തുറന്ന് പറഞ്ഞ് അണ്ണാച്ചി... ഒന്ന് കണ്ണടച്ചിരുന്നെങ്കില്‍ കെപിഎസി ലളിത ഇരിക്കേണ്ട സ്ഥാനത്ത് ഇരിക്കേണ്ടവനായിരുന്നു എംജി ശ്രീകുമാര്‍; എം.ജി. ശ്രീകുമാര്‍ ബിജെപി അനുഭാവിയെന്ന് മുദ്രകുത്തി സിപിഎമ്മുകാരും കോണ്‍ഗ്രസുകാരും; നിയമനം പുനരാലോചിക്കാന്‍ സിപിഎം

കലാകാരന്‍മാരുടെ രാഷ്ട്രീയം ആരും നോക്കാറില്ല. പക്ഷെ അവര്‍ക്കൊരു സ്ഥാനം നല്‍കിയാല്‍ അതോടെ തീര്‍ന്നു. ഗായകന്‍ എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കാനുള്ള ധാരണ വിവാദമായതോടെ സിപിഎം ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യുന്നു. കഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സംവിധായകന്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമിയുടെയും എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമിയുടെയും ചെയര്‍മാന്‍മാരാക്കാന്‍ ധാരണയായത്.
ഇതിനിടെ ഉണ്ടായ വിവാദമാണ് എംജി ശ്രീകുമാറിന്റെ വഴി അടഞ്ഞത്. എം.ജി. ശ്രീകുമാര്‍ ബിജെപി അനുഭാവിയെന്ന് മുദ്രകുത്തി സിപിഎമ്മുകാരും കോണ്‍ഗ്രസുകാരും ഒരുപോലെ പറയുകയാണ്.
അതിനിടെ തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് എംജി ശ്രീകുമാര്‍. ഇപ്പോഴുയരുന്ന വിവാദങ്ങള്‍ സംബന്ധിച്ചു കേട്ടുകേള്‍വി മാത്രമേ എനിക്കുള്ളൂ. ഇങ്ങനെയൊരു തീരുമാനം സിപിഎം എടുത്തതായി ഒരാളും എന്നെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി അടക്കം പാര്‍ട്ടിയിലെ കുറച്ചു നേതാക്കളെ മാത്രമേ എനിക്കു പരിചയമുള്ളൂ. വകുപ്പ് മന്ത്രി സജി ചെറിയാനെപ്പോലും പരിചയമില്ല. കേട്ടുകേള്‍വി വച്ച് ഒന്നും പറയാനില്ല. കലാകാരന്റെ രാഷ്ട്രീയം നോക്കിയല്ല സിനിമയടക്കം ഒരു കലാരൂപവും ആളുകള്‍ കാണാന്‍ പോകുന്നത്. കല ആസ്വദിക്കാനാണ്. സംഗീത നാടക അക്കാദമിക്കു രാഷ്ട്രീയ പ്രതിഛായ കൊടുക്കേണ്ട കാര്യമില്ലെന്നും ശ്രീകുമാര്‍ പറഞ്ഞു.
ശ്രീകുമാര്‍ ബിജെപി അനുഭാവി ആണെന്ന ശക്തമായ ആരോപണമാണ് ഉയര്‍ന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന വി. മുരളീധരനൊപ്പം വേദി പങ്കിട്ടു പ്രസംഗിക്കുന്ന വിഡിയോ പ്രചരിക്കുകയും ചെയ്തു. നാടക കലാകാരന്‍മാരുടെ സംഘടനയും വിയോജിപ്പു വ്യക്തമാക്കി.
ഇടത് അനുഭാവികളടക്കം വിമര്‍ശനം ഉയര്‍ത്തുന്ന സാഹചര്യത്തിലാണു വിഷയം പാര്‍ട്ടി വീണ്ടും പരിശോധിക്കുന്നത്. നിര്‍ദേശം ചര്‍ച്ച ചെയ്തതേയുള്ളൂവെന്നും തീരുമാനം എടുത്തിട്ടില്ലെന്നുമാണു പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് പരസ്യമായി എല്‍ഡിഎഫിനു പിന്തുണ നല്‍കിയ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനാക്കുന്നതില്‍ അഭിപ്രായ വ്യത്യാസമില്ല.
ശ്രീകുമാറിനെ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കുന്നതിനെതിരെ നവമാധ്യമങ്ങളില്‍ ഇടതുപക്ഷ അനുഭാവികളുടെ രൂക്ഷ വിമര്‍ശനമാണുണ്ടായത്. ശ്രീകുമാര്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെ പങ്കുവെച്ചു കൊണ്ടാണ് ഇടതുപക്ഷ അനുഭാവികള്‍ ഉള്‍പ്പെടെയുള്ളര്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തിട്ടില്ല എന്നാണ് ഔദ്യോഗിക വിശദീകരണം.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് മത്സരിച്ച വി. മുരളീധരന്റെ ഫെയ്‌സ്ബുക്ക് പേജ് ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള എം.ജി ശ്രീകുമാറിന്റെ വീഡിയോയാണ് വിമര്‍ശകര്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. കഴക്കൂട്ടത്ത് താമര വിരിയാന്‍ ആഗ്രഹിച്ച ഗായകനെത്തന്നെ ചെയര്‍മാനാകാന്‍ തീരുമാനിച്ചത് ശരിയോ എന്നാണ് സമൂഹ മാധ്യമങ്ങളിലെ ഇടത് കൂട്ടായ്മയിലെ ഇപ്പോഴത്തെ ചര്‍ച്ച.
പാര്‍ട്ടി അച്ചടക്കം പാലിക്കേണ്ടതിനാല്‍ ചര്‍ച്ചകളില്‍ ഭൂരിഭാഗവും സ്വകാര്യ വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ്. എങ്കിലും പാര്‍ട്ടി അനുഭാവികളായി തുടരുന്നവര്‍ ഫെയ്‌സ്ബുക്കിലും പ്രതികരിക്കുന്നുണ്ട്. തീരുമാനങ്ങളിലെ വിവരക്കേട് തിരുത്തുന്നതാകും നല്ലത് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. പാര്‍ട്ടിയുമായി ചങ്ങാത്തം സ്ഥാപിച്ചിരിക്കുന്ന പുതിയ വര്‍ഗത്തിലെ പ്രതിനിധികള്‍ക്കാണ് ഇപ്പോള്‍ നിയമനം ലഭിക്കുന്നതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞയാഴ്ച നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ചലച്ചിത്ര പിന്നണി ഗായകന്‍ എം.ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി നിശ്ചയിച്ചത്. ബിജെപി നേതാക്കളുമായി അടുപ്പം സൂക്ഷിക്കുന്ന എം.ജി ശ്രീകുമാറിന് നിയമനം ലഭിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്.
https://www.facebook.com/Malayalivartha