'നൂറ് കോടിയും ആയിരം കോടിയും വേണ്ട ഒരു നാടക അക്കാദമിക്ക് രൂപം നല്‍കാന്‍... കമ്മ്യൂണിസം അഥവാ മാര്‍ക്‌സിസം കേരളത്തില്‍ പടരാന്‍ നാടകം അഥവാ നാടകക്കാരായ ഞങ്ങളുടെ പൂര്‍വികര്‍ വഹിച്ച പങ്കെന്താണെന്നുള്ളത് കേരളത്തിന്റെ ചരിത്രമാണ്... ഇപ്പോഴും പാര്‍ട്ടിയും സര്‍ക്കാറും ഒറ്റപെടുമ്പോള്‍ ആദ്യം കാവലായി പ്രതിരോധം സൃഷ്ടിക്കുന്ന പാവങ്ങളാണ് ഈ നാടകകൂട്ടത്തിലെ 99%വും...' മുഖ്യമന്ത്രിയോട് അഭ്യർത്ഥനയുമായി നടന്‍ ഹരീഷ് പേരടി

നാടക അക്കാദമി വേണം എന്ന ആവശ്യം മുൻനിർത്തി മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്ത് എഴുതിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. നാടക രംഗത്തോട് ഉള്ള അവഗണനയ്ക്ക് എതിരെയാണ് ഹരീഷ് പേരടിയുടെ ഈ തുറന്ന കത്ത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ നാടക അക്കാദമിക്ക് രൂപം കൊടുക്കണം എന്ന് അദ്ദേഹം ആവശ്യപ്പെടുകയാണ്. അതിന് നൂറ് കോടിയും ആയിരം കോടിയും വേണ്ടെന്നും ഹരീഷ് പേരടി കുറിക്കുകയുണ്ടായി.
ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;
പിണറായി സഖാവിന് ഒരു തുറന്ന കത്ത്..... നൂറ് കോടിയും ആയിരം കോടിയും വേണ്ട ഒരു നാടക അക്കാദമിക്ക് രൂപം നല്‍കാന്‍... കമ്മ്യൂണിസം അഥവാ മാര്‍ക്‌സിസം കേരളത്തില്‍ പടരാന്‍ നാടകം അഥവാ നാടകക്കാരായ ഞങ്ങളുടെ പൂര്‍വികര്‍ വഹിച്ച പങ്കെന്താണെന്നുള്ളത് കേരളത്തിന്റെ ചരിത്രമാണ്... ഇപ്പോഴും പാര്‍ട്ടിയും സര്‍ക്കാറും ഒറ്റപെടുമ്പോള്‍ ആദ്യം കാവലായി പ്രതിരോധം സൃഷ്ടിക്കുന്ന പാവങ്ങളാണ് ഈ നാടകകൂട്ടത്തിലെ 99 % വും.. എന്നിട്ടും ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ അടിസ്ഥാനവര്‍ഗ്ഗമായ ഞങ്ങളോട് എന്തിനാണ് ഈ അവഗണന?.. എന്റെ പ്രിയപ്പെട്ട പിണറായി സഖാവേ.. ഈ നാടകകൂട്ടത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവന്റെ അവസാന അപേക്ഷയാണിത്...
ഇനി ഇങ്ങിനെയൊന്ന് ഉണ്ടാവില്ല... പരിഗണിക്കുക... നാടകത്തിനു വേണ്ടി മാത്രം ജീവിച്ച് ഒന്നും സമ്പാദിക്കാതെ മരിച്ചുപോയ എന്റെ നാടക സഖാക്കള്‍ക്കുവേണ്ടി.. ഇപ്പോഴും രോഗം വന്ന് മൂര്‍ച്ഛിച്ചിട്ടും നാടകത്തിനു വേണ്ടി ജീവിക്കുന്നവര്‍ക്ക് വേണ്ടി.. ഞങ്ങളുടെ സ്വപ്നമായ നാടക അക്കാദമി വന്നേ പറ്റു... നമ്മുടെ സിനിമയെക്കാള്‍ 20പത് വര്‍ഷം മുന്നില്‍ ഓടുന്നതാണ് നമ്മുടെ നാടകങ്ങള്‍.. പക്ഷെ നമ്മുടെ കെ.റെയില്‍ പോലെ ഓടാന്‍ ട്രാക്കുകളില്ലാ എന്ന് മാത്രം...
പുതുമയുള്ളതാണ് എന്ന് പറഞ്ഞ് എന്റെ മുന്നിലെ എത്തുന്ന സിനിമാ കഥകളും കഥാപാത്രങ്ങളും കേള്‍ക്കുമ്പോള്‍ ഉള്ളില്‍ എനിക്ക് ചിരി വരും... ഇതൊക്കെ നാടകത്തില്‍ പയറ്റിയതുകൊണ്ട് ആ കഥാപാത്രങ്ങളും അവരുടെ കഥാപരിസരവും എന്നെ സംബന്ധിച്ചിടത്തോളം പഴയതുതന്നെയാണ്... അരങ്ങ് ഒഴിയുമ്പോള്‍ നിങ്ങളെന്ത് നേടി എന്ന് ഒരു ചോദ്യം എനിക്കുനേരെ ഉയര്‍ന്നാല്‍.. ജനം തിളച്ച് മറിയുന്ന ഒരു നാടക ശാലയെങ്കിലും എനിക്ക് ചൂണ്ടി കാണിച്ച് കൊടുക്കാന്‍ പറ്റണം... നാടക അക്കാദമി വേണം... ശവപറമ്പിലെങ്കിലും ഞങ്ങള്‍ക്ക് ജയിച്ചേ പറ്റു... ലാല്‍സലാം..
https://www.facebook.com/Malayalivartha