തമിഴ്നാടിന്റെ ഈ തോന്നിവാസം ഇവിടെ നടക്കില്ല, മുന്നറിയിപ്പില്ലാതെ ഏകപക്ഷീയമായി ഡാം തുറന്നുവിടുന്ന നടപടി ചോദ്യം ചെയ്ത് കേരളം സമർപ്പിച്ച അപേക്ഷ സുപ്രീം കോടതിയിൽ, മുല്ലപ്പെരിയാറില്‍ നിന്ന് പലതവണ വെള്ളം ഒഴുക്കി വിട്ടതോടെ വീടുകള്‍ക്ക് ബലക്ഷയം, പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് നഷ്ട പരിഹാരം നൽകിയില്ല

മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പില്ലാതെ ഏകപക്ഷീയമായി ഡാം തുറന്നുവിടുന്ന തമിഴ്നാടിന്‍റെ നടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് മൂലം പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറുന്നതടക്കമുള്ള വിഷയങ്ങള്‍ കേരളം അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ജനജീവിതം അപകടത്തിലാക്കുന്ന തമിഴ്നാടിന്‍റെ നടപടി തടയണമെന്ന് കേരളം ശക്തമായി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിലും തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവിലും തീരുമാനം എടുക്കാന്‍ കേരള തമിഴ്നാട് പ്രതിനിധികള്‍ ഉള്‍പ്പെട്ട ഒരു സാങ്കേതിക സമിതി രൂപീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുന്നറിയിപ്പ് നല്‍കിയാണ് വെള്ളം തുറന്നുവിട്ടതെന്ന് തമിഴ്നാട് നല്‍കിയ സത്യവാങ്മൂലത്തിലുണ്ട്.
വെള്ളം തുറന്ന് വിടുന്നതില്‍ തീരുമാനം എടുക്കാന്‍ സംയുക്ത സമിതി വേണമെന്ന ആവശ്യവും തമിഴ്നാട് തള്ളിയിരുന്നു. അണക്കെട്ട് ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്ക് കേരളം തടസം നില്‍ക്കുന്നുവെന്നും തമിഴ്നാട് സത്യവാങ്മൂലത്തില്‍ ആരോപിച്ചു. തുടര്‍ച്ചയായി രാത്രികാലത്ത് തമിഴ്നാട് മുല്ലപ്പെരിയാറില്‍ നിന്ന് വന്‍തോതില്‍ വെള്ളം ഒഴുക്കിവിട്ടതോടെ പെരിയാറില്‍ ജലനിരപ്പ് കൂടി. സമീപത്തെ വീടുകളില്‍ വെള്ളം കയറുന്ന സാഹചര്യമുണ്ടായി. തുടര്‍ന്നാണ് കേരളം തമിഴ്നാടിനെതിരെ സുപ്രിം കോടതിയില്‍ ഹർജി നല്‍കിയത്.
അതേസമയം, മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നതോടെ പലതവണ വീടുകളിൽ വെള്ളം കയറിയിട്ടും പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് നഷ്ട പരിഹാരം നൽകിയിട്ടില്ല. പലർക്കും വീട്ടുസാധനങ്ങളും തുണിയുമൊക്കെ നഷ്ടമായി. രണ്ടാഴ്ചയോളം പണിക്കും പോകാനായില്ല. കടശ്ശിക്കാട്, മഞ്ചുമല, ചുരക്കുളം എന്നീ ഭാഗത്തെ വീടുകളിലാണ് ഏറ്റവും കൂടുതൽ തവണ പ്രളയ സമാനമായ രീതിയിൽ വെള്ളമെത്തിയത്. പക്ഷേ ദിവസങ്ങൾ കഴിഞ്ഞിട്ടും കണക്കെടുപ്പല്ലാതെ മറ്റൊന്നും നടന്നില്ല. വെള്ളം കയറിയ വീടുകൾക്കെല്ലാം ബലക്ഷയമുണ്ട്. പലരുടെയും വയറിംഗ് നശിച്ചു.
ചെളികയറിയ വീടുകൾ പലതവണ വൃത്തിയാക്കേണ്ടി വന്നു. കിണറുകളിൽ മലിനജലം എത്തിയത് രോഗങ്ങൾക്കും കാരണമായി. മഞ്ചുമല വില്ലേജിൽ മാത്രം 43 ലക്ഷം രൂപയുടെ നാശനഷ്ടമാണ് വീടുകൾക്കുണ്ടായത്. 50 ലക്ഷത്തിലധികം രൂപയുടെ തൊഴിൽ നഷ്ടവുമുണ്ടായി.
മുല്ലപ്പെരിയാർ സ്പിൽവേയിൽ നിന്നും കുതിച്ചൊഴുകിയ വെളളം ഇത്തവണ ആറ് തവണയാണ് വള്ളക്കടവ് മുതൽ കീരിക്കര വരെയുള്ള ഭാഗത്തെ വീടുകളിൽ കയറിയത്. ഔദ്യോഗിക കണക്കനുസരിച്ച് രണ്ടു വില്ലേജുകളിലായി 122 വീടുകളിൽ വെള്ളം കയറിയെന്നാണ് കണക്കുകൾ.
https://www.facebook.com/Malayalivartha