ഇന്ന് പുറപ്പെടും... യുഎസിലെ ചികിത്സയ്ക്കും പരിശോധനകള്‍ക്കും ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ മടങ്ങിയെത്തും; കോവിഡ് വ്യാപനം തടയാനും ചികിത്സ ഒരുക്കാനും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും

കേരളത്തിലെ കോവിഡ് പ്രതിരോധത്തില്‍ കൂടുതല്‍ കടുത്ത നടപടിയിലേക്ക് പോകുകയാണ്. യുഎസിലെ ചികിത്സയ്ക്കും പരിശോധനകള്‍ക്കും ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ മടങ്ങിയെത്തും.
ഇന്ന് അവിടെനിന്നു പുറപ്പെടും. താന്‍ സുഖമായി ഇരിക്കുന്നെന്നും നേരത്തേ നിശ്ചയിച്ചപോലെ നാളെ മടങ്ങിയെത്തുമെന്നും അദ്ദേഹം ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു. 14ന് പുലര്‍ച്ചെയാണു മുഖ്യമന്ത്രി യുഎസിലെ മേയോ ക്ലിനിക്കിലേക്കു പോയത്. മുഖ്യമന്ത്രി കൂടി എത്തുന്നതോടെ പഴയ കോവിഡ് പത്രസമ്മേളനങ്ങള്‍ സജീവമാകും.
കോവിഡ് വ്യാപനം തടയാനും ചികിത്സ ഒരുക്കാനും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ തദ്ദേശ സ്ഥാപന അധ്യക്ഷരുടെ യോഗം വിളിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
എല്ലാ തദ്ദേശ സ്ഥാപനങ്ങളും കോവിഡ് വ്യാപനം ആഴ്ചയിലൊരിക്കല്‍ വിലയിരുത്തണം. വാര്‍ഡ്തല ജാഗ്രതാ സമിതി ആഴ്ചയിലൊരു ദിവസം ചേരണം. സി കാറ്റഗറി ജില്ലകളില്‍ വാര്‍ഡ് തല സമിതികള്‍ ആഴ്ചയില്‍ 2 തവണ ചേര്‍ന്ന് സ്ഥിതി വിലയിരുത്തണമെന്നും തദ്ദേശ മന്ത്രി എം.വി.ഗോവിന്ദന്‍ നിര്‍ദേശിച്ചു.
തദ്ദേശസ്ഥാപന തലത്തില്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ (സിഎഫ്എല്‍ടിസി), ഡിഡിസികള്‍ എന്നിവയില്‍ വേണ്ട സൗകര്യം ഒരുക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണം. വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ മുഖേന സിഎഫ്എല്‍ടിസികളെക്കുറിച്ചുള്ള വിവരം ജനങ്ങളിലെത്തിക്കണം. കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം ലഭ്യമാക്കുന്നതിനു ജനപ്രതിനിധികള്‍ മുന്‍കയ്യെടുക്കണം. വാര്‍ റൂമും റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളും പുനഃസംഘടിപ്പിക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തരമായി അവ പൂര്‍ത്തിയാക്കണം.
തദ്ദേശ സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നു മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാരുടെ അധ്യക്ഷതയില്‍ ജില്ലാ തലത്തില്‍ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങുക, സമൂഹ അടുക്കളകള്‍ വഴി രോഗികളുടെ വീടുകളില്‍ ഭക്ഷണം എത്തിക്കുക തുടങ്ങിയ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനു നിര്‍ദേശം നല്‍കും.
സംസ്ഥാനത്ത് സര്‍വയലന്‍സിന്റെ ഭാഗമായി കോവിഡ് രോഗികളുടെ സാമ്പിള്‍ പരിശോധനയില്‍ 94 ശതമാനവും ഒമിക്രോണ്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറ് ശതമാനം ആളുകളിലാണ് ഡെല്‍റ്റ കണ്ടെത്തിയത്. മറ്റ് സ്ഥലങ്ങളില്‍ നിന്ന് എത്തിയവരില്‍ നടത്തിയ പരിശോധനയില്‍ 80 ശതമാനവും ഒമിക്രോണും 20 ശതമാനം ഡെല്‍റ്റയുമാണെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംസ്ഥാനതല വാര്‍ റൂം ആരംഭിച്ചു. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കി. ട്രിഗര്‍ മാട്രിക്‌സിന്റെ മോണിറ്ററിംഗ്, ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ആന്റ് ഒക്യുപ്പന്‍സി മെറ്റീരിയല്‍ മാനേജ്‌മെന്റ്, ഡേറ്റ ക്വാളിറ്റി ആന്റ് അനാലിസിസ്, റിപ്പോര്‍ട്ടിംഗ് എന്നിവയാണ് വാര്‍ റൂമിന്റെ പ്രധാന ദൗത്യം.
സംസ്ഥാനത്ത് ഐസിയു ഉപയോഗം 2 ശതമാനം കുറഞ്ഞിട്ടുണ്ട്. നിലവില്‍ കോവിഡും നോണ്‍ കോവിഡുമായി 40.5 ശതമാനം പേരാണ് ഐസിയുവില്‍ ചികിത്സയിലുള്ളത്. 59 ശതമാനത്തോളം ഐസിയു കിടക്കകള്‍ ഒഴിവുണ്ട്. വെന്റിലേറ്ററിലെ രോഗികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 12.5 ശതമാനം പേരാണ് കോവിഡും നോണ്‍ കോവിഡുമായി വെന്റിലേറ്ററില്‍ ചികിത്സയിലുള്ളത്. 86 ശതമാനം വെന്റിലേറ്ററുകള്‍ ഒഴിവുണ്ട്. സ്വകാര്യ ആശുപത്രികളിലെ ഐസിയുവില്‍ 8.28 ശതമാനം കോവിഡ് രോഗികളും വെന്റിലേറ്ററില്‍ 8.96 ശതമാനം കോവിഡ് രോഗികളും മാത്രമാണുള്ളത്.
ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ ശതമാനം മൂന്നാണ്. 97 ശതമാനം പേര്‍ക്കും ഗൃഹ പരിചരണമാണ്. ആശുപത്രി ചികിത്സയ്ക്കും ഗൃഹ പരിചരണത്തിനും തുല്യ പ്രാധാന്യമാണ് നല്‍കുന്നത്. ഗൃഹപരിചരണത്തിലുള്ളവര്‍ അപായ സൂചനകള്‍ ശ്രദ്ധിച്ച് കൃത്യമായി ഡോക്ടറുടെ സേവനം തേടണമെന്നും മന്ത്രി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha