ഫ്രാങ്കോ മുളക്കലിനെ കുറ്റമുക്തനാക്കല്‍: ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ എ.ജിക്ക് ഡി.ജി.പിയുടെ കത്ത്; ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെ കുറ്റമുക്തനാക്കിയ കോടതി വിധിക്കെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അഡ്വക്കറ്റ് ജനറലിന് കത്ത് നല്‍കി.
സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശവും കത്തിനൊപ്പമുണ്ട്. ലത്തീന്‍ കത്തോലിക്ക വിഭാഗക്കാരിയായ കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പായ ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗചെയ്തെന്ന കേസില്‍ കോട്ടയം സെഷന്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്. കോടതിവിധി 2013ലെ നിര്‍ഭയ കേസിനെ തുടര്‍ന്നുള്ള നിയമഭേദഗതിക്ക് എതിരാണെന്നാണ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം.
കേസിന്‍റെ വസ്തുതകള്‍ വിലയിരുത്തുന്നതിനൊപ്പം സാക്ഷി മൊഴികളും തെളിവുകളും തള്ളിയ നിയമവ്യാഖ്യാനത്തിലും പിഴവുണ്ടെന്നാണ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അന്വേഷണസംഘത്തെ അറിയിച്ചത്. തെളിവ് നിയമം വ്യാഖ്യാനിച്ചിരിക്കുന്നതിലും സുപ്രീംകോടതി നിര്‍ദേശങ്ങള്‍ വിലയിരുത്തിയതിലുമാണ് പിഴവുകള്‍.
അതിനാല്‍ കുറ്റകൃത്യത്തിന്‍റെ വസ്തുതയിലേക്ക് കടക്കാതെ വിധിന്യായത്തിലെ പിഴവുകള്‍ മാത്രം ചൂണ്ടിക്കാട്ടി അപ്പീല്‍ അപേക്ഷ തയാറാക്കാനാണ് പ്രോസിക്യൂഷന്‍ ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha