കുട്ടിക്കടത്ത് റാക്കറ്റ് സജീവം... അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് നിന്ന് പുറത്തേക്ക് കടത്തിയത് 54 കുട്ടികളെ; കടത്തിയവരിൽ ഏറെയും എട്ടിനും പതിനേഴിനുമിടയിൽ പ്രായമുള്ളവർ

കഴിഞ്ഞ ദിവസം കോഴിക്കോട് വെള്ളിമാട് കുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികൾ ചാടിപ്പോയ വാർത്ത തെല്ല് ആശങ്കയോടെയാണ് കേരള ജനത കേട്ടത്. ബുധനാഴ്ച മുതലായിരുന്നു ഇവരെ കാണാതായതായി അധികൃതർ പരാതി നൽകിയത്. ഇതിൽ രണ്ട് പേരെ ബംഗളൂരുവിൽ നിന്നും നാല് പേരെ മലപ്പുറം എടക്കരയിൽ നിന്നും പിന്നീട് കണ്ടെത്തുകയായിരുന്നു. ഒളിച്ചോടിയ പെൺകുട്ടികൾക്ക് സഹായം ചെയ്തത് ആരാണെന്നും ഇവർ എങ്ങനെ ബംഗളൂരുവിലെത്തിയെന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. അതേസമയം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് നിന്ന് പുറത്തേക്ക് കൗമാരക്കാരയ 54 കുട്ടികളെ കടത്തിയതായി സർക്കാർ റിപ്പോർട്ടുകളിൽ പറയുന്നു.
ഇവരിൽ പകുതിയും എട്ടിനും പതിനേഴിനുമിടയിൽ പ്രായമുള്ളവരാണ്. ഈ കുട്ടികളെ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കടത്തിയതായാണ് സംശയിക്കുന്നത്. ഇതിന് പിന്നിൽ കുട്ടിക്കടത്ത് റാക്കറ്റ് പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചില കുട്ടികൾ സ്വയം രക്ഷപ്പെടാറുണ്ടെന്നും കടത്തിക്കൊണ്ടുപോയ നിരവധി കുട്ടികളെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും സർക്കാർ പറയുന്നു.
കേരളത്തിലുൾപ്പെടെ പല കോടതികളിലായി ഇത് സംബന്ധിച്ച് നിരവധി പോക്സോ കേസുകളുണ്ടെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു. കുട്ടികൾക്ക് നിർഭയമായി മൊഴി കൊടുക്കാൻ സാഹചര്യമുള്ള ബാലസൗഹൃദ മൊഴിയെടുക്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സ്വദേശി സന്തോഷ് ഷിൻഡെ നൽകിയ റിട്ട് ഹർജിയിലാണ് സർക്കാരിന്റെ മറുപടി. കേസ് അടുത്തയാഴ്ച പരിഗണിക്കും. സ്കൂളുകൾ, അനാഥ കേന്ദ്രങ്ങൾ, ദുർഗുണപരിഹാര പാഠശാലകൾ തുടങ്ങിയിടങ്ങളിൽ നിന്നു പുറത്തു ചാടുന്നവരാണ് കൂട്ടത്തിലധികവും. പിന്നീട് ഇര, സാക്ഷി എന്നീ നിലകളിൽ കോടതിനടപടികളിൽ കുട്ടികൾ പങ്കാളികളാകേണ്ടിവരുമെങ്കിലും ഇവർക്ക് നിർഭയമായി മൊഴി നൽകാനുള്ള സാഹചര്യം ഒരു സംസ്ഥാനത്തും നിലവിലില്ലെന്നാണ് ഹർജിക്കാരന്റെ വാദം.
കുട്ടി സൗഹൃദമായ അന്തരീക്ഷത്തിലെ അവർക്ക് എല്ലാം തുറന്നുപറയാനാകൂ. കുട്ടി സ്വതന്ത്രമായി മൊഴി കൊടുക്കാൻ തയ്യാറാകണം. മുതിർന്നവരെ ചോദ്യം ചെയ്യുന്നതു പോലെയുള്ള സാഹചര്യം ഉണ്ടാകാൻ പാടില്ല. അതിന് പറ്റിയ ആകർഷകമായ ഫെസിലിറ്റേഷൻ സെൻ്റർ ഒരുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. എല്ലാ ജില്ലയിലും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ വീഡിയോ കോൺഫറൻസ് വഴി ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കുട്ടികളുടെ മൊഴിയെടുപ്പ് ബാലസൗഹൃദ അന്തരീക്ഷത്തിലാകേണ്ടതുണ്ട്. കൊവിഡ് കാലമായതിനാൽ ഇപ്പോൾ കുട്ടികളെ നേരിട്ട് കോടതിയിലെത്തിക്കാൻ തടസമുള്ളതിനാൽ വിഡിയോ കോൺഫറൻസിങ്ങിനു സ്ഥിരം സംവിധാനം ഉണ്ടാക്കാൻ നടപടി സ്വീകരിക്കുമെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha