എല്ലാം മാറിമറിയുന്നു... അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവെട്ടണം, ലോറി ഇടിപ്പിച്ചു കൊലപ്പെടുത്തണം തുടങ്ങിയ ഗൂഢാലോചനാ കേസില്‍ ദിലീപും ബന്ധുക്കളും ജാമ്യത്തിനായി ഓടുന്നു; ആദ്യ കേസില്‍ നിന്നും ഊരാമായിരുന്ന ഘട്ടം വന്നപ്പോള്‍ പൊല്ലാപ്പായി വിവിഐപി കേസ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് വര്‍ഷങ്ങള്‍ക്ക് ശേഷവും ചൂടുപിടിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസ് ഉയര്‍ന്ന് വന്നതോടെ മറ്റൊരു പൊല്ലാപ്പായി. ദിലീപിനെ സംബന്ധിച്ച് മറ്റൊരു തലവേദനയായി ഇത് മാറി. അന്വേഷണ സംഘത്തെ സംബന്ധിച്ചും ഈ കേസ് നിലനില്‍ക്കാന്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ട ആവശ്യമുണ്ട്. പ്രതികള്‍ ആസൂത്രണം ചെയ്ത കുറ്റകൃത്യം നടക്കാതിരുന്ന സാഹചര്യത്തില്‍ ഇതു ശ്രമകരമാണ്.
അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവെട്ടണം, ലോറി ഇടിപ്പിച്ചു കൊലപ്പെടുത്തണം തുടങ്ങിയ പ്രസ്താവനകള്‍ പ്രതികള്‍ നടത്തിയ ഘട്ടത്തില്‍ അവരോടൊപ്പമുണ്ടായിരുന്ന ആറാം പ്രതിയെ തിരിച്ചറിയേണ്ടതും അന്വേഷണത്തില്‍ നിര്‍ണായകമാണ്. പ്രതി ചേര്‍ത്തെങ്കിലും ആളുടെ പേരോ വിവരങ്ങളോ പൊലീസിനും അറിയില്ല.
ഉന്നത രാഷ്ട്രീയനേതാക്കളുമായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുള്ള 'വിഐപി' എന്നു മാത്രമാണ് ഇദ്ദേഹത്തെക്കുറിച്ചു ബാലചന്ദ്രകുമാറിനു വെളിപ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളത്. ഇദ്ദേഹത്തെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും ബാലചന്ദ്രകുമാര്‍ അറിയിച്ചിട്ടുണ്ട്. ഉന്നതബന്ധങ്ങളുള്ള 'വിഐപി'യുടെ സാന്നിധ്യം നല്‍കിയ ആത്മവിശ്വാസത്തിലാണു പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനെക്കുറിച്ചു ദിലീപ് സംസാരിക്കുന്നതെന്നാണു ശബ്ദരേഖയിലെ സംഭാഷണത്തില്‍നിന്നു പൊലീസ് കരുതുന്നത്.
വിദേശയാത്ര കഴിഞ്ഞു കൊച്ചി രാജ്യന്തര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയ ഉടന്‍ വിഐപി നേരിട്ടു ദിലീപിന്റെ ആലുവയിലെ വീട്ടിലേക്ക് എത്തിയതായാണു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഇദ്ദേഹം വീട്ടിലേക്കു കയറിയ ഉടന്‍ ദിലീപും ബന്ധുക്കളും ആദരവോടെ ചുറ്റും കൂടിയതായും മൊഴിയിലുണ്ട്.
അപരിചിതനായിരുന്ന തന്റെ സാന്നിധ്യം വിഐപിയെ അലോസരപ്പെടുത്തിയതായും ഇദ്ദേഹം ആരാണെന്നു തന്റെ നേരെ വിരല്‍ചൂണ്ടി ദിലീപിനോടു തിരക്കിയപ്പോള്‍ 'ബാലു നമ്മുടെയാളാണെന്നു' പറഞ്ഞു പരിചയപ്പെടുത്തിയതായും മൊഴിയിലുണ്ട്. അപ്പോള്‍ ആ വീട്ടിനുള്ളിലുണ്ടായിരുന്ന താനൊഴികെയുള്ള മുഴുവന്‍ പേര്‍ക്കും വിഐപിയുടെ പേരും മറ്റുവിവരങ്ങളും അറിയാമെന്നാണു ബാലചന്ദ്രകുമാറിന്റെ മൊഴി.
വിഐപി മടങ്ങിയ ശേഷം അതാരാണെന്നു ബാലചന്ദ്രകുമാര്‍ ചോദിച്ചറിഞ്ഞിട്ടുണ്ടാകാമെന്നും പേരു വെളിപ്പെടുത്താനുള്ള മടിയോ ഭയമോ കാരണം പറയാതിരിക്കുന്നതാണെന്നും പൊലീസ് കരുതുന്നു.
അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ്, സഹോദരന്‍ പി. ശിവകുമാര്‍ (അനൂപ്), സഹോദരി ഭര്‍ത്താവ് ടി.എന്‍. സൂരജ് എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഇന്നു പരിഗണിച്ചേക്കും.
അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ കേസെന്നും തനിക്കും ബന്ധുക്കള്‍ക്കുമെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഹര്‍ജിയില്‍ പറയുന്നു. താന്‍ നല്‍കിയ കോടതിയലക്ഷ്യ നടപടി കേസില്‍ പ്രത്യേക കോടതി ബൈജു പൗലോസിനു നോട്ടിസ് നല്‍കിയിരുന്നു.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ സാക്ഷിയായി വിസ്തരിക്കപ്പെടുമ്പോള്‍ അന്തിമ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും തന്നെ പ്രതിയാക്കാന്‍ നടത്തിയ കൃത്രിമ നടപടികളും പുറത്തുവരുമെന്നു ബൈജു പൗലോസ് ഭയപ്പെടുന്നു. വിചാരണ തടസപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണു നടപടി. അനധികൃതമായി കസ്റ്റഡിയിലെടുക്കാനും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും കസ്റ്റഡിയില്‍ പീഡിപ്പിക്കാനും ലക്ഷ്യമിട്ടാണു കേസെടുത്തിരിക്കുന്നതെന്നു ജാമ്യാപേക്ഷയില്‍ ആരോപിച്ചു.
"
https://www.facebook.com/Malayalivartha