ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന ധീരജിന്റെ അമ്മയോട് മകന് അപകടം പറ്റിയെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞ് വീട്ടിലെത്തിച്ചു.... വീട്ടുപടിക്കലെത്തിയപ്പോള്‍ ഇളയമകന്‍ വേദനകടിച്ചമര്‍ത്തി ഒന്നുമില്ലമ്മേ എന്നു പറഞ്ഞെങ്കിലും നിയന്ത്രണം വിട്ടുപോയി, പ്രതീക്ഷ നഷ്ടപ്പെട്ട് നിശബ്ദനായി അച്ഛന്‍ രാജേന്ദ്രന്‍, വൈകുന്നേരത്തോടെ മരണവാര്‍ത്ത ബന്ധുക്കള്‍ അറിയിച്ചതോടെ ചങ്കുപൊടിയുന്ന ആ അമ്മയുടെ നിലവിളി.... അവന്റെ വേര്‍പാട് താങ്ങാനാവാതെ തേങ്ങലോടെ ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരും...

ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന ധീരജിന്റെ അമ്മയോട് മകന് അപകടം പറ്റിയെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞ് വീട്ടിലെത്തിച്ചു....വീട്ടുപടിക്കലെത്തിയപ്പോള്‍ ഇളയമകന്‍ വേദനകടിച്ചമര്‍ത്തി ഒന്നുമില്ലമ്മേ എന്നു പറഞ്ഞെങ്കിലും നിയന്ത്രണം വിട്ടുപോയി, പ്രതീക്ഷ നഷ്ടപ്പെട്ട് നിശബ്ദനായി അച്ഛന്‍ രാജേന്ദ്രന്‍, വൈകുന്നേരത്തോടെ മരണവാര്‍ത്ത ബന്ധുക്കള്‍ അറിയിച്ചതോടെ ചങ്കുപൊടിയുന്ന ആ അമ്മയുടെ നിലവിളി.... അവന്റെ വേര്‍പാട് താങ്ങാനാവാതെ തേങ്ങലോടെ ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരും...
കൂവോട് ഗവ. ആയുര്‍വേദ ആസ്പത്രിയില്‍ പതിവുപോലെ തിങ്കളാഴ്ചയും ഡ്യൂട്ടിയിലായിരുന്നു നഴ്സായ പുഷ്‌കല. ഉച്ചകഴിഞ്ഞപ്പോഴാണ് ഒരുകൂട്ടം സഹപ്രവര്‍ത്തകരെത്തുകയും ഇടുക്കി പൈനാവ് ഗവ. എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിയായ മകന്‍ ധീരജിന് അപകടം പറ്റിയെന്നും വീട്ടില്‍ പോകാമെന്നും പറഞ്ഞ് കാറുമായാണ് അവര്‍ വന്നത്.
തകര്‍ന്നുപോയെങ്കിലും ചെറിയ അപകടമായിരിക്കുമെന്ന് സമാധാനിക്കാന്‍ ശ്രമിച്ച് യൂണിഫോ ംപോലും മാറാന്‍ നില്‍ക്കാതെ പുഷ്‌കല സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുറപ്പെട്ടു. ഒരുകിലോമീറ്റര്‍ അകലെ തൃച്ചംബരം പട്ടപ്പാറയിലെ 'അദ്വൈതം' വീട്ടിലെത്തുമ്പോള്‍ പരിസരത്ത് വാഹനങ്ങളും ആള്‍ക്കൂട്ടവും പോലീസും ന്യൂസ് ചാനലുകാരും. കാര്യമായി എന്തോ സംഭവിച്ചെന്ന് തിരിച്ചറിഞ്ഞ് അവര്‍ വാവിട്ട് നിലവിളിച്ചു. ചേട്ടന്‍ കൊല്ലപ്പെട്ട വിവരം നേരത്തേ അറിഞ്ഞിരുന്ന അനുജന്‍ അദ്വൈത് വേദന കടിച്ചമര്‍ത്തി മുറ്റത്ത് നില്‍ക്കുകയായിരുന്നെങ്കിലും ഒന്നും സംഭവിച്ചിട്ടില്ലമ്മേ എന്ന് അമ്മയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ച അദ്വൈതും നിയന്ത്രണം വിട്ടുപോയി.
ധീരജിന്റെ അച്ഛന്‍ രാജേന്ദ്രന്‍ പ്രതീക്ഷ നഷ്ടപ്പെട്ട് നിശ്ശബ്ദനായിരുന്നു. ധീരജ് കൊല്ലപ്പെട്ട വിവരം ചാനലുകളിലൂടെ ഉച്ചയ്ക്ക് രണ്ടോടെ പരിസരവാസികള്‍ അറിഞ്ഞിരുന്നു. അകത്തേക്കുപോയ പുഷ്‌കല വരുന്നവരോടും പോകുന്നവരോടും മകന്റെ വിവരം തിരക്കി. എല്ലാവരും വിട്ടുപറയാതെ പിന്മാറി. വൈകുന്നേരം അഞ്ചോടെ സി.പി.എം. നേതാക്കളായ ജയിംസ് മാത്യുവും പി.കെ.ശ്യാമളയും അരീക്കമലയില്‍നിന്ന് ബന്ധുക്കളും വന്നു. അവരോടും പുഷ്‌കല ചോദിച്ചു. ഗത്യന്തരമില്ലാതെ അവര്‍ക്ക് വിവരം പറയേണ്ടിവന്നു. പിന്നെ കേട്ടത് ചങ്കുപൊടിയുന്ന നിലവിളി. തളിപ്പറമ്പ് ചിന്മയമിഷന്‍ സ്‌കൂളില്‍ പ്ലസ്ടു വരെ പഠിച്ച ധീരജ് നാട്ടില്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്കൊന്നും പോകാറില്ലായിരുന്നു. കോണ്‍ഗ്രസിനോട് കുടുംബത്തിന് നേരിയ അനുഭാവമുണ്ടായിരുന്നതിനാല്‍ ജവഹര്‍ ബാലവേദിയുടെ അപൂര്‍വം പരിപാടികളില്‍ പങ്കെടുത്തതാണ് ഇവിടെ ആകെയുള്ള പ്രവര്‍ത്തനം.
പഠനത്തിനായി നാടുവിട്ടതോടെ ആ ബന്ധങ്ങളും കുറഞ്ഞു. പൈനാവ് എന്‍ജിനിയറിങ് കോളേജിലെത്തിയ ശേഷമാണ് എസ്.എഫ്.ഐ.യുടെ സജീവപ്രവര്‍ത്തകനായത്. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന ധീരജ് കൊല്ലപ്പെട്ട വിവരം നാടിനോ വീടിനോ ഉള്‍ക്കൊള്ളാനാകുന്നില്ല. തിരുവനന്തപുരം പാലോട് സ്വദേശിയായ രാജേന്ദ്രന്‍ എല്‍.ഐ.സി. ഏജന്റായി വര്‍ഷങ്ങള്‍ക്കുമുന്‍പെ തളിപ്പറമ്പിലെത്തിയതാണ്. താണയിലെ ജില്ലാ ആയുര്‍വേദ ആസ്പത്രിയിലും ജോലിചെയ്തിരുന്ന പുഷ്‌കല പിന്നീടാണ് കൂവോട്ടേക്ക് മാറിയത്. പലയിടത്തായി സ്വന്തം വീട്ടിലും വാടകയ്ക്കും താമസിച്ചശേഷം രണ്ടുവര്‍ഷം മുമ്പാണ് പുന്നക്കുളങ്ങരയില്‍ വീടുവെച്ച് താമസം തുടങ്ങിയത്.
പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന ധീരജ് കുടുംബത്തിന്റെ പ്രതീക്ഷയും തണലുമായിരുന്നു. നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു ധീരജ്.
അതേസമയം ധീരജ് രാജേന്ദ്രന്റെ കൊലപാതകം അങ്ങേയറ്റം ദുഖകരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കലാലയങ്ങളില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമം അനുവദിക്കില്ല. കൊലപാതകികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടു വരണമമെന്ന് പോലീസിനോട് നിര്‍ദ്ദേശിച്ചു.
അതേസമയം ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാനകമ്മിറ്റി അറിയിച്ചു.
" f
https://www.facebook.com/Malayalivartha