മണല്‍ ലോറി പോലീസിന് ഒറ്റിയതിന് പ്രതികാരമായി മണല്‍ മാഫിയ കൊലപ്പെടുത്തിയ പ്രവീണ്‍ കുമാര്‍ കൊലക്കേസ്... കുറ്റപത്രത്തിലെ വൂണ്ട് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ മജിസ്‌ട്രേട്ടിനോട് ജില്ലാ കോടതി, വിചാരണ പൂര്‍ത്തിയായ കേസില്‍ അന്തിമ വാദം കേള്‍ക്കവേയാണ് കോടതി ഉത്തരവ്, കമ്മിറ്റല്‍ മജിസ്‌ട്രേട്ട് കേസ് റെക്കോര്‍ഡുകള്‍ക്കൊപ്പം കേസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വിചാരണ കോടതിക്കയക്കാത്തതിനാലാണ് നിര്‍ദേശം

മണല്‍ ലോറി പോലീസിന് ഒറ്റിയതിന് പ്രതികാരമായി മണല്‍ മാഫിയ കൊലപ്പെടുത്തിയ പ്രവീണ്‍ കുമാര്‍ കൊലക്കേസില്‍ പോലീസ് കുറ്റപത്രത്തിലെ വൂണ്ട് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ മജിസ്‌ട്രേട്ടിനോട് ജില്ലാ കോടതി ഉത്തരവിട്ടു.
വിചാരണ കോടതി ജഡ്ജിയായ തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി കെ. എന്‍. അജിത് കുമാറാണ് ജനുവരി 10 നകം ഹാജരാക്കാന്‍ ഉത്തരവിട്ടത്. കമ്മിറ്റല്‍ മജിസ്‌ട്രേട്ട് കോടതിയായ നെയ്യാറ്റിന്‍കര മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിക്കാണ് വിചാരണ കോടതി നിര്‍ദ്ദേശം നല്‍കിയത്.
വിചാരണ പൂര്‍ത്തിയായ കേസില്‍ അന്തിമ വാദം കേള്‍ക്കവേയാണ് കോടതി ഉത്തരവ്. പ്രാമാണിക രേഖയായ വൂണ്ട് സര്‍ട്ടിഫിക്കറ്റ് പോലീസ് കുറ്റപത്രത്തിലെ ഐറ്റം നമ്പര്‍ 17 ആയി കാണുന്നുണ്ടെങ്കിലും ജില്ലാ കോടതിക്ക് കേസ് റെക്കോര്‍ഡുകള്‍ക്കൊപ്പം കമ്മിറ്റല്‍ മജിസ്‌ട്രേട്ട് കേസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വിചാരണ കോടതിക്ക് കമ്മിറ്റ് ചെയ്തയക്കാത്തതിനാലാണ് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയത്.
2015 ലാണ് അന്നത്തെ നെയ്യാറ്റിന്‍കര മജിസ്‌ട്രേട്ട് വിചാരണക്കായി കേസ് കമ്മിറ്റ് ചെയ്ത് ജില്ലാ സെഷന്‍സ് കോടതിയ്ക്ക് കമ്മിറ്റ് ചെയ്തയച്ചതെങ്കിലും ഇപ്പോള്‍ നിലവിലുള്ള മജിസ്‌ട്രേട്ടിനോടാണ് ജില്ലാ കോടതി നിര്‍ദേശം നല്‍കിയത്. സാക്ഷി വിസ്താര വിചാരണ പൂര്‍ത്തിയായതിനെ തുടര്‍ന്ന് അന്തിമവാദം കേള്‍ക്കവേ പ്രതിഭാഗമാണ് നിര്‍ണ്ണായക രേഖയായ വൂണ്ട് സര്‍ട്ടിഫിക്കറ്റ് കോടതിയിലില്ലെന്ന വാദമുന്നയിച്ചത്.
പ്രോസിക്യൂഷന്‍ കേസ് തെളിയിക്കേണ്ട നിര്‍ണ്ണായക പ്രാമാണിക രേഖ പ്രോസിക്യൂഷന്‍ ഭാഗം തെളിവിലേക്കായി അക്കമിട്ട് തെളിവില്‍ കോടതി സ്വീകരിക്കാതെ തങ്ങളെ ശിക്ഷിക്കുന്നത് സ്വാഭാവിക നീതി നിഷേധമാകുമെന്നും പ്രതികള്‍ വാദമുന്നയിച്ചു. തുടര്‍ന്ന് കോടതി നടത്തിയ പരിശോധനയിലാണ് രേഖ കമ്മിറ്റല്‍ മജിസ്‌ട്രേട്ട് അയക്കാത്തത് ജില്ലാ കോടതി കണ്ടെത്തിയത്.
മണല്‍കടത്ത് ലോറി സ്വന്തമായുള്ള മണല്‍ മാഫിയ സംഘാംഗങ്ങളും മാഫിയാ കണ്ണികളുമായ സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂള്‍ അധ്യാപകനും ലോറിയുടമയുമാണ് വിചാരണ നേരിട്ട 2 പ്രതികള്‍.
തിരുവനന്തപുരം റൂറല്‍ വെള്ളറട സ്വദേശികളായ മില്‍മ എന്ന് വിളിക്കുന്ന വിജയന്‍ , ലൗവ് ലിന്‍ എന്നിവരാണ് വിചാരണ നേരിട്ടത്. 2012 ജനുവരി 9 രാത്രി 9.15 മണിക്ക് വെള്ളറട കവലയില്‍ വച്ചാണ് ദാരുണ കൊലപാതകം നടന്നത്. അധ്യാപകനായ ലൗവ് ലിന്‍ കൊല്ലപ്പെട്ട വെള്ളറട സ്വദേശി പ്രവീണ്‍ കുമാറിനെ തടഞ്ഞു നിര്‍ത്തി ' നമ്മുടെ മണല്‍ ലോറി പോലീസിനെ കൊണ്ട് പിടിപ്പിച്ച ഇവനെ കൊല്ലടാ '' എന്ന് ആക്രോശിക്കുകയും മര്‍ദ്ദിക്കുകയും വിജയന്‍ കയ്യില്‍ കരുതിയിരുന്ന മാരകമായ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നുനുമാണ് കേസ്.
സംഭവത്തിന് 3 മാസം മുമ്പ് പ്രവീണ്‍ പോലീസിന് മണല്‍ ലോറി ഒറ്റിയതിന്റെയും വിജയന്റെ മാതൃസഹോദരന്‍ ബിനുകുമാറിനെ കൊല്ലപ്പെട്ട പ്രവീണ്‍ കുത്തിപ്പരിക്കേല്‍പ്പിച്ചതിന്റെയും പ്രതികാരമായിട്ടാണ് കൊല നടത്തിയതെന്നാണ് വിരോധ കാരണമായി കേസില്‍ ആരോപിക്കുന്നത്.
" f
https://www.facebook.com/Malayalivartha