പെരുമ്പാവൂർ സിഐ ആയിരിക്കെ ബൈജു പൗലോസായിരുന്നു നടിയെ ആക്രമിച്ച കേസ് അന്വേഷിച്ചത്; കേരളാ പൊലീസിലെ ആക്ഷൻ ഹീറോ എന്ന വിളിപ്പോരുള്ള ബൈജു വീണ്ടും ഈ കേസ് അന്വേഷണത്തിന് എത്താനുള്ള സാധ്യത കൂടുതൽ

ദിലീപിനെ ഊരാക്കുടുക്കിലേക്ക് നയിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകൾ നടത്തി മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ എത്തിയിരുന്നു. ഇതിനു പിന്നാലെ ഒരു ഓഡിയോയും പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതാ നടിയെ അക്രമിച്ച കേസ് വീണ്ടും സമൂഹത്തിൽ ചർച്ച വിഷയമാകുകയാണ്. എല്ലാം അവസാനിച്ചെന്നും കാര്യങ്ങൾ ഏതാണ്ട് ഒതുങ്ങുകയും ചെയ്തെന്നു വിചാരിച്ചിരുന്ന സമയത്ത് ആണ് വീണ്ടും ഈ കേസിൽ വഴിത്തിരിവുകൾ ഉണ്ടായത്.
ഈയൊരു സാഹചര്യത്തിൽ അതിനിർണ്ണായകമായ മറ്റൊരു വെളിപ്പെടുത്തൽ കൂടെ പുറത്ത് വരുന്നു. പെരുമ്പാവൂർ സിഐ ആയിരിക്കെ ബൈജു പൗലോസായിരുന്നു നടിയെ ആക്രമിച്ച കേസ് അന്വേഷിച്ചത്. കേരളാ പൊലീസിലെ ആക്ഷൻ ഹീറോ എന്ന വിളിപ്പോരുള്ള ബൈജു വീണ്ടും ഈ കേസ് അന്വേഷണത്തിന് എത്താനുള്ള സാധ്യത കൂടുകയാണ്.അത്തരത്തിലുള്ള അഭ്യൂഹങ്ങളും ഇപ്പോൾ ശക്തമാകുകയാണ് .
നടിക്കെതിരേ നടന്ന ആക്രമണക്കേസിൽ നടൻ ദിലീപ് അറസ്റ്റിലായപ്പോൾ കേരളാ പൊലീസിനു അത് വലിയ ബഹുമതി ആയിരുന്നു. ദിലീപിനെ കുടുക്കിയതുമായി ബന്ധപ്പെട്ട് പല കഥകൾ പ്രചരിക്കുമ്പോഴും എല്ലാവരും തന്ത്രങ്ങളൊരുക്കിയതിന്റെ ക്രെഡിറ്റ് നൽകിയത് ബൈജു പൗലോസ് എന്ന സർക്കിൾ ഇൻസ്പെക്ടർക്കാണ്.
നടിക്കെതിരേയുള്ള ആക്രമണ കേസിൽ നിര്‍ണായക വഴിത്തിരിവുകളുണ്ടായത് അദ്ദേഹത്തിന്റെ ഇടപെടലുകൾ കൊണ്ടായിരുന്നു . കേസ് വഴിമുട്ടി നിൽക്കുമ്പോൾ ബൈജു നടത്തിയ നീക്കങ്ങളാണ് ദിലീപെന്ന പ്രതിയിലേക്ക് എത്തിച്ചത്. സുനിയുടെ ഒപ്പം പൊലീസ് ചാരനെ നിയോഗിച്ചതടക്കമുള്ള ബുദ്ധി ബൈജു പൗലോസിന്റെ ആണെന്ന സൂചനകളും അന്ന് ശക്തമായിരുന്നു . അതുവഴി ദിലീപിലേക്കെത്തിയ ബൈജുവിന്റെ ഓരോ നീക്കങ്ങളും സൂക്ഷ്മതയോടെയായിരുന്നു .
കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷായെയും 13 മണിക്കൂർ ചോദ്യം ചെയ്ത് മാരത്തോണ്‍ തെളിവുശേഖരണത്തിന് പിന്നിലും ബൈജു പൗലോസിന്റെ ബുദ്ധിയായിരുന്നു. ദിലീപിന്റെയും നാദിര്‍ഷായുടെയും മൊഴികളിലെ വൈരുധ്യം കണ്ടെത്തി ബൈജു പൗലോസിന്റെ സംഘം അതീവ രഹസ്യമായി തെളിവുകള്‍ ശേഖരിക്കുകയുണ്ടായി. പള്‍സര്‍ സുനി തന്റെ ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നില്ലെന്ന ദിലീപിന്റെ വാദം ആദ്യം തന്നെ പൊളിച്ചടുക്കി. സുനിയുമായി ദിലീപിനു ബന്ധമുണ്ടെന്നു പൊലീസിനു വ്യക്തമായിരുന്നു.
പക്ഷെ അതു തെളിയിക്കാനുള്ള മാർഗം അന്വേഷിക്കുമ്പോൾ ടെന്നിസ് ക്ലബ്ബിലെ ഒരു സെൽഫി കിട്ടുകയുണ്ടായി . ദിലീപ് അവിടെ എത്തിയതിനെക്കുറിച്ചു ചോദിക്കാനായി ക്ലബ് ജീവനക്കാരനെ പൊലീസ് ആലുവയിലേക്കു വിളിപ്പിച്ചു . അവിടെ വച്ചു വിവരങ്ങൾ ശേഖരിച്ചശേഷം പോകാൻ തുടങ്ങുമ്പോഴാണ് എന്നാണു ദിലീപ് എത്തിയതെന്നു ബൈജു പൗലോസ് വീണ്ടും ചോദിച്ചത്. തീയതി അറിയാത്തതുകൊണ്ടുള്ള ചോദ്യം ആയിരുന്നില്ല ഇത്. എന്തെങ്കിലും തുമ്പ് കിട്ടാനായിരുന്നു . തീയതി അറിയാനായി ജീവനക്കാരൻ മൊബൈൽ ഫോൺ എടുത്തുനോക്കി.
എന്താണു നോക്കുന്നതെന്നു ചോദിച്ചപ്പോൾ അവിടെ വന്നപ്പോൾ സെൽഫി എടുത്തിരുന്നെന്നും അതിലെ തീയതി നോക്കുകയാണെന്നും പറഞ്ഞു. ഉടൻ ഫോൺ വാങ്ങിയ പൊലീസ് സെൽഫികൾ പരിശോധിക്കുകയും ചെയ്തു . അപ്പോഴാണു സുനി പിന്നിൽ നിൽക്കുന്നതു പൊലീസ് കണ്ടത്. പൾസർ സുനി അവിടെ എത്തിയത് എന്തിനാണെന്ന ചോദ്യം ദിലീപിലേക്കെത്തുകയും ചെയ്തു .
തുടര്‍ന്നായിരുന്നു കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ റെയ്ഡ് നടന്നത് . മാധ്യമങ്ങള്‍ക്ക് ഒരു വിധത്തിലും കേസിന്റെ വിവരങ്ങള്‍ ചോര്‍ന്നുകിട്ടാതിരിക്കാന്‍ ജാഗ്രതയോടെ ബൈജു നീക്കങ്ങൾ നടത്തി . പൊലീസിലെ തന്നെ ഉന്നതരില്‍ ചിലര്‍ ഇക്കാര്യങ്ങളൊന്നും അറിഞ്ഞതുപോലുമുണ്ടായിരുന്നില്ല.
ഇതിനിടെയായിരുന്നു ഒരുഘട്ടത്തില്‍ ദിലീപിനെ ന്യായീകരിക്കാന്‍ വരെ വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ എത്തിയത്. അദ്ദേഹം ചുമതലയിൽ ഇരുന്നപ്പോൾ ബൈജുവിനെ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി അന്വേഷണത്തിന്റെ നിര്‍ണായക ചുമതലകളില്‍ നിന്ന് പരോക്ഷമായി ഒഴിവാക്കാനും ശ്രമം നടന്നിരുന്നു.
പക്ഷേ എതിര്‍പ്പുകളെ തൃണവൽക്കരിച്ചായിരുന്നു ബൈജു പൗലോസിന്റെ മുന്നോട്ടുള്ള ഓരോ നീക്കങ്ങളും . അപ്പുണ്ണിയെയും നാദിര്‍ഷയേയും ജയിലില്‍ നിന്ന് വിളിച്ചിരുന്നുവെന്ന പള്‍സര്‍ സുനിയുടെ മൊഴി ദിലീപിനുള്ള കുരുക്ക് മുറുക്കുകയും ചെയ്തു . എന്നിട്ടും അറസ്റ്റ് വൈകിപ്പിക്കാന്‍ കാരണം ഒരുതരത്തിലും കുറ്റവാളി വഴുതിപ്പോകരുതെന്ന ബൈജുവിന്റെ ജാഗ്രതയായിരുന്നു. എന്തായാലും കേസിൽ പുതിയ വെളിപ്പെടുത്തലുകൾ വന്ന സ്ഥിതിക്ക് ബൈജു വീണ്ടും ഈ കേസ് അന്വേഷണത്തിന് എത്താനുള്ള സാധ്യത കൂടുകയാണ്.
https://www.facebook.com/Malayalivartha