തിരുവനന്തപുരം മലയിന്‍കീഴില്‍ റോഡരികില്‍ ബൈക്ക് നിര്‍ത്തി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ ബസ്സിടിച്ച് ഐടി ഉദ്യോഗസ്ഥന് ദാരുണാന്ത്യം

തിരുവനന്തപുരം മലയിന്‍കീഴില്‍ റോഡരികില്‍ ബൈക്ക് നിര്‍ത്തി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ ബസ്സിടിച്ച് ഐടി ഉദ്യോഗസ്ഥന് ദാരുണാന്ത്യം.
റോഡരികിലായി ബൈക്ക് നിറുത്തി മൊബൈലില്‍ സംസാരിക്കവെയാണ് പിന്നാലെ വന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് സോഫ്ട്‌വെയര്‍ എന്‍ജിനിയര്‍ മരിച്ചത്. ടെക്‌നോപാര്‍ക്കിലെ ഐ ഡയനാമിക് കമ്പനിയില്‍ ജോലിനോക്കുന്ന ശാന്തുമൂല പുലരിനഗര്‍ ശ്രുതിയില്‍ രഞ്ജിത്താണ് ദാരുണമായി (36) മരിച്ചത്.
നൈറ്റ് ഡ്യൂട്ടിക്ക് പോവുകയായിരുന്നു രഞ്ജിത്. അമിതവേഗത്തില്‍ വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി സിറ്റി ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് എതിര്‍ദിശയില്‍ വീഴുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ രഞ്ജിത് ബസിന്റെ പിന്‍ചക്രങ്ങള്‍ക്കടിയില്‍ പെട്ടു.
ഡ്രൈവര്‍ ഇറങ്ങി ഓടി മറഞ്ഞു. നാട്ടുകാരും പൊലീസും ചേര്‍ന്ന് വീലിനും ആക്‌സിലിനും ഇടയില്‍ കുരുങ്ങിയ രഞ്ജിതിനെ വളരെയേറെ പരിശ്രമിച്ചാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാത്രി 8.30തോടെ മലയിന്‍കീഴ് - പാപ്പനംകോട് റോഡില്‍ ചൂഴാറ്റുകോട്ട പമ്പ് ഹൗസിന് സമീപത്താണ് അപകടമുണ്ടായത്.
മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മാറനല്ലൂര്‍ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു. യശശ്ശരീരനായ പിന്നണി ഗായകന്‍ ബ്രഹ്മാനന്ദന്റെ അനുജന്‍ പരേതനായ പരമാനന്ദന്റെ മകനാണ് രഞ്ജിത്. മണക്കാട് വാടകയ്ക്ക് താമസിച്ചിരുന്ന രഞ്ജിത് കുടുംബസമേതം മലയിന്‍കീഴ് പുലരിനഗറില്‍ മൂന്നു വര്‍ഷം മുമ്പാണ് സ്ഥലം വാങ്ങി വീട് വച്ച് താമസമാക്കിയത്.
"
https://www.facebook.com/Malayalivartha