കോവിഡ് പ്രതിരോധത്തിന്റെ പേരിൽ സംസ്ഥാനത്ത് നടക്കുന്നത് വൻ കൊള്ള; വെട്ടിച്ചത് ലക്ഷങ്ങൾ; 1500 രൂപക്കുള്ള തെര്‍മോമീറ്റര്‍ വാങ്ങിയത് 5400 രൂപയ്ക്ക്. ടെണ്ടറൊന്നും ആവശ്യമില്ലെന്നതിന്റെ ബലത്തിൽ കൈയ്യും കണക്കുമില്ലാതെ വാങ്ങിക്കൂട്ടിയതിന്‍റെ രേഖകളാണിതെല്ലാം.

സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ പേരിൽ നടക്കുന്നത് വൻ തട്ടിപ്പ്. കോവിഡിന്‍റെ പേരില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ വാങ്ങിയ ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്ററിന്‍റെ മറവിലും ലക്ഷങ്ങളുടെ വെട്ടിപ്പാണ് നടന്നത് . 1500 മുതല്‍ 2000 രൂപ വരെ വിലയ്ക്ക് തെര്‍മോമീറ്റര്‍ കിട്ടുമെന്നിരിക്കെ സര്‍ക്കാര്‍ കൊടുത്തത് ഒന്നിന് 5400 രൂപയാണ് . ഏറ്റവും മികച്ചത് 1500 രൂപയ്ക്ക് കിട്ടുമെന്ന് കരാറിലേര്‍പ്പെട്ട സര്‍ജിക്കല്‍ സ്ഥാപനം സമ്മതിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് എല്ലാവര്‍ക്കും സുപരിചതമായതാണ് ഇൻഫ്രാറെഡ് തെർമോമീറ്റർ. ആശുപത്രികളിലും സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലും എന്ന് വേണ്ട എല്ലായിടത്തും ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ചാണ് കടത്തിവിട്ടത്.
ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററാണ് ഇതിനായി ഉപയോഗിച്ചതും. സര്‍ക്കാരിനും ആശുപത്രിയിലടക്കം വിതരണം ചെയ്യാന്‍ ധാരാളം വേണ്ടി വന്നു. അടിയന്തര ആവശ്യത്തിന്റെ പേരില്‍ തൃശൂര്‍ സര്‍ജിക്കല്‍സ് എന്ന സ്ഥാപനം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുപ്പതിനാണ് സര്‍ക്കാരിന് ക്വട്ടേഷനയക്കുന്നത്. 5400 രൂപയ്ക്ക് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ നല്‍കാമെന്നായിരുന്നു ക്വട്ടേഷൻ. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷന്‍റെ അന്നത്തെ ജനറല്‍ മാനേജര്‍ ഡോക്ടര്‍ എസ് ആര്‍ ദിലീപ് കുമാര്‍ കമ്പനിയുമായി ചര്‍ച്ച ചെയ്യുന്നു. വിപണിവിലയുടെ മൂന്നിരട്ടി തീരുമാനിച്ച് ക്വട്ടേഷന്‍ കിട്ടിയ ദിവസം തന്നെ ഫയല്‍ തുടങ്ങുന്നു.
അന്ന് തന്നെ വൈകുന്നേരത്തിന് മുമ്പ് പര്‍ച്ചേസ് ഓര്‍ഡറും തയ്യാറാക്കി.
ഒരു ഉദ്യോഗസ്ഥന്‍ പോലും വിപണി വിലയെക്കുറിച്ച് ഫയലില്‍ ഒരക്ഷരം മിണ്ടിയില്ല. ജനറല്‍ മാനേജറുടെ തീരുമാനം അതുപോലെ നടപ്പായി. വിപണിവിലയുടെ മൂന്നിരട്ടി വിലയായ 5400 ന് തന്നെയാണ് കേരളത്തിലങ്ങോളമിങ്ങോളം സര്‍ക്കാര്‍ ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ വാങ്ങി നല്‍കിയത് എന്ന് ഈ രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാണ്. കൊവിഡ് വന്നതോടെ ടെണ്ടറൊന്നും ആവശ്യമില്ലെന്നതിന്റെ ബലത്തിൽ കൈയ്യും കണക്കുമില്ലാതെ സാധനസാമഗ്രികള്‍ സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയതിന്‍റെ രേഖകളാണിതെല്ലാം. ഒന്നാം പിണറായി സര്‍ക്കാര്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ കാട്ടിയ ആത്മാര്‍ത്ഥത പക്ഷേ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ കാണിച്ചില്ലെന്ന് വ്യക്തമാവുകയാണ്.
അതേസമയം സംസ്ഥാനത്തെ കൊവിഡ് മരണങ്ങളിലുണ്ടായ വൻ വർധനവിനെക്കുറിച്ച് കേന്ദ്രസർക്കാർ നേരിട്ട് അന്വേഷിക്കും. പ്രതിദിന കൊവിഡ് കേസുകളും മരണങ്ങളും കേരളത്തിൽ കുറഞ്ഞു വരികയാണെങ്കിലും മുൻകാലങ്ങളിൽ സ്ഥിരീകരിക്കാതിരുന്ന ആയിരക്കണക്കിന് മരണങ്ങളാണ് ഇക്കഴിഞ്ഞ മാസങ്ങളിൽ ഒരോ ദിവസവും ആരോഗ്യവകുപ്പ് പട്ടികയിൽ ചേർക്കുന്നത്. ഈ കണക്കുകൾ പരിശോധിക്കാനും അന്വേഷിക്കാനുമാണ് പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
കേരളത്തോടൊപ്പം മിസ്സോറാമിലേക്കും പ്രത്യേക സംഘത്തെ കേന്ദ്രസർക്കാർ അയക്കുന്നുണ്ട്. നിലവിൽ കൊവിഡ് വ്യാപനം ഏറ്റവും ശക്തമായി തുടരുന്ന സംസ്ഥാനമെന്ന നിലയിലാണ് മിസ്സോറാമിലേക്ക് പ്രത്യേക സംഘത്തെ കേന്ദ്രസർക്കാർ അയക്കുന്നത്. ഡോ.പി.രവീന്ദ്രൻ, ഡോ.രുചി ജെയിൻ, ഡോ.പ്രണയ് വർമ്മ എന്നിവരടങ്ങിയ സംഘമാണ് കേരളത്തിൽ എത്തുന്നത്. കേരളത്തിലെ കൊവിഡ് പരിശോധന സംവിധാനങ്ങൾ, സമ്പർക്കപ്പട്ടിക തയ്യാറാക്കുന്ന രീതി, കണ്ടെയ്മൻമെൻ്റ സോണുകളുടെ നിർണയം, ഹോസ്പിറ്റൽ ബെഡുകളുടെ ലഭ്യത, ആംബുലൻസ് മറ്റു അനുബന്ധ സൌകര്യങ്ങൾ കൊവിഡ് വാക്സീനേഷനിലെ പുരോഗതി എന്നിവയെല്ലാം സംഘം പരിശോധിക്കും.
https://www.facebook.com/Malayalivartha