പോലീസ് പിടികൂടിയത് മോഷണക്കേസിൽ; സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ വിവരം പുറത്തുവന്നത് പൊലീസിന്റെ ആ ഒരു ചോദ്യത്തിൽ! വിദേശത്തേക്ക് കടക്കാൻ ഫിറോസ് ശ്രമിച്ചത് തർക്കത്തിൽ കലാശിച്ചു! മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മൊഴി നൽകി ഫിറോസ്; ആഷിഖിന്റെ മൃതദേഹം തന്നെയാണെന്ന് പിതാവ് ഇബ്രാഹീം

പാലക്കാട് ഒറ്റപ്പാലം കൊലപാതകത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. പ്രതി ഫിറോസും മരിച്ച ആഷിഖും ആറിലധികം കേസുകളിൽ പ്രതികളാണ് എന്നാണ് പോലീസ് നൽകുന്ന വിവരം. ഫിറോസ് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചതാണ് ഇരുവർക്കുമിടയിൽ തർക്കമുണ്ടാവാൻ കാരണമായത്. ഇതേതുടർന്ന് തർക്കം കൊലപാതകത്തിൽ കലാശിച്ചെന്നും പൊലീസ് ചൂണ്ടിക്കാണിച്ചു.
ഒറ്റപ്പാലം പാലപ്പുറത്ത് കഴിഞ്ഞ ദിവസമാണ് സുഹൃത്തിനെ കൊന്ന് കുഴിച്ച്മൂടിയതായി പ്രതി പൊലീസിന് മൊഴി നൽകിയത്. മോഷണക്കേസിൽ പിടിയിലായ പ്രതി മുഹമ്മദ് ഫിറോസിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ലക്കിടി സ്വദേശി മുഹമ്മദ് ആഷിഖിനെ കൊലെപ്പടുത്തിയ കാര്യം വെളിപ്പെടുത്തിയത്. പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹ അവശിഷ്ടങ്ങൾ ലഭിക്കുകയുണ്ടായി. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസിനെ മോഷണ കേസിലാണ് പട്ടാമ്പി പൊലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനിടെയാണ് കൊലപാതക വിവരം ഫിറോസ് പൊലീസിനോട് പറഞ്ഞത്.പാലപ്പുറത്തെ പറമ്പിൽ ആഷിഖിനെ കുഴിച്ച്മൂടിയിട്ടുണ്ടെന്നാണ് മൊഴി നൽകിയത്.
ഇതിനുപിന്നാലെ പട്ടാമ്പി, ഒറ്റപ്പാലം സ്റ്റേഷനുകളിലെ പൊലീസുകാരും , ഫോറൻസിക് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒറ്റപ്പാലം പാലപ്പുറത്തെ അഴീക്കൽ പറമ്പിൽ നിന്നാണ് പാലപ്പുറം ഐക്കരപറമ്പ് കയലത്ത് വീട്ടിൽ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ആഷിഖിന്റേതെന്ന് (24) സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തത്. ജീർണിച്ച നിലയിലാണ് മൃതദേഹം. ആഷിഖിന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കൈയിൽ കെട്ടിയ ചരടും വിരലിലെ മോതിരവും കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
അതോടൊപ്പം തന്നെ ഡി.എൻ.എ പരിശോധന നടത്തി മൃതദേഹം ആഷിഖിന്റേതാണെന്ന് ശാസ്ത്രീയമായി ഉറപ്പാക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിനായി ബന്ധുക്കളുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നതാണ്.
അതേസമയം 2015ൽ ഒരു മൊബൈൽ ഷോപ്പിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഫിറോസിനെ കഴിഞ്ഞ് ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതിയായ ആഷിഖ് എവിടെയാണെന്ന ചോദ്യത്തിനായിരുന്നു താൻ കൊന്ന് കുഴിച്ചുമൂടിയെന്ന് പ്രതി മൊഴി നൽകിയത്. കഴിഞ്ഞ ഡിസംബർ 17ന് രാത്രി ഈസ്റ്റ് ഒറ്റപ്പാലത്തെ മിലിട്ടറി ഗ്രൗണ്ടിൽ വച്ചാണ് കൊലപ്പെടുത്തിയത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ ആഷിഖ് കത്തിയെടുത്ത് തന്നെ കുത്താൻ ശ്രമിച്ചു. കത്തി പിടിച്ചുവാങ്ങി ആഷിഖിന്റെ കഴുത്തിൽ കുത്തി.
തുടർന്ന് മൃതദേഹം പെട്ടിഓട്ടോയിൽ കയറ്റി പാലപ്പുറം ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് കുഴിച്ചിടുകയായിരുന്നു എന്നാണ് ഇയാൾ മൊഴി നൽകിയത്. കൂടാതെ ഇരുവരും കഞ്ചാവ് കടത്ത് സംഘത്തിൽ ഉൾപെട്ടവരാണെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha