ഈ വര്‍ഷത്തെ കീം പ്രവേശന പട്ടികയില്‍ മാറ്റമില്ല

കേരള എന്‍ജിനീയറിങ് പ്രവേശന (കീം) നടപടികളില്‍ ഇടപെടാനില്ലെന്ന് സുപ്രീംകോടതി. കീം പ്രവേശനം കോടതി തടഞ്ഞില്ല. ഈ വര്‍ഷത്തെ പ്രവേശന പട്ടികയില്‍ മാറ്റമില്ല. പ്രവേശനം തടയാതെ നാലാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ ഫയല്‍ ചെയ്യുന്നില്ലെന്ന് സര്‍ക്കാരും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
കാര്യമായ നിയമപ്രശ്‌നങ്ങളില്ലെങ്കില്‍ ഇക്കൊല്ലത്തെ കേരള എന്‍ജിനീയറിങ് പ്രവേശന (കീം) നടപടികളില്‍ ഇടപെടില്ലെന്നു സുപ്രീം കോടതി ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു. പ്രോസ്‌പെക്ടസ് ഭേദഗതിചെയ്ത ശേഷം പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ കേരള സിലബസിലെ 12 വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രോസ്‌പെക്ടസില്‍ കേരള സര്‍ക്കാര്‍ വരുത്തിയ മാറ്റത്തെ സംശയിക്കുന്നില്ല.
എന്നാല്‍, പുതിയ നയം കൊണ്ടുവരുമ്പോള്‍ അക്കാര്യം മുന്‍കൂട്ടി പ്രഖ്യാപിക്കണമായിരുന്നുവെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സാങ്കേതിക സര്‍വകലാശാലയുടെ (കെടിയു) കീഴിലുള്ള എന്‍ജിനീയറിങ് കോളജുകളില്‍ പ്രവേശനത്തിന് ഓപ്ഷന്‍ നല്‍കാനുള്ള അവസാന തീയതി ഓഗസ്റ്റ് രണ്ടിലേക്കു നീട്ടാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് തീരേണ്ടിയിരുന്ന ഓപ്ഷന്‍ സമയപരിധി 18നു വൈകിട്ടു 4 വരെ നീട്ടി പ്രവേശനപരീക്ഷാ കമ്മിഷണര്‍ ഇന്നലെ ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോടതിയുടെ പുതിയ ഉത്തരവു വന്നത്.
https://www.facebook.com/Malayalivartha