സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപകമായതോടെ, ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്.... തിരുവനന്തപുരത്ത് പ്രതിസന്ധി രൂക്ഷം, വരുന്ന രണ്ടാഴ്ച നിര്‍ണായകം

സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപകമായതോടെ, ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കൂടുന്നു. രണ്ടാംതരംഗത്തിന് ശേഷം കൊവിഡിതര ചികിത്സകള്‍ കാര്യക്ഷമമാക്കിയ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങള്‍ നേരിടുന്നത് കടുത്ത വെല്ലുവിളി.
രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്ന തിരുവനന്തപുരത്താണ് പ്രതിസന്ധി രൂക്ഷം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ25 കൊവിഡ് ഐ.സി.യു കിടക്കകകളും നിറഞ്ഞു. ജില്ലയില്‍ സ്വകാര്യ ആശുപത്രികളില്‍ ഐ.സിയു കിട്ടാനില്ല. പ്രായമായവരാണ് ഗുരുതരാവസ്ഥയിലാകുന്നവരില്‍ ഏറെയും.
കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ ആശുപത്രികളെല്ലാം കൊവിഡ് ചികിത്സാ വാര്‍ഡുകളും ഐ.സിയു കിടക്കകളും ചുരുക്കിയിരുന്നു. എന്നാലിപ്പോള്‍, കൊവിഡ് രോഗികള്‍ക്കായി കൂടുതല്‍ സംവിധാനങ്ങള്‍ കണ്ടെത്തേണ്ട സ്ഥിതിയാണ്.
ഹൃദ്രോഗമുള്‍പ്പെടെയുള്ള അനുബന്ധ രോഗങ്ങളുള്ളവരെ ഓക്സിജന്‍ കുറഞ്ഞാലുടന്‍ ഐ.സി.യുവിലേക്ക് മാറ്റണം.
കൊവിഡ് ബാധിതരില്‍ പ്രായമായവര്‍ക്കും, അനുബന്ധരോഗങ്ങളുള്ളവര്‍ക്കും നല്‍കുന്ന മോണോ ക്ലോണല്‍ ആന്റിബോഡി ഒമിക്രോണിന് ഫലപ്രദമല്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കേരളത്തില്‍ ഇപ്പോള്‍ 95ശതമാനവും ഒമിക്രോണ്‍ വകഭേദമാണ്. കാസിരിവിമാബ്, ഇംഡെവിമാബ് എന്നീ ആന്റിബോഡികള്‍ ചേര്‍ത്താണ് ഈ ആന്റിബോഡി നിര്‍മിക്കുന്നത്. 56000 രൂപ ചെലവ് വരുന്ന ഈ മരുന്നിനെ ഒമിക്രോണ്‍ അതിജീവിക്കും.
നിലവില്‍ കൊവിഡ് ബാധിതരില്‍ ഏറെയും ചെറുപ്പക്കാരാണെങ്കിലും, അവരില്‍ നിന്ന് പ്രായമായവരിലേക്കും അനുബന്ധരോഗമുള്ളവരിലേക്കും വൈറസ് എത്തിയ ശേഷം സ്ഥിതി രൂക്ഷമാകും. വരുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്നും, അതിനിടയില്‍ ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിഗമനം.
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ, കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് 25 ന് തന്നെ നടത്താനുറച്ച് സര്‍ക്കാര്‍. പല കോളേജുകളും കൊവിഡ് ക്ലസ്റ്ററുകളായി മാറിയതോടെ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലും തീരുമാനം മാറ്റാത്തതില്‍ വ്യാപക പ്രതിഷേധമുയരുന്നു.
"
https://www.facebook.com/Malayalivartha


























