സര്‍ക്കാര്‍ കാണിക്കുന്നത് പ്രഹസനം... ബാറുകളിലും മാളുകളിലും പൊതു ഗതാഗതത്തിനൊന്നും സര്‍ക്കാര്‍ നിയന്ത്രണം കൊണ്ട് വരുന്നില്ല; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന സിനിമ തിയേറ്ററുകള്‍ എന്തിന് അടയ്ക്കണം; ലോകാരോഗ്യ സംഘടനയും മറ്റ് രാജ്യങ്ങളും എങ്ങനെയാണ് കൊവിഡിനെ നേരിടുന്നത് എന്ന് വായിച്ച് നോക്കാനുള്ള വിവരവും അറിവും ഈ ഉത്തരവ് ഇടുന്നവര്‍ കാണിക്കണം

സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ അരലക്ഷത്തിലധികമാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകള്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍. കൂടാതെ ജില്ലകളിലെ തിയേറ്ററുകളും പൂര്‍ണ്ണമായി അടച്ചിടേണ്ടി വരുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് സിനിമാ മേഖലയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന തീരുമാനമാണെന്ന് ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാര്‍ പറയുന്നത്.
കോവിഡിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം അടഞ്ഞു കിടന്ന തിയറ്റര്‍ സജീവമായി തുടങ്ങിയിട്ട് രണ്ടു മാസം ആയിട്ടേയുള്ളൂ. അതിനിടയ്ക്കാണ് വീണ്ടും വില്ലനായി കോവിഡ് കടന്നു വരുന്നത്. തിരുവന്തപുരത്തിന് പിന്നാലെ നാല് ജില്ലകളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ സര്‍ക്കാരിന്റെ പദ്ധതി അനുസരിച്ച് കേരളത്തിലെ എല്ലാ തിയേറ്ററുകളും അടച്ചിടേണ്ടി വരും. ഇത്രയും പ്രാകൃതമായി കൊവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കുന്ന സംസ്ഥാനം ലോകത്ത് എവിടെയും ഉണ്ടാകില്ല. സര്‍ക്കാരിന്റെ കഴിവ് കേട് മറയ്ക്കാന്‍ വേണ്ടി തിയേറ്റര്‍ വ്യവസായത്തെ തകര്‍ക്കുകയാണെന്നും വിജയകുമാര്‍ പറയുന്നു.
കൊവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ നടക്കുന്നു എന്ന് കരുതപ്പെടുന്ന ബാറുകളിലും മാളുകളിലും പൊതു ഗതാഗതത്തിനൊന്നും സര്‍ക്കാര്‍ നിയന്ത്രണം കൊണ്ട് വരുന്നില്ല. ഏറ്റവും അധികം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന സിനിമ തിയേറ്ററുകളില്‍ മാത്രം എന്തുകൊണ്ട് പിടിമുറുക്കുന്നു എന്നുള്ളത് ഒരു ദുരൂഹതയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടനയും മറ്റ് രാജ്യങ്ങളും എങ്ങനെയാണ് കൊവിഡിനെ നേരിടുന്നത് എന്ന് വായിച്ച് നോക്കാനുള്ള വിവരവും അറിവും ഈ ഉത്തരവ് ഇടുന്നവര്‍ കാണിക്കണമെന്നു പറഞ്ഞ വിജയകുമാര്‍ എന്ത് കൊണ്ടാണ് ബാറും ഷോപ്പിങ്ങ് മാളും അടച്ചിടാന്‍ പറയാത്തതെന്നും ചോദിച്ചു.
തിയേറ്ററുകള്‍ മാത്രം കൊവിഡ് മാനദണ്ഡത്തിന്റെ ഭാഗമായി അടക്കുന്നതിനെതിരെ ഫിയോക്ക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയത്തില്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകുമോ എന്ന ആശങ്കയിലാണെന്നും ഫിയോക്ക് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha