വീട്ടിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം യാത്ര പോകാറുണ്ടായിരുന്നു; കാണാതായതിന്റെ അന്ന് ഈ രീതിയിൽ യാത്ര പോയതാണെന്നാണ് ബന്ധുക്കൾ കരുതിയത്; എന്നാൽ, രണ്ടു ദിവസം കഴിഞ്ഞിട്ടും മടങ്ങിയെത്താതെ വന്നതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി; കോട്ടയം മാന്നാനത്തെ വീട്ടിൽ നിന്നും കാണാതായ യുവാവിനെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മൂന്നു ദിവസം മുൻപ് മാന്നാനത്തെ വീട്ടിൽ നിന്നും കാണാതായ യുവാവിനെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആർപ്പൂക്കര കസ്തൂർബാ ജംഗ്ഷനു സമീപത്ത് മീനച്ചിലാറ്റിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. അതിരമ്പുഴ മാന്നാനം ചാത്തുണ്ണിപ്പാറ അഞ്ചലിൽ വീട്ടിൽ പ്രശാന്ത് കെ.ആറി(43 )ന്റെ മൃതദേഹമാണ് മീനച്ചിലാറ്റിൽ നിന്നും കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയാണ് യുവാവിന്റെ മൃതദേഹം ആറ്റിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തി അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. തുടർന്നു നടത്തിയ പരിശോധനയിലാണ് മരിച്ചത് പ്രശാന്താണെന്നു കണ്ടെത്തിയത്.
മൂന്നു ദിവസം മുൻപാണ് പ്രശാന്തിനെ വീട്ടിൽ നിന്നും കാണാതായത്. മുൻപ് സമാന രീതിയിൽ വീട്ടിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം പ്രശാന്ത് യാത്ര പോകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഈ രീതിയിൽ യാത്ര പോയതാണെന്നാണ് ബന്ധുക്കൾ കരുതിയിരുന്നത്. എന്നാൽ, രണ്ടു ദിവസം കഴിഞ്ഞിട്ടും മടങ്ങിയെത്താതെ വന്നതോടെ ഇവർ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയത്.
ഇതേ തുടർന്നു പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രശാന്തിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തും. പ്രശാന്തിന്റെ മരണകാരണം അടക്കമുള്ള കാര്യങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. എന്നാൽ, മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നു ഗാന്ധിനഗർ പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha