സ്വന്തം ഭർത്താവിന്റെ വീട്ടിലൊരു വേലക്കാരിയെ പോലെ കഴിയുന്നതിന്റെ ബുദ്ധിമുട്ട്; ഭർത്താവിന്റെ കാമാസക്തി തീർക്കാനുള്ള യന്ത്രമായി താൻ മാറിയതിന്റെ നിസ്സഹായാവസ്ഥ; കുടുംബത്തെയും നാട്ടുക്കാരെയുമോർത്ത് പലതും വേണ്ടെന്ന് വയ്ക്കാൻ നിർബന്ധിതരാകുന്ന സ്ത്രീകൾ; നീ ഒരു പെണ്ണാണ് അതുകൊണ്ട് നീ എല്ലാം സഹിക്കണം എന്നു പറയുന്നവർക്കുള്ള കിടിലൻ മറുപടി; സാമൂഹിക പ്രസക്തിയുള്ള ഷോർട്ട് ഫിലിം 'പ്രിൻസും മുംതാസും' ചർച്ചയാകുന്നു

പ്രണയം എന്നത് മനോഹരമായ ഒരു കാര്യമാണ്. പലരും പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യാറുണ്ട്. എന്നാൽ പലരുടെയും പ്രണയം പലപല കാരണങ്ങളാൽ പകുതിയിൽ വച്ചു മുറിഞ്ഞു പോകാറുണ്ട്. ജാതി,മതം, കുടുംബം ഒക്കെ വരുമ്പോൾ പലരുടെയും പ്രണയങ്ങളിൽ തടസ്സങ്ങൾ നേരിടാറുണ്ട്. മാത്രമല്ല വിവാഹം കഴിഞ്ഞ സ്ത്രീകൾ വീടിനുള്ളിൽ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ത്യാഗങ്ങളും സമൂഹം ഇതിനോടകം തന്നെ ചർച്ച ചെയ്യുന്ന വിഷയങ്ങളാണ്.
ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഒരു ഷോർട്ട് ഫിലിം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം ചർച്ചയാവുന്നു. ഡോൺ തോമസ് എബ്രഹാം സംവിധാനം ചെയ്ത 'പ്രിൻസും മുംതാസും' എന്ന ഷോർട്ട് ഫിലിമാണ് സോഷ്യൽ മീഡിയയെ പുതിയ ചർച്ചകളിലേക്ക് നയിച്ചിരിക്കുന്നത്. നീ ഒരു പെണ്ണാണ് അതുകൊണ്ട് നീ എല്ലാം സഹിക്കണം എന്നു പറയുന്നവർ കാണേണ്ട ഷോർട്ട് ഫിലിം തന്നെയാണ് ഇത്.
ഇരു മതത്തിൽ പെട്ട രണ്ടു പേർ തമ്മിൽ പ്രണയിക്കുകയും എന്നാൽ മതപരമായ പ്രശ്നങ്ങൾ കാരണവും കുടുംബത്തെ ഓർത്തും പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറുകയും ചെയ്യുന്നു. വീട്ടുകാർ കണ്ടു പിടിച്ച ആളെ വിവാഹം കഴിച്ച് ജീവിക്കുന്ന ആ പെൺകുട്ടി ഒരു ദിവസം തന്റെ പഴയ കാമുകനെ തേടി വരുന്നതാണ് കഥ. താൻ ഇപ്പോൾ നേരിടുന്ന വലിയ പ്രശ്നങ്ങൾ പെൺകുട്ടി വിവരിക്കുന്നുണ്ട്.
സ്വന്തം ഭർത്താവിന്റെ വീട്ടിലൊരു വേലക്കാരിയെ പോലെ കഴിയുന്നതിന്റെ ബുദ്ധിമുട്ടും ഭർത്താവിന്റെ കാമാസക്തി തീർക്കാനുള്ള യന്ത്രമായി താൻ മാറിയതിന്റെ നിസ്സഹായാവസ്ഥയും പെൺകുട്ടി വിവരിക്കുന്നു. കോളേജിൽ പഠിക്കുമ്പോൾ മുംതാസ് എന്ന കഥാപാത്രം വളരെയധികം ബോൾഡ് ആയിട്ടുള്ള ഒരാളായിരുന്നു. പാർട്ടി പ്രവർത്തനവും ഒക്കെയായി സ്ത്രീകൾക്കുവേണ്ടി ശക്തമായി പോരാടുന്ന ഒരാളായിരുന്നു.
എന്നാൽ കല്യാണം കഴിഞ്ഞതോടെ ഈ ധൈര്യത്തിന് ഇടിവ് സംഭവിച്ചു. തന്റെ മുന്നിൽ നിസ്സഹായാവസ്ഥയിൽ നിൽക്കുന്ന മുംതാസിനോട് ഒന്നും സഹിച്ച് നിൽക്കേണ്ട ആവശ്യമില്ലെന്നും വളരെ ബോൾഡ് ആയിട്ട് നല്ലൊരു തീരുമാനമെടുക്കാനും പ്രിൻസ് ഉപദേശിക്കുന്നതുമാണ് ഷോർട്ട് ഫിലിമിന്റെ ഉള്ളടക്കം . വളരെയധികം സാമൂഹികപ്രസക്തിയുള്ള ഒരു വിഷയമാണ് കഥാതന്തു.
പല സ്ത്രീകളും വീടുകളിൽ അനുഭവിക്കുന്ന വലിയൊരു പ്രശ്നം തന്നെയാണ് ഈ ഷോർട്ട് ഫിലിമിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പലതും ഓർത്ത് ദാമ്പത്യജീവിതത്തിൽ കഷ്ടപ്പാടുകൾ കടിച്ചുപിടിച്ച് എത്രയോ സ്ത്രീകൾ നമ്മുടെ ചുറ്റുമുണ്ട്. പല അതിർവരമ്പുകൾ സ്ത്രീക്ക് ചുറ്റുമുള്ളതിനാൽ അവർക്ക് ഇഷ്ടമുള്ള പലതിനെയും ഉപേക്ഷിക്കേണ്ടുന്ന ഗതിക്കേടും സ്ത്രീകൾക്കുണ്ട്.
അങ്ങനെ ഉള്ള അവസ്ഥയെ ചൂണ്ടിക്കാണിക്കുകയാണ് ഈ ഷോർട്ട് ഫിലിമിലൂടെ. പല സ്ത്രീകൾക്കും ഉണ്ടാകുന്ന കാര്യങ്ങൾ തന്നെയാണ് ഇതിൽ പറയുന്നത്. സ്ത്രീകൾക്ക് മാത്രം ഒന്നും ചെയ്യാൻ പാടില്ല. നാട്ടുകാരെ പേടിച്ചു ജീവിക്കണം എന്ന അവസ്ഥയാണ് സ്ത്രീകൾ നേരിടുന്നത്. പെൺകുട്ടികൾക്കും അവരുടേതായിട്ടുള്ള സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ട്.
പലർക്കും അത് നേടിയെടുക്കാൻ സാധിക്കാതെ പോകുന്നത് ഇത്തരം സന്ദർഭങ്ങളിൽ ആണ്. സ്വാതന്ത്ര്യം കിട്ടിയിട്ടും നമ്മൾ എല്ലാം സ്വാതന്ത്ര്യത്തോടെ ആണോ ജീവിക്കുന്നത് എന്ന ചിന്ത ഉണർത്തുകയാണ് 'പ്രിൻസും മുംതാസും' . സ്ത്രീകളുടെ ജീവിതം അടുക്കളയിൽ ഒതുങ്ങേണ്ടുന്നത് അല്ല.
അവരുടെ ലക്ഷ്യങ്ങളിലേക്ക് ചിറകടിച്ച് ഉയരുക തന്നെ വേണം എന്ന സന്ദേശം ഈ ഷോർട്ട് ഫിലിം നൽകുന്നു . ഡോൺ തോമസ് എബ്രഹാമിന്റെ സംവിധാനത്തിൽ തയ്യറാക്കിയ ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നത് പ്രമുഖ യൂട്യൂബറായ രാഹുലും അനഘയുമാണ്. എഡിറ്റിങ് രാജീവ് ലക്ഷ്മിയും ക്യാമറ പ്രണവ് സുദർശനുമാണ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha