കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ഗുരുവായൂരിൽ കല്യാണമേളം; ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് നടന്നത് 145 വിവാഹങ്ങൾ! നിയന്ത്രണങ്ങൾ കടുപ്പിച്ചതിനെ തുടർന്ന് റദ്ദാക്കിയത് 17 വിവാഹങ്ങൾ

കൊവിഡ് വ്യാപനത്തെ തുടർന്ന് ഞായറാഴ്ച സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഇതിനിടയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് നടന്നത് 145 വിവാഹങ്ങളെന്ന് റിപ്പോർട്ട്. നേരത്തെ ബുക്ക് ചെയ്തിരുന്ന വിവാഹങ്ങളാണ് ഇന്ന് നടന്നത്. 162 വിവാഹങ്ങളായിരുന്നു ഇന്നേ ദിവസം മുൻകൂട്ടി ബുക്ക് ചെയ്തിരുന്നതെങ്കിലും നിയന്ത്രണങ്ങൾ കടുപ്പിച്ചതിനെ തുടർന്ന് 17 വിവാഹങ്ങൾ റദ്ദാക്കുകയും ചെയ്തു. പുലർച്ചെ അഞ്ച് മുതൽ ഉച്ചപൂജ കഴിഞ്ഞ് ക്ഷേത്രത്തിന്റെ നടയടക്കുന്നത് വരെ വിവാഹങ്ങൾ നടക്കുകയുണ്ടായി.
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് പുറമേ ദേവസ്വം ബോർഡും ക്ഷേത്രത്തിനുള്ളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി ഫോട്ടോഗ്രാഫര്‍മാരടക്കം 12 പേര്‍ക്കാണ് വിവാഹമണ്ഡപത്തിനടുത്തേക്ക് പ്രവേശനം നല്‍കിയത്. എന്നിട്ട് പോലും പൊലീസും സെക്യൂരിറ്റി ജീവനക്കാരും ഏറെ ബുദ്ധിമുട്ടിയാണ് തിരക്ക് നിയന്ത്രിച്ചത്.
അതേസമയം, കേരളത്തില്‍ 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433, കണ്ണൂര്‍ 1336, വയനാട് 941, കാസര്‍ഗോഡ് 630 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,17,764 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,08,881 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1098 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ കോവിഡ് 2,64,638 കേസുകളില്‍, 3.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 38 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 39 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,816 ആയി.
https://www.facebook.com/Malayalivartha


























