തോല്‍ക്കില്ലെന്നുറച്ച് സെലെന്‍സ്‌കി... ശക്തമായ റഷ്യന്‍ ആക്രമണത്തിനിടയിലും പതറാതെ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി; പട്ടാളക്കാരോടൊപ്പം ജീവിച്ച് പ്രസിഡന്റ്; സെലെന്‍സ്‌കിയുടെ പത്രസമ്മേളനം മാര്‍ബിള്‍ പടവുകളില്‍; അനുകമ്പയോടെ ജനങ്ങള്‍

ഒരു ഭരണാധികാരിയ തന്റെ ജനങ്ങളെ രക്ഷിക്കാനുള്ള പെടാപ്പാട് ലോകം അറിയുകയാണ്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ ജീവിതം വെളിവാകുന്നതാണ് ഇന്നലത്തെ പത്രസമേമളനം.
യുക്രെയ്ന്‍ പതാക നിവര്‍ത്തിയൊരുക്കിയ പശ്ചാത്തലത്തില്‍ മാര്‍ബിള്‍ പടവുകളില്‍ നിന്ന് സെലെന്‍സ്‌കി മാധ്യമങ്ങളോടു സംസാരിച്ചു. ടിവി ക്യാമറകളുടെ ലൈറ്റ് പ്രകാശം പരത്തിയ മുറിയിലേക്ക് സായുധരായ പട്ടാളക്കാര്‍ക്കിടയില്‍ നിന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ഇറങ്ങി വന്നു. ക്ഷീണിതമെങ്കിലും പ്രകാശം തുടിക്കുന്ന കണ്ണുകള്‍, ഷേവ് ചെയ്യാത്ത മുഖം. ഒലിവ് നിറമുള്ള ടീഷര്‍ട്ടും പാന്റും സൈനിക ഷൂസും വേഷം.
റഷ്യന്‍ ആക്രമണം ശക്തമാകുമ്പോഴും ഭീതിയില്ലാതെ മുന്നില്‍നിന്നു പോരാടുന്ന യുക്രെയ്ന്‍ പ്രസിഡന്റ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു സംസാരിച്ചത് തലസ്ഥാന നഗരത്തിലെ സോവിയറ്റ് കാലത്തെ ഓഫിസ് കെട്ടിടത്തില്‍ വച്ചാണ്. കര്‍ട്ടനിട്ടു മറച്ച ജനാലകള്‍ക്കരികില്‍ മണല്‍ച്ചാക്കുകള്‍ നിരത്തിയിരുന്നു.
ഇതു ഞങ്ങളുടെ രാജ്യം സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ്. ഈ നാടും വീടും ഇവിടത്തെ കുട്ടികളുടെ ഭാവിയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടം. യുക്രെയ്‌നിനു പിന്തുണ നല്‍കാന്‍ രാജ്യാന്തര സമൂഹം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും സെലെന്‍സ്‌കി പറഞ്ഞു.
അതേസമയം യുക്രെയ്‌നില്‍ റഷ്യന്‍ സേനാനീക്കവും ആക്രമണവും അതിരൂക്ഷ സ്ഥിതിയിലേക്കു കടന്നതോടെ ഹര്‍കീവ് നഗരനിവാസികള്‍ മുള്‍മുനയില്‍. യുക്രെയ്‌നെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനുള്ള ഉത്തരവാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ നല്‍കിയിരിക്കുന്നതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞതു ശരിയായിരിക്കാമെന്നു വ്യക്തമാക്കിയാണ് പടനീക്കം ഉഗ്രരൂപം പ്രാപിച്ചത്.
വലിയതോതിലുള്ള ആക്രമണത്തിനാണു റഷ്യന്‍ പദ്ധതിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നഗരം പൂര്‍ണമായി വളഞ്ഞ്, വ്യോമാക്രമണത്തിലൂടെ നാശനഷ്ടവും അവശ്യസാധന ക്ഷാമവും സൃഷ്ടിക്കുകയാണ് റഷ്യന്‍ തന്ത്രമെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. റഷ്യന്‍ സേന പല സംഘങ്ങളായി തിരിഞ്ഞ് റോക്കറ്റാക്രമണത്തിനുള്ള ബഹുതല സംവിധാനങ്ങള്‍ സജീവമാക്കി ജനവാസകേന്ദ്രങ്ങളില്‍ വ്യോമാക്രണം ശക്തമാക്കിയിരിക്കുകയാണ്. ചെച്‌നിയയിലും സിറിയയിലും റഷ്യ സ്വീകരിച്ച ആക്രമണ തന്ത്രമാണിത്.
സുമി മേഖലയിലെ കൊനോടോപ് നഗരത്തിലെ മേയര്‍ക്ക് കീഴടങ്ങാന്‍ അന്ത്യശാസനം ലഭിച്ചു. ചെറുത്തുനില്‍പിനു തുനിഞ്ഞാല്‍ നഗരം നാമാവശേഷമാക്കുമെന്നാണ് റഷ്യന്‍ സേനയുടെ മുന്നറിയിപ്പ്. ഹര്‍കീവില്‍ ഷെല്ലിങ് അനുനിമിഷം ശക്തമാകുകയാണ്. റഷ്യക്കാര്‍ക്കു മുന്നില്‍ കീഴടങ്ങാന്‍ ഉദ്ദേശ്യമില്ലെന്ന് മേയര്‍ പ്രഖ്യാപിച്ചു. നഗരത്തില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായേക്കുമെന്ന ആശങ്കയുണ്ട്. മരിയുപോളില്‍ 12 മണിക്കൂര്‍ നിലയ്ക്കാതെ നടന്നെന്ന് മേയര്‍ വഡിം ബൊയിചെന്‍കോ അറിയിച്ചു.
കീഴടക്കിയെന്ന് റഷ്യ അവകാശപ്പെടുന്ന മെലിറ്റോപോള്‍ നഗരത്തില്‍ ഇപ്പോഴും ജനകീയ ചെറുത്തുനില്‍പു തുടരുന്നു. കിഴക്കന്‍ യുക്രെയ്‌നിലെ ഗൊര്‍ലോവ്ക നഗരം ഇപ്പോഴും യുക്രെയ്ന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
ഹര്‍കീവ് വിട്ടുപോകാനുള്ള എംബസി നിര്‍ദേശം ഇന്ത്യന്‍ വിദ്യാര്‍ഥികളെ കനത്ത ആശങ്കയിലാക്കി. ബങ്കറിനു പുറത്തുപോലുമിറങ്ങാന്‍ കഴിയാത്ത വിധം ഏതു നിമിഷവും മിസൈലാക്രമണം നടക്കാന്‍ സാധ്യതയുള്ളപ്പോള്‍ എങ്ങനെ അത്രയും ദൂരം നടക്കുമെന്നറിയാതെ വിദ്യാര്‍ഥികള്‍ നിസഹായരാണ്.
"
https://www.facebook.com/Malayalivartha

























