അമ്പരപ്പോടെ ശ്രുതിലക്ഷ്മി... മോന്‍സനുമായി മറ്റ് ഇടപാടുകളില്ലെന്ന് ആണയിട്ട് ശ്രതിലക്ഷ്മി; ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്തത് 4 മണിക്കൂറോളം; പ്രധാനമായും അന്വേഷണ സംഘം ചോദിച്ചത് മോന്‍സനുമായുള്ള ബന്ധങ്ങളെക്കുറിച്ച്; വീണ്ടും മോന്‍സന്‍ രംഗത്ത്

പുരാവസ്തു തട്ടിപ്പു കേസില്‍ മോന്‍സന്‍ മാവുങ്കല്‍ അറസ്റ്റിലായ സമയത്താണ് സിനിമാ താരം ശ്രുതിലക്ഷ്മി വാര്‍ത്തകളില്‍ നിറഞ്ഞത്. മോന്‍സനും താനുമായി അടുപ്പമുണ്ടെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നു ശ്രുതി ലക്ഷ്മി വ്യക്തമാക്കി. പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട നൃത്തപരിപാടികളില്‍ പങ്കെടുത്തതും മറ്റു മെഗാ ഷോകളില്‍ പരിപാടി അവതരിപ്പിച്ചതുമാണ് മോന്‍സനുമായുള്ള ഏക ബന്ധമെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു.
മോന്‍സനു വേണ്ടി അവതരിപ്പിച്ച പരിപാടികളുടെ വിഡിയോകളാണ് പ്രചരിക്കുന്നത്. തികച്ചും പ്രഫഷനലായ ബന്ധം മാത്രമേ അദ്ദേഹവുമായുള്ളൂ. ഒരു ഡോക്ടര്‍ എന്ന നിലയിലും അദ്ദേഹത്തില്‍നിന്നു സേവനം ലഭിച്ചിട്ടുണ്ട്. വളരെ നന്നായി ഇടപെടുന്ന വ്യക്തിയായതുകൊണ്ടാണ് അദ്ദേഹം വിളിച്ച പരിപാടികളില്‍ പങ്കെടുത്തത്, എന്നാല്‍ തട്ടിപ്പുകാരനാണെ വാര്‍ത്തകള്‍ കേട്ട് ഞെട്ടിപ്പോയി എന്നും ശ്രുതി ലക്ഷ്മി പറഞ്ഞു.
ഇപ്പോഴിതാ ശ്രുതിലക്ഷ്മിയെ ഇഡി 4 മണിക്കൂര്‍ ചോദ്യം ചെയ്തു. പുരാവസ്തു തട്ടിപ്പു കേസില്‍ ജയിലിലുള്ള മോന്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്തത്. മൊഴി എടുത്ത ശേഷം നടിയെ ഇഡി വിട്ടയച്ചു. മോന്‍സനുമായുള്ള ബന്ധങ്ങളെക്കുറിച്ചാണ് അന്വേഷണ സംഘം പ്രധാനമായും നടിയോടു ചോദിച്ചത്.
അതേസമയം മോന്‍സനുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിട്ടില്ലെന്നാണു നടിയുടെ നിലപാട്. മോണ്‍സന്‍ തട്ടിപ്പുകാരനാണെന്നു അറിയില്ലായിരുന്നെന്നും നടി വ്യക്തമാക്കി. മോന്‍സനുമായുള്ള ബന്ധം കലാകാരിയെന്ന നിലയില്‍ മാത്രമാണ്. കോര്‍ഡിനേറ്റര്‍ വഴിയും പിന്നീട് മോന്‍സന്റെ സ്റ്റാഫ് വഴിയും വിവിധ പരിപാടികള്‍ നടത്തിയതായി ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ ശ്രുതി ലക്ഷ്മി മാധ്യമങ്ങളോടു പറഞ്ഞു.
മോന്‍സന്റെ ഭാഗത്തുനിന്നു തെറ്റായ പെരുമാറ്റമുണ്ടായിട്ടില്ലെന്നും നടി പറഞ്ഞു. അതുകൊണ്ടു തന്നെ സംശയങ്ങള്‍ തോന്നിയിരുന്നില്ല. മാധ്യമവാര്‍ത്തകളിലൂടെയാണ് മോന്‍സന്റെ തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞതെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു.
നേരത്തെയും ശ്രുതിലക്ഷ്മി ഇതിനെപ്പറ്റി പ്രതികരിച്ചിരുന്നു. നമുക്ക് കോടികളുടെ ബിസിനസ്സോ ബന്ധങ്ങളോ ഇല്ല, ഒരു കലാകാരി എന്ന നിലയില്‍ ഒരു ചെറിയ ജീവിതമാണ് ഉള്ളത്.അദ്ദേഹം ഒരു ഡോക്ടര്‍ ആണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടി കൊഴിച്ചില്‍. അത് സാധാരണ മുടി കൊഴിച്ചില്‍ അല്ല, അലോപ്പേഷ്യ എന്ന അസുഖമാണ്. ഒരുപാട് ആശുപത്രികളില്‍ ചികില്‍സിച്ചിട്ടു മാറാത്ത അസുഖം അദ്ദേഹം മരുന്നു തന്നപ്പോള്‍ മാറി. അത് എനിക്ക് വളരെ ആശ്വാസം തന്ന കാര്യമായിരുന്നു. ഡോക്ടര്‍ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു. പക്ഷേ അദ്ദേഹം ഡോക്ടറല്ല എന്ന വാര്‍ത്ത എന്നെ ഞെട്ടിച്ചിരിക്കുകയാണ്.
ചെന്നൈയില്‍ ഒരു തമിഴ് സീരിയലിന്റെ ഷൂട്ടില്‍ ആയിരുന്നു. അവിടെനിന്നു തിരികെ എത്തിയപ്പോഴാണ് വാര്‍ത്തകള്‍ അറിയുന്നത്. അത് കേട്ട ഷോക്കില്‍നിന്നു ഞാന്‍ ഇപ്പോഴും മുക്തയായിട്ടില്ല. മോന്‍സന്‍ മാവുങ്കലിനെ ഒരു പരിപാടിക്കിടെയാണ് പരിചയപ്പെട്ടത്. ആ പരിപാടിയില്‍ എന്റെ അമ്മയും സഹോദരിയുമായിരുന്നു പോയത്. അതിനു ശേഷം പ്രവാസി മലയാളിയുടെ പരിപാടികളുടെ ഡാന്‍സ് പ്രോഗ്രാം എന്റെ ടീമിനെ ആണ് ഏല്‍പിച്ചിരുന്നത്. അങ്ങനെ കുറച്ച് നൃത്ത പരിപാടികള്‍ അദ്ദേഹത്തിനു വേണ്ടി ചെയ്തിട്ടുണ്ട്.
നമ്മളെ ഒരു സിനിമയ്‌ക്കോ പരിപാടിക്കോ വിളിക്കുമ്പോള്‍ അവരുടെ ബാക്ക്ഗ്രൗണ്ട് ചികയേണ്ട ആവശ്യമില്ലല്ലോ. എല്ലാവരോടും വളരെ നന്നായിട്ടു പെരുമാറിയിട്ടുള്ള ആളാണ് മോന്‍സന്‍ മാവുങ്കല്‍. പരിപാടികള്‍ക്ക് പേയ്‌മെന്റ് കൃത്യമായി തരും. ആര്‍ട്ടിസ്റ്റുകള്‍ അതു മാത്രമല്ലേ നോക്കാറുള്ളൂ. ഞാന്‍ ഒരു പരിപാടിക്ക് പോകുമ്പോള്‍ പ്രതിഫലത്തേക്കാള്‍ കൂടുതല്‍ സുരക്ഷിതമായി തിരികെ വീട്ടില്‍ എത്തുക എന്നുള്ളതിനാണ് മുന്‍ഗണന കൊടുക്കുന്നത്. ആ സുരക്ഷിതത്വം അവിടെ കിട്ടിയിരുന്നു എന്നും ശ്രുതിലക്ഷ്മി പറഞ്ഞു.
https://www.facebook.com/Malayalivartha