സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട പെൺകുട്ടിയ്‌ക്കൊപ്പം വാൽന്റയിൻസ് ദിനം ആഘോഷിക്കാൻ വാടകയ്‌ക്കെടുത്ത കാറിൽ ആലുവയിൽ നിന്നും കോട്ടയം കുമാരനല്ലൂരിൽ എത്തി; ഇന്നോവയിൽ എത്തിയ കുട്ടികളുടെ സംഘത്തെ നാട്ടുകാർ തടഞ്ഞ് വച്ച് പൊലീസിൽ ഏൽപ്പിച്ചു; ആഘോഷദിനത്തിൽ പുലിവാൽ പിടിച്ച് കുട്ടികൾ

സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട പെൺകുട്ടിയ്‌ക്കൊപ്പം വാലന്റയിൻസ് ദിനം ആഘോഷിക്കാൻ ആലുവയിൽ നിന്നും വാടകയ്‌ക്കെടുത്ത ഇന്നോവയിൽ കോട്ടയം കുമാരനല്ലൂരിൽ എത്തിയ നാലു കുട്ടികളെ നാട്ടുകാർ തടഞ്ഞു വച്ചു. നാട്ടുകാർ തടഞ്ഞ കുട്ടികളെ ചോദ്യം ചെയ്ത ശേഷം ഗാന്ധിനഗർ പൊലീസിൽ ഏൽപ്പിച്ചു. തുടർന്നു കുട്ടികളെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുന്നതിനാണ് പൊലീസ് ആലോചിക്കുന്നത്.
വാലന്റയിൻസ് ദിനമായ തിങ്കളാഴ്ച ഉച്ചയോടെ കുമാരനല്ലൂരിലായിരുന്നു സംഭവം. ആലുവയിൽ നിന്നുള്ള നാലംഗ സംഘമാണ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കുമാരനല്ലൂർ സ്വദേശിയായ പെൺകുട്ടിയെ കാണാൻ എത്തിയത്. ആലുവയിൽ നിന്നും വാടകയ്ക്ക് എടുത്ത ഇന്നോവയിലായിരുന്നു കുട്ടികളുടെ വരവ്. കുമാരനല്ലൂർ ഭാഗത്ത് എത്തിയ കുട്ടികൾ വഴിയറിയാതെ സംശയത്തിൽ തപ്പിത്തിരക്കുകയായിരുന്നു. ഇതോടെ സംശയം തോന്നിയ നാട്ടുകാരിൽ ചിലർ കുട്ടികളെ തടഞ്ഞു വച്ചു.
തുടർന്ന് ചോദ്യം ചെയ്തതോടെയാണ് കുട്ടികളുടെ സംഘം വാലന്റയിൻസ് ഡേ ആഘോഷിക്കുന്നതിനായി എത്തിയതാണെന്നും കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്ത് എത്തി കുട്ടികളെ സ്റ്റേഷനിലേയ്ക്കു കൊണ്ടു പോയി. തുടർന്നു കുട്ടികളെ മാതാപിതാക്കളെ വിളിച്ചു വരുത്തിയ ശേഷം നാട്ടിലേയ്ക്കു വിട്ടയക്കുന്നതിനു തയ്യാറെടുക്കുകയാണ് പൊലീസ്.
വാലന്റയിൻസ് ദിനത്തിൽ പോലും സദാചാരപ്രവർത്തനം നടത്തിയ നാട്ടുകാരുടെ പ്രവർത്തിൽ പ്രദേശത്ത് തന്നെയുള്ള ചിലർ അമർഷം പ്രകടിപ്പിച്ചിട്ടുണ്ട്. എന്തിനാണ് സ്വകാര്യതയിൽ ഇടപെടേണ്ട ആവശ്യമെന്നു നാട്ടുകാരിൽ ചിലരും ചോദിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ മാത്രമാണ് പൊലീസ് ഇവരുടെ ബന്ധുക്കളെ വിളിച്ചു വരുത്തി ഒപ്പം അയക്കുന്നതെന്നും വിവരമുണ്ട്.
https://www.facebook.com/Malayalivartha