മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീം കോടതിയിൽ! രാത്രി വെള്ളം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്‌നാടിനെ വിലക്കണമെന്ന് കേരളം! ഒഴുക്കേണ്ട വെള്ളത്തിന്റെ അളവ് തീരുമാനിക്കാൻ ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു സമിതിക്ക് രൂപം നൽകണമെന്ന് കേരളത്തിന്റെ ആവശ്യം...

മുല്ലപെരിയാർ വിഷയത്തിൽ തമിഴ്‌നാടും കേരളവും കൊമ്പ് കോർക്കുന്നതിനിടയിലാണ് രാത്രി വെള്ളം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്‌നാടിനെ വിലക്കണമെന്ന ആവശ്യവുമായി കേരളം മുന്നിട്ടിറങ്ങുന്നത്. ഈ അപേക്ഷയിൽ ജസ്റ്റിസ് എ എം ഖാൻവീൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും. ഒഴുക്കേണ്ട വെള്ളത്തിന്റെ അളവ് തീരുമാനിക്കാൻ ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു സമിതിക്ക് രൂപം നൽകണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.
കേരളത്തിന്‍റെ പരാതി തള്ളി ഇന്നലെ തമിഴ്‌നാട് സര്‍ക്കാര്‍ മറുപടി ഫയൽ ചെയ്തിട്ടുണ്ട്. അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നിട്ടില്ല, തുറക്കുന്നതിന് മുൻപ് കൃത്യമായി കേരളത്തിനെ വിവരം അറിയിച്ചു, അണക്കെട്ടിലെ വെളളത്തിന്റെ അളവ് നോക്കിയാണ് തുറന്നത്, മുല്ലപ്പെരിയാറിൽ സംയുക്തസമിതി വേണമെന്ന കേരളം ഉന്നയിച്ച ആവശ്യം തളളണം എന്നും തമിഴ്‌നാട് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്ന് വിട്ടത് കാരണമുണ്ടായ നഷ്ടം തെളിയിക്കുന്നതിന് കേരളം ഹാജരാക്കിയ ഫോട്ടോകള്‍ക്ക് ആധികാരികത ഇല്ലെന്നും തമിഴ്‌നാട് ആരോപിക്കുന്നു. എവിടെ നിന്ന് എടുത്ത ചിത്രങ്ങളെന്ന് വ്യക്തമല്ല. പെരിയാറിന്റെ തീരത്തുള്ള അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ടത് കേരളത്തിന്റെ ബാധ്യതയാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha