പൊലീസ് ആസ്ഥാനത്ത് ഡ്യൂട്ടി സമയത്ത് മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ മൊബൈല്‍ഫോണ്‍ വിനോദങ്ങളില്‍ മുഴുകുന്നത് വിലക്കി സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്

പൊലീസ് ആസ്ഥാനത്ത് ഡ്യൂട്ടി സമയത്ത് മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ മൊബൈല്‍ഫോണ്‍ വിനോദങ്ങളില്‍ മുഴുകുന്നത് വിലക്കി സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് .
ഓഫീസ് സമയത്ത് മൊബൈലിനെ വിനോദ ഉപാധിയായി കാണരുതെന്നും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഫോണ്‍ ഉപയോഗിക്കാവൂവെന്നും ഉത്തരവില്‍ പറയുന്നു. മിനിസ്റ്റീരിയില്‍ ജീവനക്കാര്‍ ജോലിയില്‍ വീഴ്ച വരുത്തുന്നതിനെതിരെ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ഓഫിസ് സമയത്ത് മറ്റ് ആവശ്യങ്ങള്‍ക്കായി ബ്രാഞ്ചിലെ എല്ലാവരും പുറത്തു പോകുന്ന അവസ്ഥ അനുവദിക്കില്ല. ജീവനക്കാര്‍ അച്ചടക്കത്തോടെ ജോലി ചെയ്യുന്നുണ്ടെന്ന് മാനേജര്‍മാര്‍ ഉറപ്പാക്കണം. ഇല്ലെങ്കില്‍ മാനേജര്‍ക്കും വീഴ്ചവരുത്തിയ ജീവനക്കാര്‍ക്കും എതിരെ നടപടി സ്വീകരിക്കും.
അപേക്ഷ നല്‍കാതെ ദിവസങ്ങളോളം അവധിയില്‍ തുടരുന്ന പ്രവണതയും ഇനി അനുവദിക്കില്ല. പൊലീസ് ആസ്ഥാനത്തെ ഓഫീസ് അറ്റന്‍ഡര്‍മാര്‍ ഒഴികെയുള്ള മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ 10.15ന് മുമ്പ് ഓഫീസില്‍ ഹാജരാകണം.
ഓഫീസ് സമയത്ത് പുറത്തു പോകാന്‍ മേലധികാരിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. പുറത്തു പോകുന്നവര്‍ ജൂനിയര്‍ സൂപ്രണ്ടുമാര്‍ സൂക്ഷിക്കുന്ന രജിസ്റ്ററില്‍ എവിടെയാണ് പോകുന്നതെന്നും തിരികെ വന്ന സമയവും രേഖപ്പെടുത്തണം.
ഓഫീസ് സമയത്ത് കൃത്യമായി എത്താന്‍ കഴിയാത്ത ജീവനക്കാര്‍ ആ വിവരം സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ടിനെ അറിയിക്കണം. ഓഫീസ് ആവശ്യങ്ങള്‍ക്ക് ജീവനക്കാര്‍ക്ക് അനുവദിച്ച സിം എപ്പോഴും പ്രവര്‍ത്തനക്ഷമമായിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
"
https://www.facebook.com/Malayalivartha