കാലം മാറി കഥയും മാറി... ലോകായുക്തയുടെ അധികാരങ്ങളെക്കുറിച്ച് 2019 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചിന്ത വാരികയില്‍ എഴുതിയ ലേഖനം വീണ്ടും ചര്‍ച്ചയാകുന്നു; അഴിമതിക്കെതിരെ കുരയ്ക്കാന്‍ മാത്രമല്ല, ആവശ്യമെങ്കില്‍ കടിക്കാനും കഴിയുന്ന സംവിധാനമാണ് ലോകായുക്ത

ലോകായുക്തയുമായി ബന്ധപ്പെട്ടുള്ള ഓര്‍ഡിനന്‍സാണ് ഇപ്പോള്‍ സജീവ ചര്‍ച്ചയാകുന്നത്. അതിനിടെ ലോകായുക്തയുടെ അധികാരങ്ങളെക്കുറിച്ച് 2019 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 'ചിന്ത' വാരികയില്‍ എഴുതിയ ലേഖനം ഇപ്പോഴത്തെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നു.
അഴിമതിക്കെതിരെ കുരയ്ക്കാന്‍ മാത്രമല്ല, ആവശ്യമെങ്കില്‍ കടിക്കാനും കഴിയുന്ന സംവിധാനമാണ് ലോകായുക്തയെന്ന് അന്ന് പിണറായി കുറിച്ചിരുന്നു. ലോകായുക്ത നടപ്പാക്കിയത് തങ്ങളാണെന്ന് അവകാശപ്പെടുന്ന ലേഖനത്തില്‍, ഈ സംവിധാനം ശക്തിപ്പെടുത്താന്‍ ജനങ്ങള്‍ ഇടപെടണമെന്നും പിണറായി ആവശ്യപ്പെടുന്നു.
ഓംബുഡ്‌സ്മാനെക്കുറിച്ച് സാധാരണ പറയാറുള്ള ഒരു വിശേഷണം കുരയ്ക്കാന്‍ മാത്രം കഴിയുകയും എന്നാല്‍ കടിക്കാന്‍ കഴിയാത്തതുമായ ഒരു കാവല്‍നായ എന്നതാണ്. എന്നാല്‍, ഓംബുഡ്‌സ്മാന്റെ കേരള പതിപ്പായ ലോകായുക്തയ്ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ആവശ്യമെന്നു കണ്ടാല്‍ കടിക്കാനും കഴിയുന്ന സംവിധാനമാണ് ലോകായുക്ത.
ഭരണനിര്‍വഹണ വിഭാഗത്തിലുള്ള അഴിമതി, കാര്യക്ഷമതയില്ലായ്മ, അലംഭാവം, കാലതാമസം തുടങ്ങി പല പ്രവണതകള്‍ക്കും പരിഹാരം തേടി ലോകായുക്തയെ സമീപിക്കാന്‍ കഴിയും. പരാതിക്കാരനു പണച്ചെലവില്ലാതെ, സാങ്കേതികത്വവും കാലതാമസവും ഒഴിവാക്കി പരിഹാര മാര്‍ഗങ്ങള്‍ നല്‍കാനും ഉത്തരവാദികള്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യാനും ലോകായുക്തയ്ക്ക് കഴിയും.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതിദുര്‍ഭരണ വിരുദ്ധ നിശ്ചയദാര്‍ഢ്യത്തിന്റെ കൂടി പ്രതീകമാണ് 1999 ല്‍ വന്ന ലോകായുക്ത. ആദ്യവര്‍ഷം 159 കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടിടത്ത് 2019 ല്‍ 3,953 കേസുകള്‍ ഫയല്‍ ചെയ്തു. ഇതുവരെ 35,456 കേസുകള്‍ ഫയല്‍ ചെയ്തതില്‍ 34,662 കേസുകള്‍ തീര്‍പ്പാക്കി. ഇത് ലോകായുക്തയുടെ സ്വീകാര്യതയും ഫലപ്രാപ്തിയും വെളിവാക്കുന്നുണ്ട്'. എന്നാണ് ലേഖനത്തില്‍ പറയുന്നത്.
ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് വിവാദമായിരിക്കെ ഇനി വരുന്ന രണ്ട് കേസുകള്‍ ശ്രദ്ധേയമാണ് ശ്രദ്ധേയമാണ്. മന്ത്രി ആര്‍. ബിന്ദുവിനെതിരായ ഹര്‍ജി ഫെബ്രുവരി ഒന്നിനും മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 16 അംഗങ്ങള്‍ക്കുമെതിരായ ഹര്‍ജി ഫെബ്രുവരി 4 നും ലോകായുക്ത പരിഗണിക്കും.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ടു മന്ത്രി ബിന്ദുവിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയാണ് ഒന്നിനു പരിഗണിക്കുന്നത്. വിസിയെ പുനര്‍നിയമിക്കണമെന്ന് ആവശ്യപ്പെട്ടു ഗവര്‍ണര്‍ക്കു മന്ത്രി കത്തുകള്‍ നല്‍കിയത് അഴിമതിയും അധികാര ദുര്‍വിനിയോഗവുമാണെന്നാണു പരാതി.
ഇതില്‍ സര്‍ക്കാരിന്റെ കൈവശമുള്ള രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദേശിച്ചിട്ടുണ്ട്. അന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതു ഹാജരാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു ചട്ടം മറികടന്നു പണം നല്‍കിയെന്ന ഹര്‍ജിയാണു നാലിന് വരിക.
എന്‍സിപി മുന്‍ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ മരിച്ചതിനു പിന്നാലെ മക്കളുടെ പഠനത്തിന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു നല്‍കിയത്, ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ മരണത്തിനു പിന്നാലെ സ്വര്‍ണപ്പണയം തിരികെയെടുക്കാന്‍ 8 ലക്ഷം രൂപയും കാര്‍ വായ്പ അടച്ചു തീര്‍ക്കാന്‍ 6 ലക്ഷം രൂപയും നല്‍കിയത്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം മറിഞ്ഞു മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് ആനുകൂല്യങ്ങള്‍ക്കു പുറമേ ദുരിതാശ്വാസ നിധിയില്‍നിന്ന് 20 ലക്ഷം രൂപ നല്‍കിയത് എന്നിവയാണു ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ദുരിതം അനുഭവിക്കുന്നവര്‍ക്കു നല്‍കാനുള്ള പണം ചട്ടം മറികടന്നു നല്‍കിയെന്നാണു ഹര്‍ജിയിലെ ആരോപണം.
https://www.facebook.com/Malayalivartha