മാസ്കിട്ട് സോപ്പിട്ട് ഗ്യാപ്പിട്ടുള്ള ജീവിതം തുടങ്ങിയിട്ട് ഇന്നേക്ക് രണ്ടാണ്ട്!! ഓക്‌സിജന്‍ ക്ഷാമം മൂലം രോഗികള്‍ മരിക്കുന്നതും മൃതദേഹങ്ങള്‍ നദികളില്‍ ഒഴുക്കുന്നതിനും സാക്ഷിയായി രാജ്യം; മഹാമാരിയുടെ ദിനങ്ങൾ...

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം തികഞ്ഞു. 2020 ജനുവരി 30ന് ചൈനയിൽ നിന്ന് തൃശൂരിലെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ച വിദ്യാർത്ഥിനി രണ്ടാഴ്ചയ്‌ക്ക് ശേഷം സുഖം പ്രാപിച്ചു. കൃത്യമായ രോഗ നിർണയത്തിലൂടെയും ക്വാറന്റൈൻ സജ്ജീകരണത്തിലൂടെയും ആദ്യത്തെ കേസുകളെ വരുതിയിലാക്കാൻ കഴിഞ്ഞിരുന്നു. പിന്നീടാണ് കൊവിഡിന്റെ പിടിവിട്ടത്. ആദ്യഘട്ടത്തില്‍ വിദേശത്ത് നിന്നെത്തിയവരിലോ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലോ മാത്രം ഒതുങ്ങി നിന്ന കൊവിഡ് പതിയെ യാത്ര പശ്ചാത്തലം ഇല്ലാത്തവരിലും ബാധിച്ചു.
കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപിക്കാന്‍ തുടങ്ങിയതോടെ 2020 മാര്‍ച്ച് 24 ന് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. 519 കേസുകളും 9 മരണവുമായിരുന്നു ലോക്ഡൗണ്‍ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാൽ ലോക്ഡൗണിലൂടെ രോഗത്തെ പൂർണമായും നിയന്ത്രിക്കാനാകില്ലെന്ന് ബോധ്യമായതോടെ നിയന്ത്രണങ്ങളിൽ പതിയെ ഇളവ് വന്നു. നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും രണ്ടാം തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പ് ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തി. 2021 ജനുവരി പതിനാറ് മുതല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ചു. എട്ടോളം വാക്‌സിനുകള്‍ക്ക് രാജ്യം അനുമതി നല്‍കിയെങ്കിലും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡും ഭാരത് ബയോടെകിന്റെ കൊവാക്‌സിനുമാണ് ഭൂരിഭാഗം പേരും തെരഞ്ഞെടുത്തത്.
അതിനിടെ രണ്ടാം തരംഗം ഇന്ത്യയില്‍ ആഞ്ഞടിച്ചു. ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു. ഓക്‌സിജന്‍ ക്ഷാമം മൂലം രോഗികള്‍ മരിക്കുന്നതും മൃതദേഹങ്ങള്‍ നദികളില്‍ ഒഴുക്കുന്നതിനും രാജ്യം സാക്ഷിയായി. രണ്ടാം തരംഗം അവസാനിക്കുമെങ്കിലും പുതിയ തരംഗം വരുമെന്ന് മുന്നറിയിപ്പ് നല്‍കിയ വിദ്ഗധര്‍ ജാഗ്രത വേണമെന്ന് തുടര്‍ച്ചയായി ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഇതിനിടെ കൊവിഡിന്റെ പലതരത്തിലുള്ള വകഭേദങ്ങള്‍ വന്നു. ചിലത് വലിയ കുഴപ്പമില്ലാതെ കടന്നുപോയെങ്കിലും ഡെല്‍റ്റയും ഒമിക്രോണും നാശം വിതച്ചു. മൂന്നാം തരംഗത്തിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ ഈ വകഭേദങ്ങളാണ് കൂടുതൽ ഭീഷണി ഉയര്‍ത്തിയത്. എന്നാല്‍ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കിയ രാജ്യം 165 കോടി ഡോസ് വാക്‌സിന്‍ ഇതുവരെ കൊടുത്തു.
ഇതിന് ശേഷം ബൂസ്റ്റര്‍ ഡോസ് അഥവാ കരുതല്‍ ഡോസ് വിതരണവും ഈ വര്‍ഷം രാജ്യം ആരംഭിച്ച് കഴിഞ്ഞു. ആളുകളുടെ ജീവിതരീതിയും കാഴ്‌ചപ്പാടും മാറ്റിമറിച്ച നാളുകളാണ് കൊവിഡ് മഹാമാരി കാലഘട്ടത്തുണ്ടായത്. വീട്ടിലിരുന്നും ജോലി ചെയ്യാമെന്ന് തെളിഞ്ഞതോടെ തൊഴിൽ സംസ്‌കാരത്തിലും മാറ്റം വന്നു. നിലവിൽ പല ജില്ലകളിലും അയ്യായിരത്തിലധികം പേർക്കാണ് പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നത്.
https://www.facebook.com/Malayalivartha