നിമിഷപ്രിയയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനങ്ങള്‍; ഭീഷണിപ്പെടുത്തി വിവാഹം; യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷയുടെ തൂക്കുകയര്‍ ഒഴിവാകുമോ ?

നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി നാട്ടില്‍ നിന്ന് വിമാനം കയറി യെമനിലെത്തിയതാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ. എന്നാല്‍ യെമനില്‍ നിമിഷയെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. ചതിയും ക്രൂരപീഡനങ്ങളും നേരിട്ട് ഒടുവില്‍ കുറ്റവാളിയാക്കപ്പെട്ട് വധശിക്ഷയിലേക്ക് വരെ എത്തിനില്‍ക്കുകയാണ് നിമിഷയുടെ ജീവിതം.
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവ് ലഭിക്കുമോയെന്ന കാര്യത്തില്‍ അന്തിമവിധി ഉടന്‍ ഉണ്ടായേക്കും. കഴിഞ്ഞ ദിവസമാണ് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായത്. കേസില്‍ ജനുവരി മൂന്നിന് അന്തിമ തീരുമാനമുണ്ടായേക്കും.
സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീപര്യന്തമായി ഇളവ് ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്നാണ് നിമിഷയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. കൂടുതല്‍ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ അത് മൂന്നിന് പറയണമെന്നാണ് കോടതി നിര്‍ദേശം. തലാല്‍ അബ്ദു മെഹ്ദി എന്ന യെമന്‍ പൗരനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറിക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്കെതിരെയുളള കേസ്. 2017 ജൂലൈ 25നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വ്യാജ രേഖകള്‍ ചമച്ച് നിമിഷയെ താന്‍ വിവാഹം കഴിച്ചെന്ന് തലാല്‍ അവകാശപ്പെട്ടിരുന്നു.
സംഭവമിങ്ങനെ...
യെമനില്‍ നഴ്സായി ജോലിചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങുന്നതിനു വേണ്ടിയാണ് തലാല്‍ അബ്ദു മെഹ്ദി എന്ന യെമന്‍ പൗരന്റെ സഹായം നിമിഷപ്രിയ തേടിയത്. എന്നാല്‍ തലാല്‍ സാമ്പത്തികമായി ചതിക്കുകയും പാസ്‌പോര്‍ട്ട് പിടിച്ചുവച്ച് ഭാര്യയാക്കാന്‍ ശ്രമിക്കുകയും ക്രൂരപീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്‌തെന്നാണ് നിമിഷയുടെ വാദം.
പീഡനങ്ങള്‍ സഹിക്കാനാകാതെ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യെമന്‍ സ്വദേശിനിയായ യുവതിയുടെയും യുവാവിന്റെയും സഹായത്തോടെ അമിത ഡോസ് മരുന്ന് കുത്തിവച്ച് നിമിഷ തലാലിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ യെമനിലെ കീഴ്ക്കോടതിയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. നിമിഷയുടെ സഹപ്രവര്‍ത്തകയും യെമന്‍ സ്വദേശിനിയുമായ ഹനാനും കേസില്‍ വിചാരണ നേരിടുന്നുണ്ട്.
തലാല്‍ ക്ലിനിക്ക് കൈയ്യടക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതോടെ നിമിഷ ആറ് തവണ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായി നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് മുന്‍പ് പറഞ്ഞിരുന്നു. സനായിലെ ജയിലിലാണ് നിമിഷ ഇപ്പോള്‍. പാസ്‌പോര്‍ട്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തലാലിനെ അനസ്‌തേഷ്യ നല്‍കാന്‍ ഉപയോഗിക്കുന്ന കീറ്റമിന്‍ ഉപയോഗിച്ച് ബോധം കെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇയാളെ കൊല്ലാന്‍ തനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് നിമിഷ പറഞ്ഞിരുന്നു.
പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുക, നാട്ടില്‍ പോകാന്‍ അനുവദിക്കാതെ പീഡിപ്പിക്കുക, ലൈംഗികവൈകൃതങ്ങള്‍ക്കായി ഭീഷണിപ്പെടുത്തുക തുടങ്ങി നിരവധി പീഡനങ്ങള്‍ക്ക് നിമിഷ ഇരയായി. ഇതിനിടെ ദയാഹര്‍ജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ നിമിഷയെ സന്ദര്‍ശിച്ചിരുന്നു. തന്നെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് സഹായമഭ്യര്‍ഥിച്ച് നിമിഷ മുഖ്യമന്ത്രി പിണറായി വിജയനും കത്ത് അയച്ചിരുന്നു.
കൊലപാതകക്കേസ് പരിഗണിച്ചപ്പോള്‍ തനിക്ക് ഒരു നിയമസഹായവും ലഭിച്ചില്ലെന്ന് നിമിഷ പറഞ്ഞിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ബ്ലഡ് മണി സ്വീകരിക്കാന്‍ തയാറായിരുന്നു. നിമിഷയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി വിട്ടയയ്ക്കണമെന്ന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha