8.17 കോടി രൂപയുടെ 25 കിലോ സ്വര്‍ണ്ണക്കടത്ത് കേസ്... എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് സൂപ്രണ്ടും വിഷ്ണു സോമസുന്ദരവുമടക്കം 4 പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സറീനാ ഷാജിക്കും വിഷ്ണു സോമസുന്ദരത്തിനും സിബിഐ കോടതി ജാമ്യം അനുവദിച്ചു,കോഫേപോസ ചുമത്തി സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ച രണ്ടാം പ്രതി കാരിയര്‍ സുനില്‍കുമാറിന് പ്രൊഡക്ഷന്‍ വാറണ്ട്

തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളം വഴി 8 കോടി 17 ലക്ഷം രൂപയുടെ 25 കിലോഗ്രാം സ്വര്‍ണ്ണ ബിസ്‌ക്കറ്റ് കടത്തിയ കേസില്‍ മൂന്നാം പ്രതി സറീനാ ഷാജിക്കും നാലാം പ്രതി വിഷ്ണു സോമസുന്ദരത്തിനും തിരുവനന്തപുരം സിബിഐ സ്‌പെഷ്യല്‍ കോടതി ജാമ്യം അനുവദിച്ചു. രണ്ടു ലക്ഷം രൂപക്കുള്ള പ്രതികളുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടിന്‍മേലുമാണ് ഉപാധികളോടെ സിബിഐ സ്‌പെഷ്യല്‍ കോടതി ജാമ്യം നല്‍കിയത്.
തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് സൂപ്രണ്ടടക്കം നാലു പ്രതികള്‍ ഡിസംബര്‍ 31 ന് ഹാജരാകാനും കോടതി ഉത്തരവിട്ടു.
രാജ്യ സുരക്ഷയും സാമ്പത്തിക ഭദ്രതയെയും ബാധിച്ച കേസായതിനാലും വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിനാലും കോഫേപോസ ചുമത്തി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ള രണ്ടാം പ്രതി കാരിയര്‍ സുനില്‍കുമാറിനെ 31 ന് ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ടയക്കാനും സിബിഐ സ്‌പെഷ്യല്‍ ജഡ്ജി കെ. സനില്‍ കുമാര്‍ ഉത്തരവിട്ടു.
എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് സൂപ്രണ്ട് തിരുവനന്തപുരം പി റ്റി പി നഗര്‍ സ്വദേശി ബി. രാധാകൃഷ്ണന്‍ (50) , കാരിയര്‍ തിരുമല സ്വദേശി കെ എസ് ആര്‍ റ്റി സി കണ്ടക്ടര്‍ എം. സുനില്‍ കുമാര്‍ (45), ആലുവ സ്വദേശിനിയും ബ്യൂട്ടി പാര്‍ലര്‍ ഉടമയും കള്ളക്കടത്തിന് വേണ്ടി തിരുവനന്തപുരത്ത് താമസിക്കുന്നയാളുമായ സെറീന ഷാജി (42), റാക്കറ്റിന്റെ മുഖ്യ സൂത്രധാരനും വയലിസ്റ്റ് ബാലഭാസ്‌ക്കറിന്റെ സുഹൃത്തും സംഗീത ട്രൂപ്പ് മാനേജരുമായ തിരുമല സ്വദേശി വിഷ്ണു സോമസുന്ദരം (47) എന്നിവരാണ് സ്വര്‍ണ്ണക്കടത്തു പരമ്പരയിലെ ആദ്യ കേസിലെ ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍.
4 പ്രതികള്‍ക്കെതിരെ സിബിഐ ആന്റി കറപ്ഷന്‍ ബ്യൂറോ തിരുവനന്തപുരം സിബിഐ കോടതിയില്‍ 2021 ജനുവരി 22 നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സി ബി ഐ കൊച്ചി ആന്റി കറപ്ഷന്‍ ബ്യൂറോ എസ്.പിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രവും അനുബന്ധ റെക്കോര്‍ഡുകളും പരിശോധിച്ച കോടതി പ്രതികള്‍ക്കെതിരെ നടപടികളെടുക്കാന്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു വിലയിരുത്തിയാണ് വിചാരണക്കായി പ്രതികളെ ഹാജരാക്കാന്‍ ഉത്തരവിട്ടത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനല്‍ ഗൂഡാലോചന) , 511 ഓഫ് 420 (വിശ്വാസ വഞ്ചന ചെയ്ത് ചതിക്കാന്‍ ശ്രമിക്കല്‍) , അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളായ 7 (പൊതു സേവകന്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ നിയമപരമായ വേതനം അല്ലാതെയുള്ള പ്രതിഫലമായ കൈക്കൂലി ആവശ്യപ്പെട്ട് സ്വീകരിക്കല്‍) , 8 (നിയമാനുസൃതമല്ലാതെയോ അഴിമതിയിലോ പൊതുസേവകനെ സ്വാധീനിക്കുന്നതിനായി പ്രതിഫലം കൈപ്പറ്റല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോടതി പ്രതികള്‍ക്കെതിരെ കലണ്ടര്‍ കേസെടുത്തത്.
കേന്ദ്ര റവന്യൂ ഇന്റലിജന്റ്‌സ് ആണ് കള്ളക്കടത്ത് കണ്ടു പിടിച്ച് സ്വര്‍ണ്ണം പിടികൂടി കേസെടുത്തത്. പൊതു സേവകനായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടതിനാല്‍ അഴിമതി നിരോധന നിയമ പ്രകാരം തുടരന്വേഷണം സിബിഐ ഏറ്റെടുക്കുകയായിരുന്നു.
കേസന്വേഷണ ഘട്ടത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ സിബിഐ കസ്റ്റഡിയിലും ജുഡീഷ്യല്‍ കസ്റ്റഡിയിലും റിമാന്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയവേ കോടതി ജാമ്യത്തില്‍ തുടരുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസില്‍ വിചാരണക്ക് പ്രതികളുടെ കൃത്യമായ സാന്നിധ്യം ഉറപ്പാക്കാനാണ് വീണ്ടും ജാമ്യക്കാരെ ഹാജരാക്കി ജാമ്യം പുതുക്കാന്‍ കോടതി ഉത്തരവിട്ടത്. മുന്‍ ജാമ്യ ബോണ്ടില്‍ തുടരാന്‍ പ്രതികളെ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വയലിസ്റ്റ് ബാലഭാസ്‌ക്കറിന്റെ സുഹൃത്ത് പ്രകാശന്‍ തമ്പി , തലസ്ഥാനത്ത് ജ്വല്ലറിയുടമയും മലപ്പുറം സ്വദേശിയുമായ അബ്ദുള്‍ ഹക്കിം , ഇയാളുടെ കണക്കപ്പിള്ള മുഹമ്മദ് റാഷിദ് , അഭിഭാഷകനായ കഴക്കൂട്ടം സ്വദേശി ബിജു മനോഹര്‍ , വിഷ്ണു സോമസുന്ദരം , സെറീന ഷാജി , മുഹമ്മദ് ജസീല്‍ , ആകാശ് ഹാജി, ഷാജഹാന്‍ കുന്നത്തു പീടികയില്‍ , പി.പി. മുഹമ്മദ് അലി ഹാജി , കസ്റ്റംസ് സൂപ്രണ്ട് ബി. രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട സ്വര്‍ണ്ണക്കടത്തു റാക്കറ്റ് 40 നിര്‍ധന യുവതികളെയും സുനില്‍കുമാറിനെയും കാരിയര്‍മാരായി നിയോഗിച്ച് 2018 മുതല്‍ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ വഴി നടത്തി വന്നിരുന്ന കോടികള്‍ മറിഞ്ഞ 400 കിലോഗ്രാം സ്വര്‍ണ്ണക്കടത്ത് പരമ്പരയിലെ ആദ്യ കുറ്റപത്രമാണ് സി ബി ഐ തലസ്ഥാനത്തെ സി ബി ഐ കോടതിയില്‍ ഹാജരാക്കിയത്. മറ്റു പ്രതികളെ ഉള്‍പ്പെടുത്തിയുള്ള കുറ്റപത്രം വരും ദിവസങ്ങളില്‍ ഹാജരാക്കും.
2019 മെയ് 13 ന് നടത്തിയ 25 കിലോ ഗ്രാമിന്റെ സ്വര്‍ണ്ണക്കടത്തിലാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തില്‍ നടന്ന ഒരേ പോലെയുള്ള മൂന്നു കുറ്റകൃത്യങ്ങള്‍ക്ക് വീതം വിഭജിച്ച കുറ്റപത്രങ്ങള്‍ തയ്യാറാക്കി വെവ്വേറെ വിചാരണ ചെയ്യണമെന്ന ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 219 പ്രകാരമാണ് വെവ്വേറെ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
2019 മെയ് 13 ന് ദുബായില്‍ നിന്ന് തിരുവനന്തപുരം ചാക്ക അശന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ സുനില്‍ കുമാര്‍ മോഹനകുമാരന്‍ തമ്പിയില്‍ നിന്ന് കേന്ദ്ര റവന്യൂ ഇന്റലിജന്‍സ് പിടിച്ചെടുത്ത 8, 17 , 45 , 455 രൂപ വിലവരുന്ന 25 സ്വര്‍ണ്ണ ബാറുകള്‍ കണ്ടു കെട്ടാന്‍ കേന്ദ്ര റവന്യൂ ഇന്റലിജന്‍സ് 2019 ഡിസംബര്‍ 7 ന് നടപടികളെടുത്തു.
ക്രിമിനല്‍ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാധാകൃഷ്ണനെയും അറസ്റ്റ് ചെയ്തിരുന്നു. വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗുകള്‍ എക്‌സ്‌റേയിലൂടെ പരിശോധിക്കുന്നതിന്റെ ചുമതലയുള്ള സൂപ്രണ്ടായിരുന്നു ഇയാള്‍. എക്‌സ്‌റേ വിഭാഗത്തില്‍ താനുമായി '' കൈകോര്‍ത്ത് '' പോകുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയുമാണ് രാധാകൃഷ്ണന്‍ നിയോഗിച്ചിരുന്നത്.
2018 ഒക്ടോബര്‍ മുതല്‍ ഇയാള്‍ ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. ഇതിലൂടെ ഇയാള്‍ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിച്ചതായും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
ഇയാളുടെ ഭാര്യ സംഗീത വേലായുധന് '' കുലീനോ ഫുഡ്സ് ഓട്ടോമേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് '' എന്ന കമ്പനിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. വിഷ്ണു സോമസുന്ദരമാണ് ഈ സ്ഥാപനം നടത്തുന്നത്. റാക്കറ്റിന്റെ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്ന് റവന്യൂ ഇന്റലിജന്റ്‌സ് കണ്ടെത്തി.
2018 ഒക്ടോബര്‍ ഒന്നു മുതല്‍ 2019 മെയ് 13 വരെ ഏഴ് തവണകളിലായി 1,35, 000 രൂപ വീതം സംഗീത വേലായുധന്‍ കൈപ്പറ്റിയിട്ടുണ്ട്. വിഷ്ണു സോമസുന്ദരവുമായി ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് രാധാകൃഷ്ണന്‍. വിഷ്ണുവിന്റെ കൂട്ടാളികള്‍ വിദേശത്ത് നിന്നെത്തുമ്പോള്‍ അവരുടെ ബാഗുകളിലെ സ്വര്‍ണ്ണം കടത്തിവിട്ട് കസ്റ്റംസ് ക്ലിയറന്‍സ് നല്‍കുമായിരുന്നു. 2018 ഒക്ടോബര്‍ മുതലാണ് വിഷ്ണു സോമസുന്ദരവും എം. ബിജുവും ചേര്‍ന്നുള്ള മാഫിയാ സംഘം പ്രവര്‍ത്തനം തുടങ്ങിയത്.
വിഷ്ണു സോമസുന്ദരം , എം. ബിജു , പ്രകാശന്‍ തമ്പി , സറീന ഷാജി , എം.സുനില്‍കുമാര്‍ തുടങ്ങിയവര്‍ രാജ്യസുരക്ഷയെയും രാജ്യസമ്പദ് വ്യവസ്ഥയയെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച് വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് '' കോഫെ പോസെ '' ചുമത്തപ്പെട്ട് ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലില്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നു. ചില പ്രതികള്‍ ഒളിവിലാണ്. 400 കിലോഗ്രാം സ്വര്‍ണ്ണക്കള്ളക്കടത്തില്‍ ആകെ 26 പ്രതികളുണ്ട്.
"
https://www.facebook.com/Malayalivartha