പതിറ്റാണ്ടുകളായി താൻ നടന്നു തീർത്ത കാട്ടുവഴികളിൽ തന്നെ കാത്ത് മരണം നിൽക്കുമെന്ന് മാതൻ മൂപ്പൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല... ഇരുപത് വർഷം മുൻപത്തെ റിപ്പബ്ലിക്ദിന പരിപാടികളിൽ അതിഥിയായി, മരണവും മറ്റൊരു റിപ്പബ്ലിക് ദിനത്തിൽ

നിലമ്പൂരിലെ കരുളായി ഉൾവനം തേടിപ്പോയവരാരും കാടിന്റെ മകനായ മാതൻ മൂപ്പനെ മറക്കാനിടയില്ല. എപ്പോഴും ചിരിച്ചു കൊണ്ട് മാത്രമെത്തുന്ന മൂപ്പനാകും പലരുടെയും മനസിൽ. കൈയ്യിൽ ഒരു വടിയും തോളിൽ ഈറ കൊണ്ട് നെയ്ത ഒരു കൂടയുമായി മൂപ്പനങ്ങനെ നടക്കും. പുതിയ കാലത്തെ ആദിവാസി മനുഷ്യരുടെ പ്രതിനിധിയല്ല മാതൻ മൂപ്പൻ. മറിച്ച് വനവിഭവങ്ങൾ കഴിച്ച് വിശപ്പടക്കി ഉൾവനങ്ങളിലെ ഗുഹകളിൽ മാറി മാറി കഴിയുന്ന പ്രാക്തന ഗോത്രവിഭാഗത്തിന്റെ പ്രതിനിധിയാണ്. കരിമ്പുലിയും കാട്ടാനകളും കരടികളും ഏറെയുള്ള കരിമ്പുഴ കാട്ടിലെ ചോലനായ്ക്കർ വിഭാഗത്തിലുള്ളവരെ വന്യമൃഗങ്ങൾ അങ്ങനെയൊന്നും പൊതുവേ ആക്രമിക്കാറില്ല. ഒരേ കാട്ടിൽ സ്നേഹത്തോടെയും ഒരുമയോടെയുമാണ് അവർ കഴിഞ്ഞു പോന്നിരുന്നത്. എന്നിട്ടും ഒരൊറ്റയാൻ മൂപ്പന്റെ ജീവൻ നിഷ്കരുണം ചവിട്ടിമെതിച്ചു.
ഇരുപത് വർഷം മുൻപത്തെ റിപ്പബ്ലിക്ദിന പരിപാടികളിൽ കേന്ദ്ര സർക്കാരിന്റെ അതിഥിയായി മാതനും ഭാര്യ കരിക്കയും ദില്ലിയിലെത്തിയിരുന്നു. പിന്നീട് അതിന്റെ യാതൊരു ആനുകൂല്യവും ആദരവും പറ്റാതെ ഗുഹയിലേക്ക് മടങ്ങിയ കാടിന്റെ പുത്രൻ യാത്രയായതും മറ്റൊരു റിപ്പബ്ലിക് ദിനത്തിൽ തന്നെ. പൊതുവെ ചോലനായ്ക്കർ വിഭാഗത്തിലുള്ളവർ പുറംലോകത്തേക്ക് വരാറില്ല. നാട്ടുകാരുമായി ഇടപാടുകൾ നടത്തുന്നവരും കുറവാണ്. കാട്ടിലെത്തുന്ന ഉദ്യോഗസ്ഥരോടോ നാട്ടുകാരോടോ എന്തെങ്കിലും ആശയവിനിമയം നടത്താൻ മാതനെപ്പോലെ ഏതാനും ചിലർ മാത്രമേ തയ്യാറാകൂ.
ചോലനായ്ക്കരിലെ ജനകീയമുഖമായ കരിമ്പുഴ മാതന്‍ (67) ആണ് ബുധനാഴ്ച ആണ് കാട്ടനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. കരുളായി ഉള്‍വനത്തിലെ വാള്‍കെട്ടുമലയില്‍ താമസിക്കുന്ന മാതന്‍ ബുധനാഴ്ച റേഷന്‍ വാങ്ങിക്കുന്നതിന് മാഞ്ചീരിയിലേക്കു വരുമ്പോള്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. പ്രായാധിക്യം കാരണം ഓടാന്‍ കഴിയാത്ത മാതനെ ആന ചവിട്ടി കൊന്നു.
കരുളായി അങ്ങാടിയില്‍ നിന്ന് മുപ്പതു കിലോമീറ്റര്‍ അകലെ വാള്‍കെട്ടുമലയ്ക്കും പാണപ്പുഴയ്ക്കുമിടയില്‍ രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. ആനയുടെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടവര്‍ കൂടുതല്‍പേരെ കൂട്ടിവന്നെങ്കിലും ആനക്കൂട്ടം സ്ഥലത്തു തമ്പടിച്ചതിനാല്‍ ആർക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ബുധനാഴ്ച സംഭവസ്ഥലത്തേക്കു പുറപ്പെട്ട അധികൃതര്‍ക്ക് വ്യാഴാഴ്ച രാവിലെ പത്തു മണിയോടെയാണ് സ്ഥലത്തെത്താനായത്.
നിലമ്പൂര്‍ തഹസില്‍ദാര്‍ പി. രഘുനാഥ്, വഴിക്കടവ് എസ്.എച്ച്.ഒ. പി. അബ്ദുള്‍ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൂക്കോട്ടുംപാടം എസ്.ഐ. ജയകൃഷ്ണന്‍ ഇന്‍ക്വസ്റ്റും പൊലീസ് ഫൊറന്‍സിക് സര്‍ജന്‍ ഡോ. മെഹ്ജ് സി. ഫാത്തിമയുടെ നേതൃത്വത്തില്‍ മൃതദേഹപരിശോധനയും നടത്തി. വൈകുന്നേരത്തോടെ ചോലനായ്ക്കരുടെ ആചാരപ്രകാരം സംസ്‌കാരവും നടത്തി. എല്ലാ തെരഞ്ഞെടുപ്പിലും വോട്ടു ചെയ്യാന്‍ മലയിറങ്ങിവരാറുള്ളയാളാണ് മാതന്‍. 2001-ലെ റിപ്പബ്ലിക്ദിന പരിപാടികളിലാണ് മാതനും ഭാര്യ കരിക്കയും പങ്കെടുത്തത്.
പതിറ്റാണ്ടുകളായി താൻ നടന്നു തീർത്ത കാട്ടുവഴികളിൽ വീട് പോലെ സുപരിചിതമായ കാട്ടിൽ തന്നെ കാത്ത് മരണം നിൽക്കുമെന്ന് മാതൻ മൂപ്പൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. കുടിയില്‍ തന്നേക്കാള്‍ അവശയായി കിടപ്പിലായ ഭാര്യ കരിക്ക പട്ടിണിയിലാകാതിരിക്കാൻ എല്ലാ ബുധനാഴ്ചകളിലും മാതൻ മൂപ്പൻ റേഷൻ വാങ്ങാനിറങ്ങും. ബുധനാഴ്ച പക്ഷേ റേഷന്‍ വാങ്ങാന്‍ മാതന്‍ എത്തിയില്ല. കാട്ടാനയുടെ കാലിനടിയിൽ മൂപ്പൻ ജീവന് വേണ്ടി പിടഞ്ഞത് ആരും അറിഞ്ഞതുമില്ല. ട്രക്കിങ്ങിനു പോകുന്ന വനപാലകരുള്‍പ്പെടെയുള്ളവര്‍ വഴികാട്ടിയായി മാതനെയാണ് കൂടെ കൂട്ടിയിരുന്നത്. സര്‍ക്കാര്‍ രേഖകളില്‍ മാതന് പ്രായം എഴുപത്. എണ്‍പതിനുമുകളില്‍ വരുമെന്ന് ബന്ധുക്കള്‍ പറയുന്നു. ചോലനായ്ക്കരിലെതന്നെ തലമുതിര്‍ന്നൊരാളെയാണ് റിപ്പബ്ലിക് ദിനത്തില്‍ കാടിനു നഷ്ടമായത്.
രണ്ടു പതിറ്റാണ്ടിനിടെ ആനയുടെ ആക്രമണത്തില്‍ മരിക്കുന്ന നാലാമത്തെ ചോലനായ്ക്കനാണ് കരിമ്പുഴ മാതന്‍. 2017-ല്‍ കുപ്പമല കേത്തന്റെ മകന്‍ ശിവനെ ആന ചവിട്ടിക്കൊന്നു. അതിനും 13 വര്‍ഷം മുന്‍പ് വീരന്‍-ജക്കി ദമ്പതിമാരുടെ കുട്ടികളെയും ആന വകവരുത്തി. ആനയുടെ ആക്രമണത്തില്‍ മറ്റു ആദിവാസികളും നാട്ടുകാരും ഇടയ്ക്കിടെ കൊല്ലപ്പെടാറുണ്ടെങ്കിലും കൊടുങ്കാട്ടില്‍ കഴിയുന്ന ചോലനായ്ക്കര്‍ അപൂര്‍വമായേ ആക്രമണത്തിന് ഇരയാകാറുള്ളൂ. മറ്റു വനവാസികളെ അപേക്ഷിച്ച് വന്യമൃഗങ്ങളുടെ വിഹാരം അധികമുള്ള ഉള്‍വനത്തിലാണ് ചോലനായ്ക്കര്‍ വനവിഭവശേഖരണം നടത്തുന്നതും വസിക്കുന്നതും. മൃഗങ്ങളുടെ സ്വഭാവവും സാന്നിധ്യവുമെല്ലാം ഇവര്‍ക്ക് കൃത്യമായിട്ടറിയാം. അതനുസരിച്ചുള്ള സഞ്ചാരവും ജീവിതവുമാണ് ഇവരുടേത്.
മിക്കവാറും ഇവര്‍ അര്‍ധനഗ്‌നരായിരിക്കും. പാദരക്ഷകള്‍ ധരിക്കില്ല. അനാവശ്യമായി ഒരു വാക്കുപോലും ഉരിയാടില്ല. ഇതൊക്കെ അതിജീവനത്തിന്റെ വഴികളാണ്. കരിയില ഞെരിയുന്ന ശബ്ദം പോലും ഇവര്‍ കാട്ടിലൂടെ നടക്കുമ്പോള്‍ കേള്‍ക്കില്ല. ഇവരുടെ കാല്‍പാദം പോലും അതിനു പരുവപ്പെട്ടിട്ടുണ്ട്. എത്രപേരുണ്ടെങ്കിലും കൂട്ടംകൂടിനടക്കില്ല. ജാഥപോലെയേ നടന്നുനീങ്ങൂ. കാട്ടിലൂടെ നടക്കുമ്പോഴും വനവിഭവശേഖരണം നടത്തുമ്പോഴും ചില പ്രത്യേക ശബ്ദങ്ങളിലൂടെയാണ് ആശയവിനിമയം. ഗന്ധംകൊണ്ടും ശബ്ദംകൊണ്ടും പരിസരവീക്ഷണത്തിലൂടെയുമാണ് വന്യമൃഗങ്ങളുടെ സാമീപ്യം തിരിച്ചറിയുന്നത്.
https://www.facebook.com/Malayalivartha