്തിന്റെ വിധി എഴുത്ത് മാത്രമായിരിക്കുകയില്ല. രണ്ട് വര്‍ഷം കഴിഞ്ഞ് രാജ്യത്ത് നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ കാറ്റു മാറി വീശുമോ എന്ന് അറിയാനുള്ള ഒരു സൂചനകൂടിയാവും യു പിയിലെ തിരഞ്ഞെടുപ്പ്.
യു പിയില്‍ സര്‍വാധിപത്യം സ്ഥാപിച്ചാല്‍ അത് ഡല്‍ഹിയിലേക്കുള്ള യാത്ര എളുപ്പമാക്കും എന്നതാണ് യുപി തിരഞ്ഞെടുപ്പിനെ ശ്രദ്ധാ കേന്ദ്രമാക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ അടക്കം ചര്‍ച്ച ചെയ്യുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചില നീക്കങ്ങളിലാണ്. കഴിഞ്ഞ എട്ട് ആഴ്ചയ്ക്കുള്ളില്‍ തിരക്കിനിടയിലും പൂര്‍വാഞ്ചലില്‍ മോദി നേരിട്ടെത്തിയത് ആറ് തവണയാണ്. പൂര്‍വാഞ്ചലില്‍ ബി ജെ പി കേന്ദ്രീകരിക്കുന്നതിന് പിന്നില്‍ എന്താണ് എന്ന സംശയം ഉയരാന്‍ ഈ സന്ദര്‍ശനങ്ങള്‍ തന്നെ ധാരാളമാണ്. പൂര്‍വാഞ്ചലിനെ ബി ജെ പിക്ക് ഭയമാണോ, അതോ പൂര്‍വാഞ്ചലില്‍ നിന്നും തിരഞ്ഞെടുപ്പ് ജയിക്കാന്‍ തക്ക ഒരു നിധി കണ്ടെത്താനാവുമെന്ന പ്രതീക്ഷയോ... ഇങ്ങനെയാണ് ചര്‍ച്ചകള്‍ പോകുന്നത്.
കിഴക്കന്‍ ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റ് മണ്ഡലം. പുണ്യനഗരമായ ഇവിടെ നിന്നും വന്‍ ഭൂരിപക്ഷത്തിലാണ് ജനം അദ്ദേഹത്തെ പാര്‍ലമെന്റിലേക്കും, പ്രധാനമന്ത്രിയുടെ കസേരയിലേക്കും നിയോഗിച്ചിട്ടുള്ളത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ തട്ടകം കൂടിയായ കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ബി ജെ പി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മേഖല ഒന്നാകെ തിരഞ്ഞെടുപ്പില്‍ സ്വന്തമാക്കാനാണ്.
ഇതിനായി പൂര്‍വാഞ്ചലില്‍ വികസനങ്ങളുടെ പെരുമഴയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നത്. പ്രധാനമന്ത്രിയുടെ അടുത്തടുത്ത സന്ദര്‍ശനങ്ങള്‍ തന്നെ ഇത്തരം പദ്ധതികള്‍ പ്രഖ്യാപിക്കുവാനാണ്. ഇവയില്‍ പലതും പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ബിജെപിക്കും വലിയ പ്രതീക്ഷയാണുള്ളത്.
"
https://www.facebook.com/Malayalivartha