കരുതൽ പിഴയ്ക്കുന്നോ ? 400 ലേറെ ആരോഗ്യപ്രവർത്തകർ കൊവിഡ് ബാധിതർ; ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റുന്നു: പലയിടങ്ങളിലും ഒപി പ്രവർത്തനം നിർത്തി, വലഞ്ഞ് രോഗികൾ

സംസ്ഥാനത്ത് ഡോക്ടർമാരുടെ ഇടയിലും കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് പ്രതിസന്ധിയ്ക്ക് കാരണമാകുന്നു. നിലവിൽ മെഡിക്കൽ കോളെജുകളിലടക്കം അത്യാവശ്യ ശസ്ത്രക്രിയ മാത്രമാണ് നടക്കുന്നത്. മറ്റ് രോഗികളെ ഐസിയുകളിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. പ്രധാന ആശുപത്രികളിലാകട്ടെ അത്യാവശ്യമല്ലാത്ത പല ഒപികളും പ്രവർത്തനം നിർത്തി. തലസ്ഥാനത്ത് ഡോക്ടർമാരടക്കം 400 ലേറെെ ആശുപത്രി ജീവനക്കാർ കൊവിഡ് ബാധിച്ച് അവധിയിലാണ്. ഇതോടെ ആരോഗ്യമേഖലയിൽ പ്രതിസന്ധി രൂക്ഷമാവുകയാണ്. ഡോക്ടർമാരുടെ അഭാവം തലസ്ഥാനത്തെ പല ആശുപത്രികളുടെയും പ്രവർത്തനം താളം തെറ്റിച്ചിരിക്കുകയാണ്.
തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ഡോക്ടർമാർ, പിജി ഡോക്ടർമാർ, നഴ്സിങ് ജീവനക്കാർ എന്നിവരടക്കം 51 പേർ കൊവിഡ് ബാധിതരാണ്. ഇതോടെ സാധാരണ ശസ്ത്രക്രിയകളെല്ലാം മാറ്റിവയ്ക്കേണ്ട സാഹചര്യവുമാണ്. ഒപി വിഭാഗത്തിലും ആവശ്യത്തിന് ഡോക്ടർമാരില്ല. ഹൃദയസംബന്ധമായ രോഗത്തിനടക്കം വരുന്നവരെ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. കൊവിഡ് വാർഡിലും രോഗികളുടെ തിരക്ക് കൂടിയതോടെ നിലവിലെ ജീവനക്കാർക്കും ജോലിഭാരം താങ്ങാനാകാത്ത സ്ഥിതിയാണ്.
ജനറൽ ആശുപത്രിയിൽ 65 ഓളം കൊവിഡ് ബാധിതരാണുള്ളത്. ചർമരോഗവിഭാഗം, ഇഎൻടി, ദന്തരോഗം എന്നീ മൂന്ന് ഒപികളുടെ പ്രവർത്തനം നിർത്തി. ഒപി പ്രവർത്തനം ഉച്ചവരെ ആക്കിയതും ഡോക്ടർമാരുടെ എണ്ണം കുറഞ്ഞതും ആശുപത്രിയിൽ തിരക്ക് കൂടാൻ കാരണമായി. കൊവിഡ് പരിശോധന നടക്കുന്ന പബ്ലിക് ഹെൽത്ത് ലാബിലെ അമ്പതോളം ജീവനക്കാർക്കാണ് കൊവിഡ് ബാധിച്ചത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ 57 ജീവനക്കാർക്ക് കൊവിഡ് ബാധിച്ചു. ഭൂരിഭാഗവും നഴ്സുമാർക്കാണ് കൊവിഡ് ബാധിച്ചത്.
97 നഴ്സുമാരുള്ള ആശുപത്രിയിലെ പകുതിയോളം പേർക്ക് കൊവിഡ് ബാധിച്ചു. വാർഡുകളിലെ പ്രവർത്തനം തടസപ്പെടുമെന്ന നിലയിലാണ്. വീട്ടിലുള്ളവർക്ക് കൊവിഡ് ബാധിച്ചാലും ക്വാറന്റൈനിൽ കഴിയാൻ അനുവദിക്കുന്നില്ല. നിർബന്ധിച്ച് ജോലിക്ക് ഹാജരാകാൻ നിർദേശിക്കുകയാണെന്നും ആരോപണമുയരുന്നുണ്ട്. പാറശാല താലൂക്ക് ആശുപത്രിയിലെ 38 ജീവനക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രി സൂപ്രണ്ട് അടക്കം കൊവിഡ് ബാധിതനാണ്. രോഗലക്ഷണങ്ങളുള്ള മുപ്പതിലധികം ജീവനക്കാർ ഇവിടെ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാകുകയും ചെയ്തു.
നേമം താലൂക്ക് ആശുപത്രിയിലും ചിറയൻകീഴ് ആശുപത്രിയിലും നിരവധി ഡോക്ടർമാരാണ് രോഗബാധിതരായിരിക്കുന്നത്. നേമത്ത് 21 ജീവനക്കാരാണ് പോസിറ്റീവ് ആയത്. ഇതോടെ വാക്സിനേഷനും കുഞ്ഞുങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പും നിർത്തിവച്ചു. ദിനംപ്രതി ആരോഗ്യപ്രവർത്തകർ കൊവിഡ് ബാധിതരാകുന്നതും ആശുപത്രികളിൽ വേണ്ടത്ര ജീവനക്കാരില്ലാത്തതും രോഗികളേയും മറ്റു ജീവനക്കാരേയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നു.
https://www.facebook.com/Malayalivartha


























