കേരളം ഒന്നടങ്കം നടുങ്ങിയ നിമിഷം!! ഫോൺ സന്ദേശത്തിന് പിന്നാലെ പൊട്ടിത്തെറി; സ്ഫോടനത്തിന് പിന്നിലെ കാരണമെന്താണെന്ന് പോലും അറിയാനാകാതെ വിയർത്ത് പൊലീസ്... ഒടുവിൽ എൻഐഎ രംഗത്ത്; വർഷങ്ങൾക്ക് ശേഷം തടിയന്റവിട നസീറിനേയും കൂട്ടുപ്രതിയേയും വെറുതേ വിട്ട് കോടതി...

2006 മാർച്ച് മൂന്നാം തീയതി കേരളമാകെ നടുങ്ങിയ ദിവസമായിരുന്നു. ഒട്ടും നിനച്ചിരിക്കാത്ത നേരത്ത് കോഴിക്കോട് ജില്ലയിലെ രണ്ടിടങ്ങളിൽ ഭീകര പൊട്ടിത്തെറിയുണ്ടായി. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും, മൊഫ്യൂസൽ ബസ് സ്റ്റാൻഡിലുമാണ് നാടിനെ നടുക്കിയ ഇരട്ട
സ്ഫോടനം അരങ്ങേറിയത്. സ്ഫോടനത്തിൽ മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ഈ കേസിലെ പ്രധാന പ്രതികളായ തടിയന്റവിട നസീർ, കൂട്ടു പ്രതി ഷഫാസ് എന്നിവരെ കേരള ഹൈക്കോടതി വെറുതെവിട്ടു. പ്രതികൾക്കെതിരെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ആകെ 9 പ്രതികളുള്ള കേസിൽ ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ പൂർത്തിയായിട്ടില്ല. ഒരാളെ എൻഐഎ മാപ്പുസാക്ഷിയാക്കിയിരുന്നു. ഒരു പ്രതി വിചാരണയ്ക്കിടെ മരിച്ചിരുന്നു. 2011 ലാണ് പ്രതികൾ ശിക്ഷാ വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.
കോഴിക്കോട് ഇരട്ട സ്ഫോടനത്തിന്റെ കഥയിങ്ങനെ...
കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച ഇരട്ട സ്ഫോടനങ്ങളായിരുന്നു കോഴിക്കോട് നഗരത്തില്‍ നടന്നത്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിലും മൊഫ്യൂസില്‍ ബസ് സ്റ്റാൻഡിലും ബോംബു വെച്ചിട്ടുണ്ടെന്നും അരമണിക്കൂറിനകം ഇവ പൊട്ടുമെന്നും ബോംബു വെച്ചവര്‍ ആദ്യം വിളിച്ചു പറഞ്ഞത് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്നിരുന്ന ഒരു സായാഹ്ന പത്രത്തിലേക്കായിരുന്നു. ന്യൂസ് ബ്യൂറോയിലുള്ളവര്‍ ഉടന്‍ തന്നെ പൊലീസിനെ വിളിച്ചറിയിച്ചപ്പോഴും ഇത്തരമൊരു സ്ഫോടനം നടക്കുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല.
2006 മാർച്ച് മൂന്നിന് 12.15നാണ് പത്രം ഓഫീസിലേക്ക് അജ്ഞാത ഫോണ്‍ സന്ദേശം വന്നിരുന്നത്. ഇവര്‍ പറഞ്ഞത് അരമണിക്കൂറിനകം ബോംബ് പൊട്ടുമെന്നായിരുന്നു. കൃത്യം 12.45ന് കോഴിക്കോടിനെ മാത്രമല്ല രാജ്യത്തെപോലും ഞെട്ടിച്ച ആദ്യ സ്ഫോടനം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിലും തുടര്‍ന്ന് 1.05ന് മൊഫ്യൂസില്‍ ബസ് സ്റ്റാൻഡിലും നടന്നപ്പോള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ ലക്ഷ്യമെന്തെന്നറിയാതെ പൊലീസു പോലും ഏറെ നാള്‍ വിയര്‍ത്തുപോയി.
നഗരത്തിലെ ഏറ്റവും ജനത്തിരക്കേറിയ കെഎസ്ആര്‍ടിസി, മൊഫ്യൂസില്‍ ബസ് സ്റ്റാൻഡുകളില്‍ നടന്ന ഈ രണ്ട് സ്ഫോടനങ്ങളും സംസ്ഥാനത്തെ ആഭ്യന്തര സുരക്ഷയെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. 2003 ല്‍ മാറാട് കടപ്പുറത്ത് നടന്ന കലാപത്തില്‍ അസ്വസ്ഥമായാണ് സ്ഫോടനം നടത്തിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. രണ്ടാം മാറാട് കലാപത്തില്‍ മുസ്ലീങ്ങളായ പ്രതികള്‍ക്ക് ജാമ്യം കിട്ടാത്തതിലുള്ള പ്രതിഷേധമാണ് സ്ഫോടനത്തിനു പിന്നിലുണ്ടായിരുന്ന വികാരം. ആദ്യ സ്ഫോടനത്തില്‍ തടിയന്റവിള നസീര്‍ നേരിട്ടും രണ്ടാമത്തേതില്‍ നസീറിന്റെ നിര്‍ദ്ദേശപ്രകാരം മറ്റു പ്രതികളുമാണ് ബോംബ് സ്ഥാപിച്ചിരുന്നത്. സ്ഫോടനം നടന്ന ഉടനെ പരിഭ്രാന്തരായി നാലുപാടും ചിതറിയോടിയ ജനങ്ങള്‍ക്കൊപ്പം പ്രതികളും ഓടി മറഞ്ഞു.
തുടര്‍ന്ന് സ്ഫോടന സ്ഥലത്തു നിന്നും ലഭിച്ച തെളിവുകള്‍ ശേഖരിച്ച് ക്രൈംബ്രാഞ്ച് ഒട്ടേറെ കാര്യങ്ങള്‍ കണ്ടെത്തി. ഇതിനിടയില്‍ സ്ഫോടനത്തിനു പിന്നിലെ ബുദ്ധി കേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെട്ടത് ലഷ്കര്‍-ഇ-തൊയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീറാണെന്ന് പൊലീസിന് തെളിവ് ലഭിച്ചു. ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തിയില്‍ നിന്ന് നസീര്‍ അറസ്റ്റിലായതോടെ കേസന്വേഷണം ക്രൈംബ്രാഞ്ചില്‍ നിന്ന് മാറ്റി തീവ്രവാദകേസുകള്‍ അന്വേഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിച്ചു. 2009ലാണ് കേസ് എൻഐഎ ഏറ്റെടുത്തത്.
എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ സ്ഫോടനത്തിനു പിന്നില്‍ വന്‍ബുദ്ധികേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് തെളിഞ്ഞിരുന്നു. സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒൻപത് പേര്‍ ഉണ്ടായിരുന്നുവെന്ന് എന്‍ഐഎ സംഘം കണ്ടെത്തി. തടിയന്റവിട നസീറായിരുന്നു കേസിലെ ഒന്നാം പ്രതി. മുഹമ്മദ് അസര്‍, കണ്ണൂര്‍ വാഴക്കാതെരു താഴകത്ത് അബ്ദുല്‍ ഹാലിം, ഷഫാസ്, ഷമ്മി ഫിറോസ്, കെ.പി.യൂസഫ്, ചെട്ടിപ്പിടി യൂസഫ് എന്നിവരായിരുന്നു മറ്റ് പ്രതികള്‍. ക്രൈംബ്രാഞ്ച് കണ്ടെത്തിയ നിഗമനത്തിലൂടെയായിരുന്നു എന്‍ഐഎയും നീങ്ങിയിരുന്നത്.
കൊച്ചി കലക്ട്രേറ്റ് സ്ഫോടന കേസുമായി ബന്ധപ്പെട്ട് അബ്ദുല്‍ ഹാലിം പിടിയിലായതോടെയാണ് കോഴിക്കോട് ഇരട്ട സ്ഫോടന കേസിന്റെ അന്വേഷണവും നിര്‍ണായകതലത്തിലേക്ക് എത്തിയത്. കണ്ണൂരിലെ വാടക വീട്ടില്‍ നിന്നും ബോംബ് നിര്‍മിച്ച് കോഴിക്കോട്ടെ ബസ് സ്റ്റാൻഡുകളിൽ കൊണ്ടുവന്ന് സ്ഫോടനം നടത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ നസീര്‍ മൊഴി നല്‍കിയിരുന്നു. അന്വേഷണത്തിനും വിചാരണയ്ക്കുമൊടുവിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ തടിയന്റവിട നസീറിന് മൂന്നു ജീവപര്യന്തവും ഷഫാസിനെ ഇരട്ട ജീവപര്യന്തം തടവിനുമാണ് അന്ന് എന്‍ഐഎ കോടതി ശിക്ഷിച്ചിരുന്നത്. രാജ്യദ്രോഹം, ഗൂഢാലോചന, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു പ്രതി തടിയന്റവിട നസീറിനെതിരെ കുറ്റപത്രം നൽകിയിരുന്നത്. ദക്ഷിണേന്ത്യയില്‍ എന്‍ഐഎ അന്വേഷിക്കുന്ന ആദ്യ കേസായിരുന്നു കോഴിക്കോട് ഇരട്ട സ്ഫോടന കേസ്. കേരളത്തില്‍ എന്‍ഐഎ അന്വേഷിക്കുന്ന അഞ്ചു കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ച ആദ്യത്തേതാണ് ഈ കേസ്.
https://www.facebook.com/Malayalivartha